ലോകത്തിലെ ഏറ്റവും പിശുക്കനായ സമ്പന്നന്റെ വിശേഷങ്ങൾ..!

By Web TeamFirst Published Apr 25, 2019, 11:37 AM IST
Highlights

 പതിനാറുവയസ്സുകാരനായ പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോയ അധോലോകസംഘത്തിലുള്ളവരുമായി മോചനദ്രവ്യത്തിന്  വിലപേശി മുഷിഞ്ഞു ഗെറ്റി.  കുപിതനായ സംഘത്തലവൻ ഗെറ്റിയുടെ കൊച്ചുമകന്റെ ഒരു ചെവി മുറിച്ചെടുത്ത് അദ്ദേഹത്തിന് സമ്മാനമായി തപാലിൽ അയച്ചുകൊടുത്തു. 

ജെ. പോൾ ഗെറ്റി. 1957-ൽ ഫോർച്യൂൺ മാഗസിൻ ഗെറ്റിയെ  ഏറ്റവും സമ്പന്നനായ അമേരിക്കൻ പൗരനായി പ്രഖ്യാപിച്ചിരുന്നു. 1966 -ൽ ഭൂമുഖത്തെ ഏറ്റവും ധനവാനായ വ്യക്തി എന്ന പേരിൽ ഗിന്നസ് ബുക്കിലും കേറിയിരുന്നു ഗെറ്റി. ഏകദേശം 21 ബില്യൺ ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏകദേശം ഒന്നര ലക്ഷം കോടി രൂപ. പറഞ്ഞിട്ടെന്തു കാര്യം, അദ്ദേഹം കുപ്രസിദ്ധനായിരുന്നത് സ്വന്തം പിശുക്കിന്റെ പേരിലാണ്. അത് വെളിപ്പെട്ടതാവട്ടെ, 1973 -ൽ അദ്ദേഹത്തിന്റെ  പതിനാറുവയസ്സുകാരനായ പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോയ അധോലോകസംഘത്തിലുള്ളവരുമായി മോചനദ്രവ്യത്തിന്  വിലപേശി മുഷിഞ്ഞു ഗെറ്റി.  കുപിതനായ സംഘത്തലവൻ ഗെറ്റിയുടെ കൊച്ചുമകന്റെ ഒരു ചെവി മുറിച്ചെടുത്ത് അദ്ദേഹത്തിന് സമ്മാനമായി തപാലിൽ അയച്ചുകൊടുത്തു.. 

സിയാംബെലോണി എന്നപേരിൽ കുഖ്യാതനായിരുന്ന ഒരു നാർക്കോട്ടിക് ഗാംഗ്സ്റ്ററാണ് ജോൺ പോൾ ഗെറ്റിയെ തട്ടിക്കൊണ്ടു പോയത്. ഒരു ബുക്ക് സ്റ്റാളിൽ കോമിക് ബുക്സ് മറിച്ചു നോക്കിക്കൊണ്ടു നിൽക്കുമ്പോഴാണ് അധോലോക സംഘം ജോണിനെ തട്ടിക്കൊണ്ടു പോവുന്നത്. LSD എന്നുപേരായ മയക്കുമരുന്നിന് അടിമയായിരുന്നു ജോൺ. ജോൺ തന്നെയാണ് ഇങ്ങനെയൊരു പ്ലാനിട്ടത് എന്നൊരു ആരോപണവും ഉണ്ടായിരുന്നു അക്കാലത്ത്. 17  മില്യൺ ഡോളർ, അതായത് ഏകദേശം നൂറു കോടിരൂപയായിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. എന്തായാലും, തട്ടിക്കൊണ്ടു പോയ വിവരത്തിന് സീനിയർ ഗേറ്റിയെ വിളിച്ചപ്പോൾ കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു, " എനിക്ക് 14  കൊച്ചുമക്കളുണ്ട്. ഞാൻ നിങ്ങൾക്ക് ഇപ്പോൾ നിങ്ങൾ ചോദിക്കുന്ന പണം തന്നാൽ നാളെ ഇതുപോലെ ബാക്കി 13  എണ്ണത്തിനെയും ആരെങ്കിലും തട്ടിക്കൊണ്ടുപോവും, ഞാനവർക്കും കാശു കൊടുക്കേണ്ടി വരും.." 

ഈ മറുപടി സിയാംബെലോണിയെ കുപിതനാക്കി. അയാൾ ജോൺ പോളിന്റെ ഒരു ചെവി മുറിച്ചെടുത്ത ഒരു പ്രാദേശിക പത്രത്തിന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. കൂടെ അയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു. " ഇത് ജോൺ പോൾ ഗെറ്റിയുടെ ആദ്യത്തെ ചെവിയാണ്. ഇത് കിട്ടിബോധിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും ഗെറ്റി കുടുംബത്തിന് ഞാൻ തമാശ പറയുകയാണ് എന്ന് തോന്നുന്നുണ്ടങ്കിൽ രണ്ടാമത്തെ ചെവിയും അങ്ങെത്തും. തെളിച്ചു പറഞ്ഞാൽ, പത്തു ദിവസം ഇടവിട്ട്, ജോൺ പോളിന്റെ ശരീരത്തിന്റെ ചെറിയ ചെറിയ കഷ്ണങ്ങൾ ഇതുപോലെ വീട്ടുകാർക്ക് കിട്ടും.."

