
നമ്മുടെ അച്ഛനമ്മമാർ ഒരിക്കൽ കണ്ട സ്വപ്നങ്ങൾ അവർക്ക് വേണ്ടി നടത്തിക്കൊടുക്കണം എന്ന് മിക്ക മക്കളും സ്വപ്നം കാണാറുണ്ട്. അതിനുവേണ്ടി പഠിക്കുകയും കഷ്ടപ്പെടുകയും ഒക്കെ ചെയ്യുന്നവരുണ്ട്. തെലങ്കാനയിൽ നിന്നുള്ള പ്രോഗ്രാമറായ സഞ്ജീവ റെഡ്ഡി തല്ലയും അതുപോലെ ഒരു മകനായിരുന്നു. ഇപ്പോൾ യുകെയിലാണ് സഞ്ജീവ റെഡ്ഡി സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ മാതാപിതാക്കൾ ആദ്യമായി വിമാനത്തിൽ കയറിയതിനെ കുറിച്ചും യുകെയിലേക്ക് വന്നതിനെ കുറിച്ചുമെല്ലാമാണ് സഞ്ജീവ റെഡ്ഡി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രകാരം, തെലങ്കാനയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സഞ്ജീവയുടെ മാതാപിതാക്കൾ ജനിച്ചതും വളർന്നതും ജീവിച്ചതും എല്ലാം. ഒരിക്കലും അവരുടെ സംസ്ഥാനത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് അവർ കാലെടുത്തുവച്ചിട്ടില്ല.
ഗ്രാമത്തിലെ വയലുകളിൽ ഒരുമിച്ച് ഇരിക്കുന്ന മാതാപിതാക്കളുടെ ചിത്രങ്ങളോടെയാണ് സഞ്ജീവയുടെ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് യുകെയിൽ സഞ്ജീവയുടെയും ഭാര്യയുടെയുടെയും കുട്ടിയുടെയും കൂടെ മാതാപിതാക്കളിരിക്കുന്നതും കാണാം. വീഡിയോയുടെ ക്യാപ്ഷനിൽ തന്റെ പ്രയാസം നിറഞ്ഞ കുട്ടിക്കാലത്തെ കുറിച്ചും സഞ്ജീവ പറയുന്നുണ്ട്. കീറിയ ട്രൗസറിട്ടും, ചാക്കുകളിൽ പുസ്തകമിട്ടും സ്കൂളിൽ പോയിരുന്ന കാലം അയാൾ അതിൽ ഓർമ്മിക്കുന്നു.
തന്റെ അമ്മയ്ക്ക് ഒപ്പിടാൻ പോലും സ്വന്തം പേരെഴുതാനറിയില്ല, അച്ഛനും വിദ്യാഭ്യാസമില്ല, അവർ പാടത്താണ് പണിയെടുത്തിരുന്നത്. ഇപ്പോഴവർ മകനൊപ്പം യുകെയിൽ എത്തിയിരിക്കുന്നു എന്നും സഞ്ജീവ പറയുന്നു. നമ്മൾ എന്തൊക്കെയുണ്ടാക്കുന്നു എന്നതിനേക്കാളുപരി ഈ നിമിഷമാണ് ഏറ്റവും വിലപ്പെട്ടത് എന്നും സഞ്ജീവ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കാണാം. അച്ഛനും അമ്മയ്ക്കും ഇത്തരം ഒരു നിമിഷം സമ്മാനിച്ചത് സഞ്ജീവയിലുണ്ടാക്കിയ സന്തോഷം എത്ര വലുതാണ് എന്ന് പോസ്റ്റിൽ കാണാം. നിരവധിപ്പേരാണ് സഞ്ജീവ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഏതൊരു മക്കളും ആഗ്രഹിക്കുന്ന കാര്യമാണ് ഇത് എന്നും ഇതിൽപ്പരം എന്താണ് വേണ്ടത് എന്നും പലരും കമന്റിൽ പറയുന്നു.