
ഇക്കാലത്ത് ആർക്കും നല്ലതു ചെയ്യാൻ പാടില്ല എന്ന് നാം തമാശയായും മറ്റും പറയാറുണ്ട്. അതുപോലെ തന്നെ ചിലപ്പോൾ നന്മ കരുതി ചെയ്ത ചില കാര്യങ്ങൾ വലിയ അബദ്ധമായി തീരാനും നമുക്ക് തന്നെ പണിയായി മാറാനും ഒക്കെ സാധ്യതയും ഉണ്ട്. അതുകൊണ്ട്, ഉപകാരം ചെയ്യുമ്പോൾ നോക്കിയും കണ്ടും ചെയ്യുന്നതാവും നല്ലത് അല്ലേ? അതുപോലെ, തായ്‍ലാൻഡിൽ നിന്നുള്ള ഈ യുവതി അറിഞ്ഞോ അറിയാതെയോ ഇനി ആർക്കും ഒരു ഉപകാരം ചെയ്യുമെന്ന് തോന്നുന്നില്ല.
അതേ, ഒരു യുവാവിനെ സഹായിക്കാൻ ചെന്നതാണ് യുവതി. അവർക്ക് മറ്റൊരു ഉദ്ദേശവും ഇല്ലായിരുന്നു. എന്നാൽ, അതിന്റെ പേരിൽ അവർക്ക് കാണേണ്ടി വന്നത് യുവാവിന്റെ ദേഷ്യമാണ്. സംഭവം ഇങ്ങനെയാണ്, വിനോദസഞ്ചാരിയായ യുവാവിന്റെ തലയിൽ ഒരു പാറ്റ ഇരിക്കുന്നതാണ് യുവതി കണ്ടത്. പാവമല്ലേ എന്ന് കരുതിയ യുവതി ആ പാറ്റയെ അങ്ങ് തട്ടിക്കളഞ്ഞു. എന്നാൽ, പിന്നീട് കാണുന്നത് യുവാവ് ആകെ ദേഷ്യം വന്ന് കലിതുള്ളുന്നതാണ്.
'അത് എന്റെ പെറ്റ് ആണ്' എന്ന് യുവാവ് പറയുന്നതും കേൾക്കാം. 'ദയവ് തോന്നിയ ഒരു തായ് യുവതി ഒരു വിദേശിയുടെ തലയിൽ നിന്നും പാറ്റയെ തട്ടിക്കളഞ്ഞു. എന്നാൽ ആ പാറ്റ യുവാവ് വളർത്തുന്നതായിരുന്നു' എന്ന് Kamphaeng Phet Complaints ഫേസ്ബുക്ക് പേജ് പങ്കുവച്ച വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.
യുവതി പാറ്റയെ തട്ടിക്കളഞ്ഞതിന് പിന്നാലെ യുവാവ് തന്റെ മാസ്ക് മാറ്റുന്നതും ദേഷ്യത്തോടെ അവിടമാകെ തന്റെ പെറ്റ് ആയ പാറ്റയ്ക്ക് വേണ്ടി തിരയുന്നതും കാണാം. ഒടുവിൽ അയാൾക്ക് പാറ്റയെ കിട്ടി.
വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധയാകർഷിച്ചത്. 'ഇതിപ്പോൾ ചൈന ആയിരുന്നുവെങ്കിൽ അയാളുടെ പെറ്റ് അവളുടെ ഭക്ഷണമായേനെ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് ഇതുപോലെ രസകരമായ കമന്റുകൾ നൽകിയിട്ടുണ്ട്.