ഒരു ചെവി വളരെ ക്രൂരമായ രീതിയിൽ അരിഞ്ഞെടുക്കുകയും, തുടർന്ന് കാര്യമായ വൈദ്യപരിചരണമൊന്നും കിട്ടാതിരിക്കുകയും ചെയ്തത് കാരണം ജോൺ പോളിന് ന്യുമോണിയ ബാധിച്ചു. എന്തായാലും, മുത്തച്ഛൻ ഗെറ്റി, മകൻ ഗെറ്റിയ്ക്ക്, കൊച്ചുമോൻ ഗെറ്റിയെ രക്ഷപ്പെടുത്താൻ വേണ്ട പണം നൽകി. 100  കോടി രൂപ ആവശ്യപ്പെട്ടിരുന്നത്, സീനിയർ ഗെറ്റിയുടെ വിലപേശലിൽ പതിനെട്ടു കൂടിയായി കുറഞ്ഞിരുന്നു. അതും അച്ഛൻ മകന് വെറുതേ കൊടുത്തതല്ല, 4  ശതമാനം പലിശയ്ക്ക്, തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലായിരുന്നു ആ ധനസഹായം. അതും, ഇങ്ങനെ കൊടുക്കുന്ന കാശിന് നികുതി കൊടുക്കേണ്ടതില്ല എന്നുള്ള സ്വന്തം അക്കൗണ്ടന്റുമാരുടെ ഉപദേശത്തിനുശേഷം. അങ്ങനെ തട്ടിക്കൊണ്ടുപോകപ്പെട്ടതിന് അഞ്ചും മാസങ്ങൾക്കിപ്പുറം ജോൺ പോൾ ഗെറ്റി മോചിതനായി. പണം കൈമാറിയെങ്കിലും, ആ അധോലോക സംഘത്തെ ഒരു മാസത്തിനകം തന്നെ പോലീസ്  അകത്താക്കി. 

എണ്ണപര്യവേക്ഷണത്തിലൂടെയായിരുന്നു ഗെറ്റിയുടെ സമ്പത്ത് വളർന്നത്. അമേരിക്കയിൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ അദ്ദേഹത്തിന്റെ എണ്ണക്കിണറുകൾ നിരന്തരം പെട്രോളിയം ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു. 

 നല്ല പിശുക്കുണ്ടെന്നു വച്ച് താല്പര്യമുള്ള കാര്യങ്ങൾക്ക് ചെലവിടാൻ അങ്ങനെ മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പുരാവസ്തുക്കൾ ശേഖരിക്കുന്നതിൽ അദ്ദേഹത്തിന് കമ്പമുണ്ടായിരുന്നു. അപൂർവങ്ങളായ പുരാവസ്തുക്കൾ പൊന്നുംവിലയ്ക്ക് അദ്ദേഹം സ്വന്തമാക്കി  സൂക്ഷിക്കുമായിരുന്നു. അദ്ദേഹം ശേഖരിച്ച പുരാവസ്തുക്കൾ, മരണാനന്തരം അദ്ദേഹത്തിന്റെ പേരിൽ ഒരു മ്യൂസിയമാക്കി മാറ്റി. അറിയപ്പെടുന്നൊരു സ്ത്രീലോലുപനായിരുന്നു സീനിയർ ഗെറ്റി. അഞ്ചുവട്ടം വിവാഹിതനായി. അഞ്ചുവട്ടം തന്നെ വിവാഹ മോചിതനും. നാലു ഭാര്യമാരിലായി അഞ്ചു മക്കൾ, പതിനാലു പേരക്കുട്ടികൾ. അദ്ദേഹത്തിന്റെ കൊച്ചു മക്കളിൽ ഒരാളാണ് ഗെറ്റി ഇമേജസ് കമ്പനിയുടെ ഉടമയായ മാർക്ക് ഗെറ്റി. 

