
തിരുവനന്തപുരം: പുതുവത്സരമെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക, ജീവിതത്തിൽ എന്ത് മാറ്റം വരുത്തുമെന്ന പ്രതിജ്ഞ്ഞയാണ് പുതുവർഷത്തിൽ എടുക്കുക എന്നതാണ്. ഇക്കുറി അത് പോരാ. നമ്മുടെ ജീവിതം നന്നാക്കാനുള്ള പ്രതിജ്ഞ്ഞ മാത്രം പോരാ. നാം ജീവിക്കുന്ന ഭൂമിക്കു കൂടി വേണം ഇത്തവണ ഒരു പ്രതിജ്ഞ എടുക്കാൻ. കാരണം, ഏത് പ്രതിജ്ഞയും നടപ്പാവാൻ നാം വേണം. നമ്മുടെ കാലിനടിയിൽ നമുക്ക് നിലനിൽക്കാ അൽപ്പം മണ്ണ് വേണം. ഭൂമി വേണം. ആകാശം വേണം. ജലം വേണം. പ്രാണവായു വേണം. അതിനാൽ, ഇത്തവണ നമുക്ക് ഭൂമിക്ക് വേണ്ടിയും ഒരു പ്രതിജ്ഞ എടുക്കേണ്ടതുണ്ട്.
അതിനു മുമ്പ് ഒരു വാചകം കേൾപ്പിക്കാം. ഡേവിഡ് സുസുക്കിയുടെ ഏറെ പ്രശസ്തമായൊരു വാചകം.
"ഏഴ് ബില്യൺ ജനങ്ങളുള്ള ഒരു ലോകത്ത്, നമ്മൾ ഓരോരുത്തരും ബക്കറ്റിലെ ഒരു തുള്ളിയാണ്. എന്നാൽ ആവശ്യത്തിന് തുള്ളി ഉപയോഗിച്ച് നമുക്ക് ഏത് ബക്കറ്റും നിറക്കാം"
അതെ, നമ്മളോരോരുത്തരും തീരുമാനിച്ചാൽ, ഭൂമിയെ നമുക്ക് ആസന്നമരണത്തിൽ നിന്ന് കരകയറ്റാം. നമ്മുടെ നിലനിൽപ്പ് ഉറപ്പാക്കാം. നമ്മുടെ വരും തലമുറയുടെ ഭാവി ഭദ്രമാക്കാം. കാലാവസ്ഥാ വ്യതിയാനം നാശത്തിന്റെ വാതിൽ പാതി തുറന്ന കാലത്ത് നമുക്ക് അടിയന്തരമായി ചിലത് ചെയ്യേണ്ടതുണ്ട്. എല്ലാവരും ചെയ്യാതെ ഞാനെന്ത് ചെയ്യാൻ എന്ന് കരുതേണ്ട. ഓരോ മനുഷ്യരും ഒറ്റയ്ക്കൊറ്റയ്ക്ക് ചെയ്താൽ ആ ലക്ഷ്യത്തിലേക്ക് എത്താം. ഒന്നിച്ച് നിന്ന് നമ്മുടെ നിലനിൽപ്പ് ഉറപ്പാക്കാം.
ഭൂമിക്കു വേണ്ടി ഒറ്റയ്ക്കൊറ്റയ്ക്ക് നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാം. ഉറപ്പാണ്, ഇവയെല്ലാം നമുക്ക് ചെയ്യാനാവുന്നതേ ഉള്ളൂ.
1 ) കാലാവസ്ഥ വ്യതിയാനത്തിന് എതിരായ വലിയ ജനകീയ കൂട്ടായ്മകൾ നമുക്ക് ചുറ്റുമുണ്ട്. ആ പ്രസ്ഥാനങ്ങളെ ആത്മാർത്ഥമായി പിന്തുണയ്ക്കുക
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ വളർന്നു വരുന്ന തലമുറക്ക് കൂടുതൽ അപകടസാധ്യതയുണ്ട്. അതിനുവേണ്ടി പുതുതലമുറ പ്രവർത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ കാലാവസ്ഥ പഠന കേന്ദ്രങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അതിനു സർക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റെല്ലാ മേഖലകളെക്കാളും കാലാവസ്ഥ ഗവേഷണ കേന്ദ്രങ്ങളും കാലാവസ്ഥ പഠന കോഴ്സുകളും അത്യാവശ്യമാണ്. സമൂഹത്തെ ബോധവത്ക്കരിക്കാൻ പ്രാവീണ്യം നേടിയ യുവത അത്യാവശ്യമാണ്. സ്കൂളുകളിലും കാലാവസ്ഥ പഠനം നിർബന്ധിത വിഷയമാക്കേണ്ടതുണ്ട്. കൂടുതൽ ബോധവത്ക്കരണ ക്ലാസുകൾ സംഘപ്പിക്കേണ്ടതുണ്ട്.
