നെഹ്‌റുവിനെപ്പറ്റി നിങ്ങൾ കേട്ടു പരിചയിച്ചിട്ടുള്ള 'അസത്യങ്ങൾ'

By Web TeamFirst Published May 27, 2020, 10:53 AM IST
Highlights

ഇന്ന് നെഹ്‌റുവിന്റെ അമ്പത്താറാം  ചരമവാർഷികദിനമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്മാരിൽ ഒരാൾ. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയിലും തുടർന്നുള്ള രാഷ്ട്രനിർമാണത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചു ജവഹർ ലാൽ നെഹ്‌റു എന്ന ജന നേതാവ്

ഇന്ന് ജവഹർ ലാൽ നെഹ്‌റു എന്ന രാഷ്ട്രീയ നേതാവിന്റെ, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെ ചരമദിനമാണ്. 1964-ൽ തന്റെ എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.  അമർ ചിത്ര കഥയിൽ അദ്ദേഹം രാഷ്ട്ര ശില്പിയായിരുന്നു. കാശ്മീരി പണ്ഡിറ്റ് എന്ന പൂർവിക ബന്ധം കാരണം പലർക്കും അദ്ദേഹം പണ്ഡിറ്റ് നെഹ്‌റു ആയിരുന്നു. കുഞ്ഞുങ്ങളോടുള്ള സവിശേഷ വാത്സല്യം നിമിത്തം പലർക്കും അദ്ദേഹം ചാച്ചാ നെഹ്‌റു ആയിരുന്നു. സ്വാതന്ത്ര്യ ലബ്ധിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തിനുവേണ്ട എല്ലാം തന്നെ ചർച്ചകളിലൂടെ നേടിയെടുക്കപ്പെട്ടത്. ഒരു സ്വയം പര്യാപ്ത രാഷ്ട്രം എന്ന നിലയിൽ ഭാരതത്തിന്റെ നയങ്ങളെല്ലാം തന്നെ രൂപപ്പെട്ടത് ഈ ധിഷണയിലാണ്. ഗാന്ധിജി രാഷ്ട്ര പിതാവാണെങ്കിൽ, നെഹ്‌റു രാഷ്ട്ര നിർമ്മാതാവാണ് പലർക്കും. അദ്ദേഹമാണ് ഇന്ത്യയുടെ വിദേശനയങ്ങളും, ആഭ്യന്തര ഭരണസംവിധാനങ്ങളിൽ പലതും രൂപകൽപന ചെയ്തത്. ഇന്ത്യയ്ക്ക് ഇന്ന് നമ്മൾ കാണുന്ന മതേതര, സോഷ്യലിസ്റ്റ് ജനാധിപത്യ ഛായ നൽകിയത് നെഹ്‌റുവാണ്. 

എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ പലപ്പോഴുമായി പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായി. അത്തരത്തിൽ ചിലതിനെപ്പറ്റിയാണ് ഇനി പരാമർശിക്കാൻ പോവുന്നത്. 

നെഹ്‌റുവിനെ സ്വഭാവഹത്യ ചെയ്യാൻ വേണ്ടിയുള്ള ആക്രമണങ്ങളിൽ ഏറ്റവും വലുത് നടന്നത് 2015-ലാണ്. അത്തവണ അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജ് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന്റെ ഐപി അഡ്രസിൽ നിന്നും ഉള്ള ഒരു അക്കൗണ്ട്  ഉപയോഗിച്ച് വളരെ അപകീർത്തികരമാം വിധം തിരുത്തപ്പെട്ടു. നെഹ്രുവിന്റെ മുത്തച്ഛൻ ഗംഗാധർ നെഹ്‌റു ഒരു മുസ്‌ലിം ആണെന്നും അലഹബാദിലെ ഒരു ചുവന്ന തെരുവിലാണ് നെഹ്‌റു ജനിച്ചതെന്നും ആയിരുന്നു ആ എഡിറ്റുകൾ. നിമിഷങ്ങൾക്കകം അവ തിരുത്തപ്പെട്ടെങ്കിലും, എഡിറ്റ് ഹിസ്റ്ററിയിൽ അവ ഇന്നുമുണ്ട്. ആ എഡിറ്റുകൾക്ക് ആധാരമായി ഒരു തെളിവും തന്നെ നല്കപ്പെട്ടിരുന്നില്ല. ആ 'തിരുത്ത്' നെഹ്‌റുവിനെപ്പറ്റി 'നിങ്ങൾക്കിനിയും അറിയാത്ത സത്യങ്ങൾ' എന്ന പേരിൽ ഇന്റർനെറ്റ് എന്ന മഹാ സമുദ്രത്തിൽ പ്രചരിക്കുന്ന പലവിധം നുണകളിൽ ഒന്നുമാത്രമാണ്. മഞ്ഞുമലയുടെ ജലോപരിതലത്തിൽ ദൃശ്യമാവുന്ന ഒരു തുമ്പ്..! 

