ശ്രീലങ്കയെ ബോംബിട്ടു തകർത്തവർ ചൊവ്വയിൽ നിന്നിറങ്ങിവന്നവരല്ല..!

Published : Apr 22, 2019, 01:23 PM ISTUpdated : Apr 22, 2019, 02:44 PM IST
ശ്രീലങ്കയെ ബോംബിട്ടു തകർത്തവർ ചൊവ്വയിൽ നിന്നിറങ്ങിവന്നവരല്ല..!

Synopsis

ചാവേറായി മാറാൻ തയ്യാറെടുത്തുകഴിഞ്ഞ, അല്ലെങ്കിൽ മനുഷ്യ മനസ്സുകളെ ചാവേറുകളാവാൻ പ്രേരിപ്പിക്കുന്ന മനുഷ്യർക്ക് ഒരേയൊരിടമേ ഈ ലോകത്തുള്ളൂ. അത് ഏതെങ്കിലും മാനസിക രോഗാശുപത്രിയുടെ അടഞ്ഞ സെൽ മുറികളാണ്.

ചാവേറായി ചെന്നുകേറി നൂറുകണക്കിനാളുകളെ കൊല്ലുക. എന്നിട്ട്, അവർക്കൊപ്പം മരണമടയുന്ന താൻ മാത്രം സ്വർഗ്ഗത്തിലേക്കും, തന്റെ കയ്യാൽ മരിച്ചവർ അത്രയും നരകത്തിലേക്കും പോവുമെന്ന് സങ്കൽപ്പിക്കുക.. എത്ര ഭ്രാന്തമായ ഒരു ചിന്താഗതിയാണത്. 

 ബിബിസി ഹിന്ദിയ്ക്കു വേണ്ടി വുസാത്തുള്ളാ ഖാൻ എഴുതിയ ലേഖനം. 

മുറിയ്ക്കുള്ളിൽ വാതിലടച്ചിരുന്ന് ആത്മാഹുതി ചെയ്യുന്നതിന്റെ മനഃശാസ്ത്രം എനിക്ക് മനസ്സിലാവും. വിഷം കുടിച്ചോ, ഫാനിൽ കെട്ടിത്തൂങ്ങിയോ, അല്ലെങ്കിൽ സ്വന്തം തലയിലേക്ക് വെടിയുതിർത്തോ ഒകെ ആത്മഹത്യ ചെയ്യാൻ ഒരാൾക്ക് കാരണങ്ങൾ പലതുണ്ടാവാം. എനിക്കോ നിങ്ങൾക്കോ ഒക്കെ ഒരു പക്ഷേ മനസ്സിലാക്കാൻ ഇത്തിരി പ്രയാസമുള്ള കാരണങ്ങൾ... 

എന്നാൽ- ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എനിക്കോ എന്റെ കുടുംബക്കാർക്കോ യാതൊരു ദ്രോഹവും മനസാ വാചാ കർമണാ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കൂട്ടമാളുകളെ കൊല്ലാൻ തോന്നുക. ചെറുപ്പക്കാരായ, ബാല്യം പിന്നിട്ടിട്ടില്ലാത്ത, ജീവിതത്തിന്റെ സായാഹ്നം ചെലവിട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടമാളുകളെ;  സ്ത്രീ-പുരുഷ-ശിശു ഭേദമില്ലാതെ  കൊന്നുതള്ളുക. അവർ ചാവണം,പറ്റുമെങ്കിൽ സ്വന്തം കൈ കൊണ്ടുതന്നെ തീർക്കണം എന്നാഗ്രഹിക്കുക. ഇതൊക്കെ എനിക്ക് ഒട്ടും മനസ്സിലാവാത്ത കാര്യങ്ങളാണ്. 

 ചാവേറായി ചെന്നുകേറി നൂറുകണക്കിനാളുകളെ കൊല്ലുക. എന്നിട്ട്, അവർക്കൊപ്പം മരണമടയുന്ന താൻ മാത്രം സ്വർഗ്ഗത്തിലേക്കും, തന്റെ കയ്യാൽ മരിച്ചവർ അത്രയും നരകത്തിലേക്കും പോവുമെന്ന് സങ്കൽപ്പിക്കുക.. എത്ര ഭ്രാന്തമായ ഒരു ചിന്താഗതിയാണത്. 

ചാവേറായി മാറാൻ തയ്യാറെടുത്തുകഴിഞ്ഞ, അല്ലെങ്കിൽ മനുഷ്യ മനസ്സുകളെ ചാവേറുകളാവാൻ പ്രേരിപ്പിക്കുന്ന മനുഷ്യർക്ക് ഒരേയൊരിടമേ ഈ ലോകത്തുള്ളൂ. അത് ഏതെങ്കിലും മാനസിക രോഗാശുപത്രിയുടെ അടഞ്ഞ സെൽ മുറികളാണ്. ദൗർഭാഗ്യവശാൽ ശ്രീലങ്കയുടെ കാര്യത്തിൽ   അതേപ്പറ്റി തിരിച്ചറിഞ്ഞപ്പോഴേക്കും നേരം ഏറെ വൈകിക്കഴിഞ്ഞിരിക്കുന്നു. 

