350 വർഷങ്ങൾക്ക് മുമ്പ് 'ഐസൊലേഷനി'ല്‍ കഴിഞ്ഞൊരു ഗ്രാമം!

By Web TeamFirst Published May 26, 2020, 12:52 PM IST
Highlights

എല്ലായിടവും പ്ലേഗ് പടർന്ന് പിടിച്ച ഈ ഒരു സാഹചര്യത്തിൽ ഗ്രാമത്തിന് പുറത്തുപോയിട്ടും കാര്യമില്ല എന്നവർക്ക് മനസ്സിലായി. പിന്നീട് അവരുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം സ്വയം ഒറ്റപ്പെടുക എന്നതായിരുന്നു.

ലോകം ഇതാദ്യമായല്ല ഒരു പകർച്ചവ്യാധിയെ നേരിടുന്നത്. ഏതാണ്ട് എല്ലാ നൂറ്റാണ്ടിലും ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ട ഒരു മഹാമാരി ലോകത്തിൽ ഉണ്ടായിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ലണ്ടനെ ബാധിച്ച ഗ്രേറ്റ് പ്ലേഗ് ഇതുപോലെ അനേകായിരങ്ങളെ കൊന്നൊടുക്കിയ ഒരു വിപത്തായിരുന്നു. അന്ന് സമൂഹത്തിലെ ഒരു വിഭാഗം ഐസൊലേഷന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയിരുന്നു. ഒരുപക്ഷേ, നമ്മൾ മാത്രമായിരിക്കും ഇതുപോലെ ലോക്ക് ഡൗണിൽ വീടുകളിൽ ഒതുങ്ങി കഴിയുന്നത് എന്നായിരിക്കും എല്ലാവരുടെയും ചിന്ത. എന്നാൽ, നമുക്ക് മുന്നേ ഇത് ശീലിച്ച ഒരു സമൂഹം ഉണ്ടായിരുന്നു. പ്ലേഗിന്റെ സമയത്തായിരുന്നു അത്. ലണ്ടനിലെ ഇയം എന്ന കൊച്ചു ഗ്രാമം ആ മഹാമാരിയെ തോല്പിക്കാനായി ഇതുപോലെ സ്വയം ഒറ്റപ്പെട്ടിരുന്നു. അതിർത്തി കടക്കാൻ അവർ ആരെയും അനുവദിച്ചില്ല. ഏകദേശം 350 വർഷങ്ങൾക്ക് മുൻപാണ് ഇതെന്ന് ഓർക്കണം.

1665-66 കാലഘട്ടത്തിലാണ് ഇംഗ്ലണ്ടിനെ പ്ലേഗ് ബാധിക്കുന്നത്. കൊറോണ വൈറസ് ലോകത്ത് നാശം വിതയ്ക്കാൻ തുടങ്ങിയപ്പോൾ മുതൽ, ആ പ്ലേഗ് കാലഘട്ടവുമായി ലോകത്തെ പലരും താരതമ്യപ്പെടുത്താൻ ആരംഭിച്ചു. ആ പ്ലേഗിനെക്കുറിച്ചുള്ള ഒരു കഥ ഇയം ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഇയാമിൽ ഒരുകാലത്ത് ജനങ്ങൾ തിങ്ങിപ്പാർത്തിരുന്നു. എന്നും ഉത്സവങ്ങളും, മേളകളുമുണ്ടായിരുന്ന അവിടം എപ്പോഴും സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ, പെട്ടെന്ന് ആ ഗ്രാമം വിജനമായിത്തീർന്നു. ലണ്ടനിൽ നിന്ന് മൂന്ന് മണിക്കൂർ അകലെയുള്ള ഡെർബിഷയർ ഡേൽസ് ജില്ലയിലാണ് ഈ ഗ്രാമം.  