ഇതിനു പിന്നിൽ തീവ്ര ഹിന്ദു സംഘടനകളുടെ സംഘടിതമായ ഗൂഢാലോചനകളാണുള്ളത്. തങ്ങളുടെ ആർഷഭാരത സങ്കല്പത്തിന് എന്നും വിലങ്ങുതടിയായി നിന്നിരുന്ന നെഹ്‌റുവിയൻ തത്വചിന്തയുടെ അടിവേരറുക്കുവാൻ വേണ്ടി നുണകളുടെ ഒരു ഉറുമ്പിൻ കൂടുതന്നെയാണ് ഇവർ കുത്തിവിട്ടിട്ടുള്ളത് ഇന്റർനെറ്റിൽ.  അതിൽ നിന്നും അരിച്ചുപെറുക്കി എടുത്തിരിക്കുന്ന മറ്റു ചില നുണകൾ കൂടി ഇതാ..!


നെഹ്‌റു എന്ന പ്ളേബോയ് :  'ദി വോയ്‌സ് ഓഫ് ദി നേഷൻ' - ലോകത്തിന്റെ മറുവശം  പേരിൽ ഹ്രസ്വകാലത്തേക്കു മാത്രം ഇന്റർനെറ്റിൽ ഉണ്ടായിരുന്ന ഒരു വെബ്‌സൈറ്റിലാണ് നെഹ്രുവിന്റെ പ്രണയലീലകളെപ്പറ്റിയുള്ള പരദൂഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. അതിൽ സരോജിനി നായിഡുവിന്റെ മകൾ പത്മജ നായിഡുവുമായും, മൗണ്ട് ബാറ്റന്റെ പത്നി എഡ്വിനയുമായും ഒക്കെ നെഹ്‌റുവിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളുണ്ടായിരുന്നു. കമലാ നെഹ്‌റു രോഗഗ്രസ്‌തയായി ശയ്യാവലംബിയായ കാലത്ത് നെഹ്‌റു പരസ്ത്രീകൾക്കു പിന്നാലെ പോവുകയായിരുന്നു എന്നായിരുന്നു ആരോപണം. വാരണാസിയിലെ ശ്രദ്ധാ മാതാ എന്ന ഒരു സന്യാസിനിയിൽ നെഹ്‌റുവിന് ഒരു കുഞ്ഞുണ്ടായിരുന്നു എന്നുവരെ എത്തി കഥ.  നെഹ്രുവിന്റെ മുത്തച്ഛൻ ഗിയാസുദ്ദീൻ ഗാസി എന്ന മുഗളൻ ആണെന്നുവരെ ഇതിൽ പറഞ്ഞിട്ടുണ്ട്.  

ഈ വെബ്സൈറ്റ് ഇന്നില്ലെങ്കിലും ഇതുപോലെ പരശ്ശതം സൈറ്റുകളിൽ ഇതേ വിവരങ്ങൾ സത്യം എന്ന അവകാശവാദത്തോടൊപ്പം ഇന്നും ലഭ്യമാണ്.   നെഹ്രുവിനെപ്പറ്റി നടത്തുന്ന ഇന്റർനെറ്റ് സെർച്ചുകളിൽ  ആദ്യം തന്നെ ഈ ഗോസിപ്പുകൾ വരും വിധത്തിൽ കൃത്യമായ കീ വേർഡുകൾ ഉപയോഗിച്ചാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്. ' Truth about'  എന്നതാണ് ഈ ലേഖനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഒരു സെർച്ച് കീ വേർഡ്. 