ഈ ചാവേറുകളായി കൊലചെയ്യപ്പെടുന്നത്, അവരും അവർക്കു ചുറ്റുമുട്ടില്ല ഒരു കൂട്ടം നിരപരാധികളും മാത്രമാണെങ്കിലും സഹിക്കാമായിരുന്നു. പക്ഷേ, ഈ ചാവേറാക്രമണങ്ങളിൽ ചാവേറുകളും, നിരപരാധികളായ ജനങ്ങളും മാത്രമല്ല മരിക്കുന്നത്. കെട്ടിടങ്ങൾ മാത്രമല്ല തകർന്നടിയുന്നത്. ഇങ്ങനെയൊന്നുണ്ടാവുമ്പോൾ തകർന്നുവീഴുന്നത്, ഒരു തലമുറയ്ക്ക് മറ്റൊരു തലമുറയുടെ മേലുള്ള, ഒരു മതത്തിന് മറ്റൊരു മതത്തോടുള്ള, ഒരു സമൂഹത്തിന്, മറ്റൊരു സമൂഹത്തോടുള്ള   അല്ലെങ്കിൽ ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തോടുള്ള കേവല വിശ്വാസം കൂടിയാണ്. പതുക്കെയാണെങ്കിലും, ആ നഷ്ടത്തിന് കൊടുക്കേണ്ടി വരുന്ന വില വലുതാണ്. ഒടുവിൽ ബാക്കിയാവുന്നത് ഒരു കാടും, അതിനുള്ളിൽ ഒരു കൂട്ടം ചെന്നായ്ക്കളും മാത്രമാണ് എന്നുവരും. നില നില്പിനുവേണ്ടി പരസ്പരം കൊന്നുതിന്നുന്ന ഒരു അവസ്ഥ വന്നുചേരും. 

ശ്രീലങ്കയിൽ നൂറുകണക്കിന് മനുഷ്യദേഹങ്ങൾ ചിതറിത്തെറിച്ചതിൽ നിന്നും ഈ ലോകത്ത് ഒരാൾക്കും ലാഭമുണ്ടായിട്ടില്ല എന്ന് വരാൻ വഴിയില്ല. ഈ ദുരന്തത്തിൽ ചിന്നിയ ചോര കുപ്പികളിൽ നിറഞ്ഞ്,   തിരിച്ചു കേറുന്നത് തീവ്രവാദത്തിന്റെ ഞരമ്പുകളിൽ പുത്തൻ ഊർജ്ജമായിട്ടാണ്. അതിന്റെ ആയുസ്സ് ഇരട്ടിപ്പിച്ചുകൊണ്ടാണ്. 

കൊല്ലാൻ ഇറങ്ങിപ്പുറപ്പെടുന്നത് ആരുമാവട്ടെ.. സിംഹളനോ, ബുദ്ധതീവ്രവാദിയോ, മുസ്ലീമോ, ജൈനനോ, ഹിന്ദുവോ ആരുമാവട്ടെ.. അത് ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന്റെ ഭൂതം കാട്ടി പേടിപ്പിക്കുന്നവരാവട്ടെ.. അല്ലെങ്കിൽ ബർമയിലോ, റുവാണ്ടയിലോ, ബോസ്നിയയിലോ ഒക്കെ നരഹത്യയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടവനാവട്ടെ.. 

ഷിൻജിയാങ്ങിലെ ഉയിഗർ വംശജരെ 'നന്നാക്കാൻ' എന്ന പേരിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടയ്ക്കുന്ന ചൈനീസ് സൈനികനാവട്ടെ, കറുത്ത വർഗക്കാർ ജീവനോടെ ചുട്ടുകരിക്കാൻ ആഗ്രഹിക്കുന്ന കു ക്ലക്സ് ക്ലാൻ ഭ്രാന്തനാവട്ടെ.. സ്വന്തം വംശമൊഴിച്ച്  മറ്റെല്ലാ മുസ്ലീങ്ങളെയും കാഫിർ എന്ന് കണക്കാക്കി കൊല്ലാൻ തയ്യാറാവുന്ന ജിഹാദിയാവട്ടെ.. സോഷ്യൽ മീഡിയയിൽ വിഷം തുപ്പുന്ന ഡിജിറ്റൽ തീവ്രവാദിയാവട്ടെ.. 

കൊള്ളുന്ന കാര്യങ്ങൾ ആരുടേതായാലും അതിലോടുന്ന രക്തത്തിലാണ് ആ ഊർജം കേറിപ്പറ്റുന്നത്. 

 ഒരു വ്യക്തിക്കോ, ഒരു സംഘടനയ്‌ക്കോ വേണ്ടി നടത്തപ്പെട്ട ഈ ക്രൂരകൃത്യത്തിൽ നിന്നും എല്ലാവരും അവരവരുടേതായ രീതിയിൽ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വളരെ നൈസർഗികമായ രീതിയിൽ വെറുപ്പ് ഈ ലോകമെങ്ങും പരത്തിക്കൊണ്ടിരിക്കുകയാണ്. 

പക്ഷേ, നമ്മളോർക്കേണ്ട ഒന്നുണ്ട്..  ഈ കൃത്യം നടത്തിയവർ ഒരു സുപ്രഭാതത്തിൽ ചൊവ്വയിൽ നിന്നും ഇറങ്ങി വന്നവരല്ല.  നമുക്കിടയിൽ തന്നെ ഉള്ളവരാണ് ഇവർ. നമ്മുടെ അയൽപക്കങ്ങളിൽ ജീവിച്ചിരുന്നവർ. നമ്മയോട് സംവദിച്ചുകൊണ്ട് നമ്മുടെ ജീവിതങ്ങളിൽ സന്നിഹിതരായിരുന്നവർ.. ഇത്രയും കാലം നമ്മളറിയാതെ നമ്മുടെ സ്വന്തം മനസ്സുകൾക്കുള്ളിൽ വന്ന് ഒളിച്ചിരുന്നവർ.. എന്നിട്ടും നമ്മുടെ ആവശ്യം, സർക്കാർ ഉടൻ എന്തെങ്കിലും നടപടിയെടുക്കണം എന്നുമാത്രമാണ്..!

 

വിവർത്തനം : ബാബു രാമചന്ദ്രൻ 

PREV
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി