
വാടക എല്ലാ മാസവും കൃത്യമായി അക്കൗണ്ടിലെത്തുന്നുണ്ട് എങ്കിൽ വീട്ടുടമകൾ മിക്കവാറും വാടകയ്‍ക്ക് നൽകിയ വീടോ വീട്ടുകാരെയോ സന്ദർശിക്കണം എന്നില്ല. അങ്ങനെ, സന്ദർശിക്കാത്ത ഒരു വീട്ടുടമ വർഷങ്ങൾക്ക് ശേഷം വാടകക്കാരന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടത്. സംഭവം യുകെയിലാണ്. ആറ് വർഷങ്ങൾക്ക് ശേഷം ഗ്യാസ് കണക്ഷൻ പരിശോധിക്കാൻ ചെന്നപ്പോഴാണ് വാടകക്കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
2017 മെയ് മാസത്തിൽ മരിക്കുമ്പോൾ റോബർട്ട് ആൾട്ടന് 76 വയസ്സായിരുന്നു പ്രായം. എന്നാൽ ഈ വർഷം മാർച്ച് 9 -നാണ് യുകെയിലെ ബോൾട്ടണിലെ ഫ്ലാറ്റിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നഗരത്തിലുടനീളം പതിനെട്ടായിരത്തിലധികം വീടുകളുള്ള ബോൾട്ടൺ അറ്റ് ഹോം ഹൗസിംഗ് കമ്പനിയുടേതാണ് വീട്.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് എന്ന് സംഭവത്തെ കുറിച്ച് ബോൾട്ടൺ അറ്റ് ഹോം സിഇഒ നോയൽ ഷാർപ്പ് പറഞ്ഞു. നിർഭാഗ്യവശാൽ റോബർട്ടിന് അങ്ങനെ വിവരം അറിയിക്കാനോ പറയാനോ ഒന്നുമുള്ള ബന്ധുക്കളില്ല. കൂടാതെ അദ്ദേഹത്തിന്റെ വാടക ഹൗസിംഗ് ബെനഫിറ്റ് പദ്ധതി പ്രകാരം എല്ലാ മാസവും കൃത്യമായി വന്നിരുന്നു. അതിനാൽ തന്നെ റോബർട്ട് മരിച്ചത് വീട്ടുടമ അറിഞ്ഞേ ഇല്ല.
“നടന്ന സംഭവം ബോൾട്ടൺ അറ്റ് ഹോമിലെ എല്ലാവരെയും വളരെയധികം ഞെട്ടിച്ചു, അദ്ദേഹത്തിന്റെ ശരീരം ഇത്രയും കാലം ആരും കണ്ടെത്താതെ കിടന്നത് ആളുകളിൽ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതുപോലെ ഉള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രമിക്കും“ എന്നും ഷാർപ്പ് പറഞ്ഞു. ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്ക് വയ്ക്കുന്നതിന് വേണ്ടി പല തവണ റോബർട്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നും ഷാർപ്പ് പറഞ്ഞു.