വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ, അടുത്തമാസം വിതരണം ചെയ്യും

By Web TeamFirst Published May 14, 2022, 12:29 PM IST
Highlights

പ്രാദേശിക അധികൃതരെ വിവരം അറിയിച്ചുകൊണ്ട് ജൂൺ ഒമ്പതു മുതലാണ് കഞ്ചാവ് വീട്ടിൽ വളർത്താനാവുക. 

വീട്ടിൽ കഞ്ചാവ് (cannabis) കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഭൂരിഭാ​ഗവും നീക്കുകയാണ് തായ്‍ലാൻഡ്. ഇതിനോടൊപ്പം അടുത്ത മാസം രാജ്യത്തുടനീളമുള്ള വീടുകളിൽ 10 ലക്ഷം കഞ്ചാവുചെടികൾ (a million cannabis plants) വിതരണം ചെയ്യാനുള്ള പദ്ധതിയും തായ് സർക്കാർ പ്രഖ്യാപിച്ചു. ഗാർഹിക വിളകൾ പോലെ കഞ്ചാവ് ചെടികൾ വളർത്താനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ (Anutin Charnvirakul) ഈ മാസം ആദ്യം ഫേസ്ബുക്കിൽ പ്രഖ്യാപിച്ചു. കഞ്ചാവ് വളർത്തുന്നതിനും ഉപയോ​ഗിക്കുന്നതിനും മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ വേണ്ടി പ്രവർത്തിച്ചവരിൽ‌ പ്രധാനിയാണ് മന്ത്രി. 

ഇവിടെ മൂന്നിലൊന്ന് തൊഴിലാളികളും കഞ്ചാവുകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. അതിനാൽ തന്നെ തായ്‍ലാൻഡിൽ ഇതിനെ ഒരു നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 2018 -ലാണ് ഇവിടെ മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്നത്. അങ്ങനെ ചെയ്യുന്ന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ആദ്യത്തെ രാജ്യമായി തായ്‍ലാൻഡ് ഇതോടെ മാറി.

അടുത്തമാസം ചെടികൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കും. കൂടാതെ, താമസക്കാർക്ക് അവരുടെ സ്വന്തം ഉപയോ​ഗത്തിനോ അല്ലെങ്കിൽ ചെറുകിട വാണിജ്യ സംരംഭത്തിന്റെ ഭാ​ഗമായോ കഞ്ചാവ് കൃഷി ചെയ്യാം. വൻകിട ബിസിനസുകൾക്ക് ഇപ്പോഴും സർക്കാർ അനുമതി ആവശ്യമാണ്. 

“ഇത് ആളുകൾക്കും സർക്കാരിനും പ്രതിവർഷം ഏകദേശം 22,27,000 രൂപ കഞ്ചാവിൽ നിന്നും അനുബന്ധവസ്തുക്കളിൽ നിന്നും വരുമാനം ഉണ്ടാക്കാൻ സഹായിക്കും” അനുതിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പദ്ധതിയിലൂടെ തായ് സർക്കാർ ഉദ്ദേശിക്കുന്നത് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് വീട്ടിൽ വളർത്താൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അങ്ങനെ വളർന്നുവരുന്ന കഞ്ചാവ് വ്യവസായത്തിലൂടെ ഓരോ വർഷവും നൂറുകണക്കിന് മില്ല്യൺ ഡോളർ സമ്പാദിക്കാനാവും എന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ അന്തർദേശീയതലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട് തായ് സർക്കാരിന്. 

പ്രാദേശിക അധികൃതരെ വിവരം അറിയിച്ചുകൊണ്ട് ജൂൺ ഒമ്പതു മുതലാണ് കഞ്ചാവ് വീട്ടിൽ വളർത്താനാവുക. വീട്ടിൽ വളർത്തുന്ന കഞ്ചാവ് നിർബന്ധമായും മെഡിക്കൽ ​ഗ്രേഡ് ആയിരിക്കണം. എക്സ്ട്രാക്ട് ചെയ്‍തെടുക്കുന്നവയിൽ 0.2 ശതമാനത്തിൽ കൂടുതൽ ടിഎച്ച്‍സി അടങ്ങുന്നത് നിയമവിരുദ്ധമായി തന്നെ തുടരും. 

click me!