ഈ ഗ്രാമത്തിന്റെ പുറംഭാഗങ്ങളിൽ ഇപ്പോഴും ആയിരത്തിൽ താഴെ ആളുകൾ മാത്രമേ താമസിക്കുന്നുള്ളൂ. പക്ഷേ, പ്രധാന പ്രദേശം പ്ലേഗ് മുതൽ പൂർണ്ണമായും വിജനമാണ്. 1665–66 കാലഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ലണ്ടനിലും ചുറ്റുമുള്ള പ്രദേശങ്ങളിലും 14 മാസത്തോളം പ്ലേഗ് നാശം വിതച്ചു. സർക്കാർ രേഖകൾ പ്രകാരം 75,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നിരുന്നാലും, ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചുവെന്നാണ് പല ചരിത്രകാരന്മാരും അവകാശപ്പെടുന്നത്. എന്നാൽ, അതിനിടയിൽ ഈ ഗ്രാമം, പൊരുതിനിന്നു. ഒട്ടും തോറ്റുകൊടുക്കാതെ തന്നെ. ഇയം ഗ്രാമത്തിലെ ആളുകൾ മുഴുവൻ ക്വാറന്‍റൈനിൽ കഴിഞ്ഞു. ഒരുപക്ഷേ, അവർ അത് ചെയ്തില്ലായിരുന്നുവെങ്കിൽ, ഇനിയും നിരവധി മരണങ്ങൾ അവിടെ ഉണ്ടാകുമായിരുന്നു.

ലണ്ടനിൽ പ്ലേഗ് പടർന്നപ്പോൾ ഇയം ഗ്രാമത്തെ തുടക്കത്തിൽ അത് ബാധിച്ചിരുന്നില്ല. കാരണം, ആളുകൾ വളരെ അപൂർവമായി മാത്രമേ അവരുടെ ഗ്രാമത്തിൽ നിന്ന് പുറത്തുപോകാറുണ്ടായിരുന്നുള്ളൂ. എന്നാൽ അപകടത്തെക്കുറിച്ച് അറിയാത്ത തയ്യൽക്കാരനായ അലക്സാണ്ടർ ഹെഡ്‍ഫീൽഡ് ലണ്ടനിൽ ഒരു തുണി ഫാക്ടറി വാങ്ങി. താൻ വാങ്ങിയ സ്ഥലത്ത് പ്ലേഗ് പടരുന്ന ഈച്ച ഉള്ളതായി അദ്ദേഹത്തിന് അറിയില്ലായിരുന്നു. തുടർന്ന് ഗ്രാമത്തിലെത്തിയ അദ്ദേഹം കടയിൽ ജോലി തുടർന്നു. അയാളിലൂടെ മറ്റുളവർക്ക് ഈ രോഗം പടർന്നു. പതുക്കെ ഒരു ശൃംഖല രൂപപ്പെട്ടു. അണുബാധ ഗ്രാമത്തിലുടനീളം പടരാൻ തുടങ്ങി. 1665 സെപ്റ്റംബർ മുതൽ ഡിസംബർ വരെ 42 ഓളം ഗ്രാമീണർ മരിച്ചു.  

എല്ലായിടവും പ്ലേഗ് പടർന്ന് പിടിച്ച ഈ ഒരു സാഹചര്യത്തിൽ ഗ്രാമത്തിന് പുറത്തുപോയിട്ടും കാര്യമില്ല എന്നവർക്ക് മനസ്സിലായി. പിന്നീട് അവരുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം സ്വയം ഒറ്റപ്പെടുക എന്നതായിരുന്നു. വളരെയധികം നിർബന്ധിച്ചശേഷം ഗ്രാമവാസികളിൽ ഭൂരിഭാഗവും ഈ തീരുമാനത്തിന് സമ്മതിക്കുകയും തയ്യാറാകാത്തവർ ഗ്രാമത്തിൽ നിന്ന് പുറത്തുപോവുകയും ചെയ്തു. എന്നാൽ, പോയവരാരും തിരിച്ചെത്തിയില്ല. 1666 ജൂൺ 24 -ന് ഗ്രാമത്തിലെ എല്ലാ റോഡുകളും അടച്ചു. അതിനുശേഷം ഗ്രാമത്തിന് ചുറ്റും ഒരു കല്ല് മതിൽ പണിതു. അത് ഇപ്പോഴും 'മോംപെസ്സന്റെ മതിൽ' എന്നറിയപ്പെടുന്നു. പകർച്ചവ്യാധി മൂലം ഗ്രാമത്തിൽ നിന്ന് ആരും പുറത്തുപോയില്ല. വീട്ടിലെ സ്ത്രീകളും കുട്ടികളും വീടുകൾക്ക് താഴെ പണിത തുരങ്കങ്ങളിലായിരുന്നു താമസിച്ചിരുന്നത്.

 

പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗ്രാമത്തിൽ നിന്ന് വളരെ അകലെയുള്ള വനങ്ങളിലാണ് അടക്കം ചെയ്തത്. ശവസംസ്കാര ചടങ്ങിൽ ഗ്രാമീണർ പങ്കെടുക്കുന്നതിൽ വിലക്കുണ്ടായിരുന്നു. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങിയില്ല. പള്ളികൾ അടച്ചു, തുറന്ന മൈതാനത്ത് മാത്രം മീറ്റിംഗുകൾ നടത്തി, അതിൽ ആവശ്യമായ ആളുകൾ മാത്രം പങ്കെടുത്തു. 

ഇത്തരം കടുത്ത നിയമങ്ങൾ പാലിച്ചിട്ടും ഗ്രാമത്തിൽ മരണം തുടർന്നു. 1666 ഓഗസ്റ്റിലായിരുന്നു ഏറ്റവും കഠിനമായ അണുബാധയുണ്ടായത്. ഒരു ദിവസത്തിൽത്തന്നെ അഞ്ച് മുതൽ ആറ് മരണങ്ങൾ വരെ അവിടെ സംഭവിച്ചു. എല്ലാ വീടുകളിലും മരണത്തിന്റെ തണുപ്പ് തങ്ങിനിന്നു. എലിസബത്ത് ഹാൻ‌കോക്ക് എന്ന സ്ത്രീയ്ക്ക് തന്റെ ഭർത്താവിനെയും ആറ് മക്കളെയും എട്ട് ദിവസത്തിനുള്ളിൽ നഷ്ടമായി. ദിവസവും എലിസബത്ത് ഒരു മൃതദേഹം വീതം വീട്ടിൽ നിന്ന് വലിച്ചിഴച്ച് ഒരു ശവക്കുഴി കുഴിച്ച് അതിൽ അടക്കം ചെയ്യുമായിരുന്നു. ക്രമേണ, രോഗബാധിതരുടെ എണ്ണം വളരെ ഉയർന്നു. ഗ്രാമത്തിലെ മിക്ക കുടുംബങ്ങളും ഇല്ലാതായി.  

എന്നാൽ ഈ ദുരിതപെയ്ത്തിലും ഗ്രാമീണർ പരിഭ്രാന്തരായില്ല. അവർ ലോകത്തെ സുരക്ഷിതമാക്കാൻ വേണ്ടി ഗ്രാമത്തിൽ തന്നെ താമസിച്ചു. ആയിരക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും അവർ പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ സപ്‍തംബർ-ഒക്ടോബർ മാസങ്ങളിൽ രോഗം കുറയാൻ തുടങ്ങി. തുടർന്ന് നവംബർ ഒന്നിന് രോഗം പൂർണ്ണമായും ഇല്ലാതായി.  

എന്നാൽ, ഈ കാലയളവിൽ ഇയാമിന് പകുതിയിലധികം കുടുംബങ്ങളെയും നഷ്ടമായി. സർക്കാർ രേഖ പ്രകാരം ഗ്രാമത്തിലെ 76 കുടുംബങ്ങളിൽ നിന്ന് 260 പേർ ഒരു വർഷത്തിനുള്ളിൽ മരിച്ചു. അക്കാലത്ത് ഗ്രാമത്തിലെ ജനസംഖ്യ 800 -ൽ താഴെയായിരുന്നു. ഏറെക്കുറെ ശൂന്യമായ ഇയം ഇന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.  എന്നിരുന്നാലും ആ മഹാമാരിയെ തോൽപിച്ച അവിടത്തെ ജനങ്ങളുടെ മനക്കരുത്തും, പ്രത്യാശയും ഇന്നും നമുക്ക് പ്രചോദനമാണ്. 

click me!