2 ) നഷ്ടപ്പെട്ട പച്ചപ്പ് തിരികെ കൊണ്ടുവരാൻ നമുക്കാവണം.
മരങ്ങളാണ് ഭൂമിയുടെ ആത്മാവ്. ഒരു മാസം ഒരാൾ രണ്ടു മരമെങ്കിലും നിർബന്ധമായും നടാൻ ശ്രമിക്കാം. അങ്ങനെയെങ്കിൽ 2021 ആകുമ്പോളേക്കും 3.48 കോടി ജനങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ 84 കോടി അധികം മരങ്ങൾ ഉണ്ടാവും. വീണ്ടും നമ്മുടെ പച്ചപ്പ് തിരികെ കിട്ടും
നമ്മുടെ കൊച്ചു കാലാവസ്ഥ പ്രവർത്തക എട്ടു വയസ്സുകാരി ലിസിപ്രിയാ കുങ്കുജത്തിന്റെ വാക്കുകൾ ഓർക്കാം : "പ്രിയപ്പെട്ട മിസ്റ്റർ മോഡി, ഫൈനൽ പരീക്ഷ പാസ്സാകണമെങ്കിൽ ഇന്ത്യയിലെ ഓരോ വിദ്യാർത്ഥിയും ചുരുങ്ങിയത് 10 മരങ്ങൾ നടണമെന്ന കാലാവസ്ഥ വ്യതിയാന നിയമം പാസ്സാക്കുക, 350 ദശലക്ഷം വിദ്യാർഥികൾ * 10 മരങ്ങൾ =3.5 ബില്യൻ മരങ്ങൾ ഒരു വർഷം"
3 ) ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കാം
നമ്മുടെ രാജ്യ തലസ്ഥാനം ആയ ഡൽഹി കണ്ടില്ലേ എന്തൊരു മലിനമാണ്. നമ്മുടെ ഭൂമി നോക്കൂ, ആഗോള താപനം കൊണ്ട് ആകെ മാറിപ്പോയിരിക്കുന്നു. നമ്മൾ മാറുകയല്ലാതെ വേറെ ഒരു വഴിയുമില്ല. നിങ്ങളുടെ ഗതാഗത മാർഗം കൊണ്ടുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക വഴി ഭൂമി മാത്രമല്ല നമ്മുടെ ആരോഗ്യവും പൈസയുമൊക്കെ ലഭിക്കുകയുമാവാം.
അതിനു എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് നോക്കാം
മലിനീകരണം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് ബൈക്കും കാറുമൊക്കെ ഉപേക്ഷിച്ചു പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നത് . കുറഞ്ഞ ദൂരത്തിലേക്കാണെങ്കിൽ സൈക്കിൾ ഉപയോഗിക്കാം, ആരോഗ്യവും മെച്ചപ്പെടും. ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാം. വിമാന യാത്ര കഴിവതും ഒഴിവാക്കാൻ നോക്കാം. എസിയുടെ ഉപയോഗം കുറക്കാം.
4 ) ഊർജ്ജ ഉപയോഗത്തിൽ സൂക്ഷ്മത കൈവരിക്കുക.
മലിനീകരണം തടയുന്നതിനുള്ള മറ്റൊരു മാർഗമാണ് കൂടുതൽ ഊർജ്ജക്ഷമത കൈവരിക്കുക. ഇത് ഊർജ്ജ ഉല്പാദന നിലയങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉല്പാദനം കുറക്കുന്നു. നമ്മുടെ വീട്ടിലെ ഊർജ്ജ ഉപയോഗം കുറക്കാൻ പറ്റുന്ന ചില മാർഗ്ഗങ്ങൾ നോക്കാം:
ഊർജ്ജ ഉപയോഗം കുറഞ്ഞ രീതിയിലുള്ള ബൾബുകൾ വാങ്ങാം. വൈദ്യുത ഉപകരണങ്ങൾ ഉപയോഗ ശേഷം വൈദ്യുത ബന്ധം വിച്ഛേദിക്കാം. കുറഞ്ഞ ഊർജ്ജ ഉപയോഗമുള്ള ഉപകരണങ്ങൾ വാങ്ങാം. വസ്ത്രങ്ങൾ ഡ്രയറിൽ ഇട്ടു ഉണക്കാതെ പുറത്തു കാറ്റത്തോ വെയിലത്തോ ഉണക്കാം. ഉപകരണങ്ങൾ വാങ്ങുമ്പോൾ എനർജി സ്റ്റാർ ലേബൽ നോക്കി വാങ്ങാൻ ശ്രദ്ധിക്കാം.
