ജയിലിലെ കലാപസമയത്ത് സ്ത്രീതടവുകാരെ പീഡിപ്പിച്ചു, ​ഗർഭിണിയാക്കി, പത്ത് പുരുഷ തടവുകാർ കുറ്റക്കാർ

By Web TeamFirst Published Jan 21, 2022, 2:59 PM IST
Highlights

800 തടവുകാരെ പാർപ്പിക്കാൻ നിർമ്മിച്ച ജയിലിൽ സംഭവസമയത്ത് 2,000 -ത്തോളം പേർ തടങ്കലിൽ ആയിരുന്നെന്ന് സംഘം പറഞ്ഞു. ഈ സ്ഥാപനത്തിൽ ശുചിത്വമില്ലായ്മയടക്കം പല പോരായ്മകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. കലാപം പൊട്ടിപ്പുറപ്പെടുമെന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുമുണ്ടായിരുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ(Democratic Republic of Congo)യിലെ തിങ്ങിനിറഞ്ഞൊരു ജയിലിൽ കലാപത്തിനിടെ നിരവധി വനിതാ തടവുകാരെ ബലാത്സംഗം ചെയ്തതിന് പത്ത് തടവുകാർ(Ten prisoners) കുറ്റക്കാരാണെന്ന് കണ്ടെത്തി. 2020 -ൽ ലുബുംബാഷി(Kasapa Central Prison near Lubumbashi)ക്ക് സമീപമുള്ള കസപ( സെൻട്രൽ ജയിലിൽ മൂന്ന് ദിവസത്തെ കലാപത്തിനിടെ തങ്ങൾ ആവർത്തിച്ച് ബലാത്സംഗത്തിനിരയായതായി 37 സ്ത്രീകളും ഒരു കൗമാരക്കാരിയും മൊഴി നൽകി. ചില സ്ത്രീ തടവുകാർ ഗർഭിണികളാകുകയും എച്ച്ഐവി ഉൾപ്പടെയുള്ള ലൈംഗികമായി പകരുന്ന രോ​ഗങ്ങൾ പിടിപെടുകയും ചെയ്തു. സംഭവത്തിൽ 10 പേർക്ക് പിഴയും 15 വർഷം അധിക തടവും വിധിച്ചു.

ചില അന്തേവാസികൾ തെളിവ് നൽകാൻ വളരെയധികം ഭയപ്പെട്ടിരുന്നുവെങ്കിലും, കലാപത്തിനിടെ തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടതായി ഡസൻ കണക്കിന് സ്ത്രീകൾ പിന്നീട് സൈനിക പ്രോസിക്യൂട്ടറുടെ മുമ്പാകെ മൊഴി നൽകി. പീഡിപ്പിക്കപ്പെട്ടവരുടെ അഭിഭാഷകയായ മെലാനി മുംബ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു: "നീതി നേടാനുള്ള നീണ്ട പോരാട്ടത്തിന് ശേഷം വിധിയിൽ ഞങ്ങൾ സംതൃപ്തരാണ്".

2020 സപ്തംബറിലാണ് പുരുഷ തടവുകാർ ജയിൽ പിടിച്ചടക്കിയത്. 16 വയസുള്ള പെൺകുട്ടിയെ അടക്കം അന്ന് അവർ പീഡിപ്പിച്ചു. സ്ത്രീകളും പെൺകുട്ടികളും സംഘർഷത്തെ തുടർന്ന് പുറത്ത് ഉറങ്ങാൻ നിർബന്ധിക്കപ്പെട്ട സമയത്തായിരുന്നു ഇത്. സ്ത്രീകളുടെ വിഭാ​ഗത്തിന് അന്നവർ തീയിട്ടു. സുരക്ഷാ സേന നിയന്ത്രണം വീണ്ടെടുക്കുന്നതിന് മുമ്പ് നടന്ന അക്രമത്തിൽ 20 ഓളം തടവുകാരും ഒരു ജയിൽ ഗാർഡും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ (HRW) റിപ്പോർട്ടുകളിൽ കൂട്ട ബലാത്സംഗങ്ങൾ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

800 തടവുകാരെ പാർപ്പിക്കാൻ നിർമ്മിച്ച ജയിലിൽ സംഭവസമയത്ത് 2,000 -ത്തോളം പേർ തടങ്കലിൽ ആയിരുന്നെന്ന് സംഘം പറഞ്ഞു. ഈ സ്ഥാപനത്തിൽ ശുചിത്വമില്ലായ്മയടക്കം പല പോരായ്മകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. കലാപം പൊട്ടിപ്പുറപ്പെടുമെന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുമുണ്ടായിരുന്നു. എന്നാൽ, ഉദ്യോ​ഗസ്ഥർ അത് തള്ളിക്കളയുകയായിരുന്നു. "10 തടവുകാരെ പ്രോസിക്യൂട്ട് ചെയ്യുന്നത് ആദ്യ പടിയായി മാത്രമേ കാണേണ്ടതുള്ളൂ" എന്ന് എച്ച്ആർഡബ്ല്യുവിലെ മുതിർന്ന ഡിആർ കോംഗോ ഗവേഷകനായ തോമസ് ഫെസി ബിബിസിയോട് പറഞ്ഞു.

കലാപസമയത്ത് ജയിലിൽ തടവിലായിരുന്ന 56 സ്ത്രീകളിൽ 37 സ്ത്രീകളും ഒരു കൗമാരക്കാരിയും ലുബുംബാഷിയുടെ പബ്ലിക് പ്രോസിക്യൂട്ടർക്ക് മൊഴി നൽകി. സംഭവസമയത്ത് അന്തേവാസികൾക്ക് സംരക്ഷണം നൽകുന്നതിലും സുരക്ഷിതത്വം നൽകുന്നതിലും കോംഗോ ഭരണകൂടം പരാജയപ്പെട്ടുവെന്നും ഫെസി പറഞ്ഞു. 16 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ഏഴ് തടവുകാരെങ്കിലും സംഭവത്തിനിടയിൽ ഗർഭിണികളായതായി 2021 -ൽ HRW റിപ്പോർട്ട് ചെയ്തു. ഇരകളുടെ അഭിഭാഷകരെ ഉദ്ധരിച്ച് AFP, ഗർഭിണികളുടെ എണ്ണം 16 ആയി കണക്കാക്കുന്നു.

 

click me!