രാജ്ഞിയുടെ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിച്ചു? തായ് രാജാവ് ഇവരെ പുറത്താക്കിയത് എന്തിന്?

By Web TeamFirst Published Oct 23, 2019, 4:12 PM IST
Highlights

എന്തുകൊണ്ടാണ് സിനീനത്തിനെതിരെ ഇത്തരത്തിലൊരു നടപടിയെടുക്കുന്നതെന്നും രാജാവ് വ്യക്തമാക്കിയിരുന്നു. സുതിദ രാജ്ഞിയാവുന്നതില്‍ സിനീനത്തിന് ഇഷ്ടക്കേടുണ്ടായിരുന്നു. രാജ്ഞിയാവാന്‍ പറ്റാത്ത സിനീനത്ത്, സുതിദയ്ക്കെതിരെ പ്രവര്‍ത്തിക്കുകയും സ്വന്തം സ്ഥാനമുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുകയായിരുന്നു. 

തായ്‍ലന്‍ഡ് രാജാവും അദ്ദേഹത്തിന്‍റെ കൊട്ടാരവും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തായ്‍ലന്‍ഡ് രാജാവിന്‍റെ ഔദ്യോഗിക ഭാര്യ (രാജ്ഞി) കഴിഞ്ഞാല്‍, ഏറ്റവുമധികം അധികാരമുള്ള ഒരാളെക്കൂടി കൊട്ടാരത്തിലെ പദവികളില്‍ നിര്‍ത്താം. 'ജൂനിയര്‍ വൈഫ്' എന്നുപോലും അറിയപ്പെടുന്ന പദവി വഹിക്കാനൊരാള്‍. ഇപ്പോഴിതാ ആ പദവിയിലുള്ള സിനീനത്തിനെ തായ് രാജാവ് വജ്രലോങ്കോണ്‍ എല്ലാ പദവിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. ഈ ഉദ്യോഗസ്ഥ, രാജ്യത്തിന്‍റെ രാജ്ഞിയും രാജാവായ വജ്രലോങ്കോണിന്‍റെ ഭാര്യയുമായ സുതിദയുടെ സ്ഥാനം കരസ്ഥമാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാജാവ് ആരോപിച്ചു. തിങ്കളാഴ്‍ച പൊതുസമൂഹത്തിനുമുന്നില്‍ സിനീനത്തിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് രാജാവ് പ്രഖ്യാപിച്ചു. 34 വയസസ്സുകാരിയായ സിനീനത്ത് ചുമതലയെടുത്തിട്ട് മൂന്നുമാസമായതേയുള്ളൂ. സിനനത്രയ്ക്ക് നല്‍കിയിരുന്ന എല്ലാ പദവികളും ആനുകൂല്യങ്ങളും പിന്‍വലിക്കുന്നതായി 67 -കാരനായ രാജാവ് വജ്രലോങ്കോണ്‍ അറിയിച്ചു.

 

തിങ്കളാഴ്‍ച വളരെ പരുഷമായ ഭാഷയിലാണ് രാജാവ് സിനീനത്തിനെ വിമര്‍ശിച്ചത്. ബഹുമാനമില്ലാത്ത, ആദരവില്ലാത്ത, കൊട്ടാരപദവിക്ക് നിരക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സിനീനത്ത് കാണിച്ചതെന്ന് വജ്രലോങ്കോണ്‍ പറഞ്ഞു. സിനനത്ര, രാജ്യത്തെ ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി, കൊട്ടാരത്തിലെ തൊഴിലാളികളെ തമ്മിലടിപ്പിച്ചു, രാജ്യത്തെയും രാജവാഴ്‍ചയേയും ദുര്‍ബലപ്പെടുത്തുന്ന പ്രവൃത്തികളിലേര്‍പ്പെട്ടുവെന്നും രാജാവ് പറഞ്ഞു. 

മേയ് മാസത്തിലാണ് അംഗരക്ഷകയായി ഏറെക്കാലം കൂടെയുണ്ടായിരുന്ന സുതിദയെ രാജാവ് വിവാഹം ചെയ്യുന്നത്. നാല്‍പ്പത്തിയൊന്നുകാരികളായ സുതിദയും സിനീനത്തും കൊട്ടാരത്തിലെ പ്രതിരോധ യൂണിറ്റുകളിലെ അംഗങ്ങളായിരുന്നു. സുതിദ നേരത്തെ തായ് എയര്‍വേയ്‍സില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റായിരുന്നു. സിനീനത്ത് സൈന്യത്തില്‍ നേഴ്‍സും. പിന്നീട്, സിനീനത്ത് രാജാവിന്‍റെ അംഗരക്ഷകരിലൊരാളായി. നേരത്തെ മൂന്ന് തവണ വിവാഹിതനായിരുന്നു വജ്രലോങ്കോണ്‍. മൂന്ന് ഭാര്യമാരിലുമായി ഏഴ് മക്കളുമുണ്ട്. മൂന്നാമത്തെ വിവാഹമോചനത്തിനുശേഷമാണ് സുതിദയെ വിവാഹം ചെയ്യുന്നത്. ആ സമയത്ത് തന്നെ രാജാവ് ആരെ വിവാഹം ചെയ്യുമെന്നതില്‍ സംശയമുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. 