അഞ്ചാം ഭാര്യയിലുണ്ടായ മകന് കാൻസർ ബാധിച്ച് കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. അവന്റെ ചികിത്സയ്ക്ക് ചെലവിടുന്ന പണം അധികമാണെന്ന് പറഞ്ഞ് സീനിയർ ഗെറ്റി തന്നോട് പലവട്ടം കയർത്തിട്ടുണ്ടെന്ന് അവർ  തന്റെ നൂറാം വയസ്സിൽ എഴുതിയ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു.  എന്തായാലും, മകൻ കാൻസർ രോഗം മൂർച്ഛിച്ച് തന്റെ പന്ത്രണ്ടാം വയസ്സിൽ മരിച്ചു പോവുകയായിരുന്നു. മറ്റു നാല് ഭാര്യമാരെ സീനിയർ ഗെറ്റിയാണ് ഡിവോഴ്സ് ചെയ്തതെങ്കിൽ അഞ്ചാം ഭാര്യ തന്റെ മകന് കാൻസർ ബാധിച്ചപ്പോൾ ചികിത്സിക്കാൻ പണം ചെലവാക്കുന്നതിൽ സീനിയർ ഗെറ്റി കാണിച്ച പിശുക്കിൽ മനം നൊന്ത് ഗെറ്റിയെ ഡിവോഴ്സ് ചെയ്യുകയായിരുന്നു. 

അദ്ദേഹത്തിന്റെ പിശുക്കിന്റെ കഥകൾ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ബംഗ്ളാവിൽ അതിഥികൾക്കായുള്ള മുറിയിലെ  അദ്ദേഹം  നാണയം ഇട്ട ശേഷം മാത്രം വിളിക്കാൻ പറ്റുന്ന രീതിയിലുള്ള ഫോണാണ് (Pay phone) വെച്ചിരുന്നത്. അതായത്, വിരുന്നു വന്നിട് ഓസിന് ഫോൺ വിളിക്കാമെന്ന് ആരും കരുതണ്ട. അതുപോലെ, കാശുകൊടുത്ത് തുണികൾ അലക്കിക്കുന്നത് ഗെറ്റിയ്ക്ക് ഇഷ്ടമല്ലായിരുന്നു. ശതകോടീശ്വരനായിരുന്നിട്ടും ഗെറ്റി തുണികളെല്ലാം സ്വന്തം കൈകൾ കൊണ്ടുതന്നെ കുത്തിപ്പിഴിഞ്ഞലക്കുമായിരുന്നു. ഷർട്ടിന്റെ കൈകളുടെ അറ്റം പിഞ്ഞിത്തുടങ്ങുമ്പോൾ പുതിയൊരു ഷർട്ടിനായി പണം ചെലവിടാൻ മടിച്ച്  പിഞ്ഞിയ ആ ഷർട്ടുകൾ ഹാഫ് കൈ ഷർട്ടുകളാക്കി ആൾട്ടർ ചെയ്യുമായിരുന്നു. ആരെങ്കിലും കത്തെഴുതിയാൽ, മറുപടി എഴുതാനായി വേറൊരു കടലാസ് പാഴാക്കുന്നതിനെപ്പറ്റി സീനിയർ ഗേറ്റിയ്ക്ക് ആലോചിക്കാനേ വയ്യായിരുന്നു. മറുപടിക്കത്തുകൾ അദ്ദേഹം ഇങ്ങോട്ടു വന്ന കത്തിന്റെ മാർജ്ജിനിലോ അല്ലെങ്കിൽ ഒഴിഞ്ഞ പിന്നാമ്പുറത്തോ ഒക്കെ എഴുതി തിരിച്ചയക്കുമായിരുന്നു. 

ജെ. പോൾ ഗെറ്റി തന്റെ അളവറ്റ സമ്പാദ്യം മുഴുവനും സ്വന്തം കഠിനാധ്വാനത്താൽ നേടിയതായിരുന്നു. ആ പണം അതിന്റെ മൂല്യമറിയാത്ത തന്റെ കുടുംബം ധൂർത്തടിക്കുന്നത് അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു. എൺപത്തിമൂന്നാമത്തെ വയസ്സിൽ ഹൃദയാഘാതം വന്നു മരണമടയുന്നതുവരെയും അദ്ദേഹം തന്റെ രണ്ട് വിനോദങ്ങളിൽ അഭിരമിച്ചുകൊണ്ടിരുന്നു. ഒന്ന്, പുരാവസ്തുക്കളുടെ ശേഖരം. രണ്ട്, സുന്ദരികളുമായുള്ള സഹവാസം. ഇന്ന് ഇന്ത്യൻ സാമ്പത്തിക രംഗത്തു പോലും പ്രസക്തമായ ഒരു വാചകം അദ്ദേഹം പറഞ്ഞു വെച്ചതാണ്, " നിങ്ങൾ ബാങ്കിന്  പതിനായിരം രൂപ തിരിച്ചടക്കാനുണ്ടെങ്കിൽ അത് നിങ്ങളുടെ പ്രശ്നമാണ്. എന്നാൽ, നിങ്ങൾ ബാങ്കിന് നൂറു കോടി രൂപ തിരിച്ചടക്കാനുണ്ടെങ്കിൽ പ്രശ്നം ബാങ്കിന്റേതാണ്.. " 

 

 

 

click me!