അസത്യം പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ 

വിവാദാസ്പദമായ രണ്ടു പുസ്തകങ്ങളുണ്ട് നെഹ്രുവിനെപ്പറ്റി. ഒന്ന് ഒരു എം കെ സിങ്ങ് എഴുതിയ  Encyclopedia Of Indian War Of Independence (1857-1947)  എന്ന പത്തൊമ്പതു വാള്യങ്ങളുള്ള ഒരു ബൃഹദാഖ്യാനം. ദില്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൻമോൽ പബ്ലിഷേഴ്സ് ആണ് 2009-ൽ ഇത് പ്രസിദ്ധീകരിച്ചത്. 25,000 രൂപയാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ മുഖവില. എന്നാൽ പ്രമുഖരായ ചരിത്രകാരന്മാർക്കാർക്കും തന്നെ ഇങ്ങനെ ഒരു ചരിത്രകാരനെപ്പറ്റിയോ, അദ്ദേഹത്തിന്റെ പഠനങ്ങളെപ്പറ്റിയോ, ഇത്തരത്തിൽ ഒരു സീരീസ് ഇറങ്ങിയതിനെപ്പറ്റിയോ അറിവില്ല. ഈ പുസ്തകത്തിലും, നെഹ്രുവിന്റെ പിതാമഹൻ ഒരു മുസ്ലീമാണ് എന്ന തിയറി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഈ അവകാശവാദം വസ്തുതകൾക്ക് നിരക്കാത്തതും  ചരിത്രവിരുദ്ധവുമാണെന്ന്  പ്രസിദ്ധ ചരിത്രകാരനായ ഇർഫാൻ ഹബീബ് പറഞ്ഞു. 

രണ്ടാമത്തെ പുസ്തകം 1978-ൽ മലയാളിയും, നാല്പതുകളിൽ നെഹ്രുവിന്റെ പി എ യുമായിരുന്ന എം ഓ മത്തായി എഴുതിയ Reminiscences of the Nehru Age ആണ്.  നെഹ്രുവിന്റെ ഓഫീസിലെ തന്റെ ഭരണകാലത്ത് വിവിധ നേതാക്കളുമായുണ്ടായ സഹവാസത്തിൽ അവരെപ്പറ്റി മത്തായിക്കുണ്ടായ അഭിപ്രായങ്ങളും, മത്തായി നേരിൽ കണ്ടെന്നും കേട്ടെന്നുമുള്ള അവകാശവാദങ്ങളും നിറഞ്ഞതാണ് ഈ പുസ്തകം.  നെഹ്രുവും പത്മജാ നായിഡുവും തമ്മിലുള്ള പ്രേമബന്ധത്തെപ്പറ്റിയും, അദ്ദേഹത്തിന്റെ സ്ത്രീലോലുപതയെപ്പറ്റിയും മത്തായിയും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിനും സ്വന്തം സാക്ഷ്യങ്ങളല്ലാതെ മറ്റു തെളിവുകളൊന്നും മത്തായി ഹാജരാക്കുന്നില്ല. അതുകൊണ്ടുതന്നെ " ആരും തന്നെ ഗൗരവമായി കാണാത്ത, യാതൊരുവിധ അക്കാദമിക് മെറിറ്റുമില്ലാത്ത ഒരു സാങ്കല്പിക സഞ്ചാരം" എന്നാണ് ഇർഫാൻ ഹബീബ് ഈ പുസ്തകത്തെപ്പറ്റിയും പറഞ്ഞത്.  