5 ) ഭക്ഷണത്തിലൂടെയും കാലാവസ്ഥയെ സംരക്ഷിക്കാം
കൂടുതൽ ഭക്ഷണം കഴിച്ചു തടിയന്മാരാകുന്നത് കൂടുതൽ ഹരിതഗൃഹ വാതക പുറംതള്ളലിന് കാരണമാകും. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു ശരീരത്തെ ശരാശരി മനുഷ്യന്റെ ഭാരമാക്കാൻ ശ്രദ്ധിക്കാം. ജൈവ ഭക്ഷണങ്ങൾ ഉപയോഗിക്കാൻ ശീലിക്കാം. വീട്ടിലൊരു പച്ചക്കറി തോട്ടം തുടങ്ങാം. ഭക്ഷണം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കാം.
6 ) പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, പാഴ്‍വസ്തുക്കളില്‍ നിന്ന് പുനരുത്പാദനം നടത്താനുള്ള വഴികൾ ശ്രദ്ധിക്കുക
പ്ലാസ്റ്റിക് എന്നും ഒരു വില്ലനാണ്. ഉപയോഗം കുറക്കലാണ് ഏറ്റവും നല്ലത്. ചന്തയിലും മറ്റും പോകുമ്പോൾ വീട്ടിൽ നിന്നും സഞ്ചികളുമായി പോകുക. കുപ്പിയിൽ വെള്ളം കൂടെ കരുതുക. കുടിവെള്ളക്കമ്പനികൾക്ക് ചെയ്യാൻ പറ്റുന്ന ഒരുകാര്യം കുടിവെള്ളം വിൽക്കുമ്പോൾ കുറച്ചു പൈസ കൂട്ടി വാങ്ങിയിട്ട് കുപ്പി തിരിച്ചുകൊടുത്താൽ പൈസ തിരിച്ചു കൊടുക്കുന്ന സ്കീം കൊണ്ട് വരിക എന്നതാണ്. പരിസ്ഥിതിക്ക് ഇണങ്ങുന്ന വസ്തുക്കൾ ഉപയോഗിക്കുക. നിങ്ങൾ ഉപേക്ഷിച്ച പേപ്പറുകൾ, ഗ്ലാസുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ചു നിങ്ങളുടെ പ്രാദേശിക കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കുക.
7 ) നിലനിൽപ്പിന്റെ രാഷ്ട്രീയം തിരിച്ചറിയുക. കാലാവസ്ഥ മാറ്റങ്ങൾ നേരിടാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ അജണ്ടകളിൽ ഉൾപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികളെ നിർബന്ധിക്കുക.
Read More: തീരപ്രദേശങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി അന്റാര്‍ട്ടിക്കയില്‍ റെക്കോര്‍ഡ് മഞ്ഞുരുക്കം
ഇത് വളരെ അത്യാവശ്യമായ സംഗതിയാണ്. നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമാണ്. നമ്മുടെ കാലാവസ്ഥയെ സംരക്ഷിക്കാൻ ജനപ്രതിനിധികൾ മുൻപോട്ടിറങ്ങണം. അങ്ങിനെ ഇറങ്ങുന്നവർ വിജയിക്കട്ടെ. മറ്റെന്തിനേക്കാളും നമുക്കത്യാവശ്യം ശ്വസിക്കാൻ വായുവും കുടിക്കാൻ വെള്ളവും ഭക്ഷിക്കാൻ ഭക്ഷണവും ജീവിക്കാൻ നല്ല അന്തരീക്ഷവസ്ഥയുമാണ്. വേറെ എന്തും അത് കഴിഞ്ഞു മാത്രമുള്ളതാണ്. അതിനാൽ ഭൂമിയെ സംരക്ഷിക്കാൻ മുൻകൈയെടുക്കുന്നവർ മുൻപോട്ടു വരട്ടെ.
അപ്പൊ റെഡിയല്ലേ. ഭൂമി ഏറ്റവും അപകടത്തിൽ നിൽക്കുന്നൊരു കാലമാണ്. വിപൽസൂചനകളാണ് എങ്ങും. നമ്മൾ ഇറങ്ങേണ്ട യുദ്ധമാണിത്.
അപ്പോൾ, ഓർക്കുക, ഈ പുതുവർഷം ഭൂമിക്ക് കൂടി ഉള്ളതാവട്ടെ. ഒരിക്കൽ കൂടി പുതുവത്സരാശംസകൾ.