സുതിദയെ വിവാഹം ചെയ്‍തശേഷം പിന്നീട് സിനീനത്തിനെ രാജാവ് ഈ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു. നൂറ്റാണ്ടിനുശേഷമാണ് ഒരു തായ് രാജാവ് ഇങ്ങനെയൊരു പദവിയിലേക്ക് ആളെ നിയമിക്കുന്നത് എന്നും ശ്രദ്ധേയമാണ്. നേരത്തെ 1925 -ല്‍ മരണമടഞ്ഞ വജിരാവുദ്ധ് എന്ന രാജാവും സിനീനത്തിനെപ്പോലെ ഒരാളെ നിയമിച്ചിരുന്നു. അതിനുശേഷം വജ്രലോങ്കോണിന്‍റെ കാലത്താണ് ഇങ്ങനെയൊരു നിയമനം. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇത്തരത്തില്‍ കണ്‍സോര്‍ട്ടുകളെ നിയമിക്കുന്നത് സാധാരണമായിരുന്നു. 

എന്തുകൊണ്ടാണ് സിനീനത്തിനെതിരെ ഇത്തരത്തിലൊരു നടപടിയെടുക്കുന്നതെന്നും രാജാവ് വ്യക്തമാക്കിയിരുന്നു. സുതിദ രാജ്ഞിയാവുന്നതില്‍ സിനീനത്തിന് ഇഷ്ടക്കേടുണ്ടായിരുന്നു. രാജ്ഞിയാവാന്‍ പറ്റാത്ത സിനീനത്ത്, സുതിദയ്ക്കെതിരെ പ്രവര്‍ത്തിക്കുകയും സ്വന്തം സ്ഥാനമുറപ്പിറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുകയായിരുന്നുവെന്നാണ് രാജാവ് ആരോപിക്കുന്നത്. രാജ്ഞിക്ക് തൊട്ടുതാഴെയുള്ള സ്ഥാനം നല്‍കിയിട്ടും അതിലൊന്നും തൃപ്‍തി വരാതെ സിനീനത്ത് രാജ്ഞിക്ക് തുല്ല്യമെത്താനുള്ള പ്രവ‍ൃത്തികളിലേര്‍പ്പെട്ടു. വരുമാനമുണ്ടാക്കുന്നതിനും പേര് വര്‍ധിപ്പിക്കുന്നതിനുമായി അധികാരം ദുരുപയോഗപ്പെടുത്തുകയും ആളുകളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേട്ടമുണ്ടാക്കുകയും ചെയ്‍തു. രാജാവ്, രാജ്ഞിക്ക് തുല്ല്യമായ ഒരു സ്ഥാനം തനിക്ക് നല്‍കുമെന്ന് തെറ്റിദ്ധരിച്ചായിരുന്നു സിനീനത്തിന്‍റെ പ്രവൃത്തികള്‍. 

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കൊട്ടാരം വെബ്സൈറ്റില്‍ രാജാവും സിനീനത്തുമായുമുള്ള ചില ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലതെല്ലാം ഔദ്യോഗികമായ തരത്തിലുള്ളതാണെങ്കില്‍ ചിലതെല്ലാം കാഷ്വലായിട്ടുള്ള ചിത്രങ്ങളായിരുന്നു. ഫ്ലൈയിങ്, ഷൂട്ടിങ്, സ്കൈഡൈവിങ് എന്നിവയിലെല്ലാം പങ്കെടുക്കുന്ന ചിത്രങ്ങളായിരുന്നു ചിലത്. ചിലതിലാകട്ടെ, സാധാരണ രാജകീയ കുടുംബത്തില്‍ കാണപ്പെടാത്തതരത്തില്‍ അടുപ്പം പ്രകടിപ്പിക്കുന്നതായിരുന്നു. അവയില്‍ രാജാവും സിനിനത്രയും കൈകള്‍ കോര്‍ത്തിരിക്കുന്നതും കാണാമായിരുന്നു. 

വജ്രലോങ്കോണന്‍റെ സ്വകാര്യജീവിതം സംബന്ധിച്ച് നേരത്തെയും ഗോസിപ്പുകളുയര്‍ന്നിരുന്നു. എന്നാല്‍, അവയൊന്നും തന്നെ പുറത്തുപറയാനുള്ള ധൈര്യം ആളുകള്‍ക്കില്ലായിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന കഠിനമായ ശിക്ഷകളെ ഭയന്നുതന്നെയായിരുന്നു അത്. രാജാവിനെയോ രാജകുടുംബത്തിനെയോ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചാല്‍ വളരെ കഠിനമായ ശിക്ഷകളാണ് രാജ്യത്ത് നല്‍കുക. 

click me!