അമിതാഭ്  ബച്ചൻ നെഹ്രുവിന്റെ മകനാണ് എന്നൊരു പ്രചാരണവും ഇന്റർനെറ്റിൽ സജീവമാണ്. സ്ത്രീലമ്പടനായ നെഹ്രുവും, ഹരിവംശറായ് ബച്ചന്റെ ഭാര്യ തേജി ബച്ചനും തമ്മിലുള്ള രഹസ്യബന്ധത്തിലുണ്ടായ പുത്രനാണ് അമിതാഭ് എന്നും,  ഇതിനെ സ്ഥിരീകരിക്കുന്ന ഡിഎൻഎ റിപ്പോർട്ടുകൾ പുറത്തുവന്നു എന്നുവരെ ഈ പ്രചാരണങ്ങളിൽ പറയുന്നു. തികഞ്ഞ അസംബന്ധമെന്നല്ലാതെ ഇത്തരം ദുരാരോപണങ്ങളെപ്പറ്റി പറയാനാവില്ല. 

നെഹ്രുവിന്റെ പൂർവികർ കാശ്മീരി പണ്ഡിറ്റുകളാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. നെഹ്രുവിന്റെ ഏറ്റവും മുതിർന്ന പൂർവികനായ രാജ് കൗൾ ഒരു സംസ്‌കൃത പേർഷ്യൻ പണ്ഡിതനായിരുന്നു എന്നും അദ്ദേഹത്തിന്റെ വീട് ഒരു കനാലിനടുത്തായിരുന്നു എന്നും അവർ പറയുന്നു. കനാലിന് ഹിന്ദിയിൽ പറയുന്ന 'നഹാർ' എന്ന വാക്കിൽ നിന്നാണ് നെഹ്‌റു എന്ന കുടുംബപ്പേര് ഉരുത്തിരിഞ്ഞുവന്നത് എന്നാണ് അവരുടെ അഭിപ്രായം. അല്ലാതെ നെഹ്രുകുടുംബത്തിൽ മറ്റു മുസ്‌ലിം ബന്ധങ്ങളൊന്നും ഉള്ളതായി ചരിത്രകാരന്മാർ പറയുന്നില്ല. 

സർവേപ്പള്ളി  ഗോപാലിന്റെയോ വാൾട്ടർ ക്രോക്കറിന്റെയോ പോലുള്ള ആധികാരിക നെഹ്‌റു ജീവചരിത്രങ്ങളിൽ ഒന്നും തന്നെ അദ്ദേഹത്തിന്റെ ജനനം അലഹബാദിലെ ഏതെങ്കിലും ചുവന്ന തെരുവിൽ ആയിരുന്നു എന്നതിന്റെ സൂചനകളില്ല. ഈ ഗ്രന്ഥങ്ങളിൽ എഡ്വിനയും പത്മജാ നായിഡുവുമായുള്ള നെഹ്രുവിന്റെ ബന്ധത്തെപ്പറ്റിയുള്ള പരാമർശങ്ങളുണ്ടെങ്കിലും അതിലെല്ലാം ആ ബന്ധങ്ങളെ 'പ്ലേറ്റോണിക്' ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.  ഇനി അഥവാ ആ ബന്ധങ്ങൾക്ക് കാല്പനിക ഛായ ഉണ്ടായിരുന്നുവെങ്കിൽ കൂടി അതിലെന്തു തെറ്റ് എന്ന് ജെ എൻ യു പ്രൊഫസറായ മൃദുലാ മുഖർജി ചോദിക്കുന്നു. 

യൂട്യൂബിൽ 'ഹിന്ദുസ്ഥാൻ കെ സബ് സെ അയ്യാഷ് ആദ്മി' എന്ന തലക്കെട്ടിൽ ഒരു ഓഡിയോ ക്ലിപ്പിംഗുണ്ട്. അതിൽ രാജീവ് ദീക്ഷിത് എന്നുപേരായ ഒരു വ്യക്തി നെഹ്രുവിനെപ്പറ്റിയുള്ള ആരോപണങ്ങളുടെ ഒരു കെട്ടു തന്നെ അഴിച്ചുവിടുന്നുണ്ട്. ആ വീഡിയോ ഇതിനകം കണ്ടത് 36  ലക്ഷം പേരാണ്. അതിൽ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പകുതിയും അപ്രസക്തവും വാസ്തവ വിരുദ്ധവുമാണ്, എന്നാൽ നെഹ്‌റുവിനെ കരിവാരിത്തേക്കാൻ തെറ്റിദ്ധാരണാജനകമായ ഇത്തരം പ്രസംഗങ്ങൾ ധാരാളമാണ്. 


ബിജെപിയുടെ ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ അടക്കമുള്ളവർ റീട്വീറ്റ് ചെയ്ത ഒരു ഉദ്ധരണിയും നെഹ്രുവിന്റേതെന്ന മട്ടിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടിന്നും . അത് ഇപ്രകാരമാണ് , " ഞാൻ വിദ്യാഭ്യാസം കൊണ്ട് ഒരു ഇംഗ്ലീഷുകാരനും, സംസ്കാരം കൊണ്ട് ഒരു മുസ്ലീമും, യാദൃച്ഛികത ഒന്ന് കൊണ്ടുമാത്രം ഹിന്ദുവുമാണ്.." . ഇങ്ങനെ ഒരിക്കലും നെഹ്‌റു പറഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ നെഹ്‌റു ഒരു തികഞ്ഞ ആജ്ഞേയവാദിയായിരുന്നു. ഒരു മതത്തിലും വിശ്വാസമില്ലാതിരുന്നിട്ടും അദ്ദേഹം വളരെ കൃത്യമായ മതേതര കാഴ്ചപ്പാടുകൾ വെച്ചുപുലർത്തിയിരുന്നു. 

നെഹ്രുവിനെതിരെയുള്ള വിദ്വേഷപ്രചാരകർ മരണത്തിലും അദ്ദേഹത്തെ വെറുതെ വിട്ടില്ല. സ്ത്രീജിതനായിരുന്ന നെഹ്‌റു ഒടുവിൽ മരണപ്പെട്ടത് സിഫിലിസ് ബാധിച്ചിട്ടാണെന്ന് പലരും പറഞ്ഞു പ്രചരിപ്പിച്ചു. ഇന്നും ആ നുണകൾ ഇന്റര്നെറ്റിലുണ്ട്. കടുത്ത സ്‌ട്രോക്കിനെത്തുടർന്ന് പക്ഷാഘാതം വന്ന്, അതിനു പിന്നാലെയുണ്ടായ ഹൃദയസ്‌തംഭനത്തിലാണ് അദ്ദേഹം യഥാർത്ഥത്തിൽ മരണപ്പെടുന്നത്. 
 

നെഹ്‌റു എന്ന മനുഷ്യൻ, ജനനേതാവ്  

 ഇന്ത്യയുടെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികൾ, ആർഇസികൾ,  ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ എഐഐഎംഎസ്, പ്ലാനിങ്ങ് കമ്മീഷൻ, മാനേജ്മെന്റ് രംഗത്ത് ഐഐഎമ്മുകൾ, ആറ്റമിക് എനർജി കമ്മീഷൻ എന്നിങ്ങനെ ഇന്നത്തെ വിഖ്യാതമായ സ്ഥാപനങ്ങളിൽ പലതും സ്ഥാപിക്കകപ്പെട്ടത് നെഹ്രുവിന്റെ കാലത്താണ്. നെഹ്‌റുവിന് രാഷ്ട്രീയവും, ഭരണപരവുമായ തെറ്റുകളും പലതും പറ്റിയിട്ടുണ്ട്. 1962 -ൽ ചൈന ഇന്ത്യയെ ആക്രമിക്കുന്നത് അത്തരം ഒരു ദീർഘവീക്ഷണക്കുറവിന്റെ പുറത്താണ്. എന്നാൽ, ആധുനിക ഇന്ത്യയുടെ സർക്കാർ,രാഷ്ട്രീയ സംസ്കാരം വളരെ നല്ല വിദേശ നയത്തിന്റെ സഹായത്തോടെ രൂപപ്പെടുത്തുന്നതിൽ നെഹ്‌റു വഹിച്ച പങ്ക്, സംഘടിതമായ ഗൂഢാലോചനകളാലും, അപവാദ പ്രചാരണങ്ങളാലും ഒന്നും വിസ്മരിക്കാൻ പറ്റുന്ന ഒന്നല്ല. അത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും ചെറുത്ത് തോൽപ്പിക്കപ്പെടേണ്ടത് തന്നെയാണ്. 

click me!