ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തുമെന്ന ഭീഷണി ഉയര്‍ത്തി, അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുക്കം കൂടുന്നതിനിടെ, സുപ്രധാന വെളിപ്പെടുത്തലുമായി പഠന റിപ്പോര്‍ട്ട്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം ക്രിസ്മസ് രാവില്‍ ആധുനിക കാലത്തെ ഏറ്റവും കൂടിയ തോതിലെത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആ ഒരൊറ്റ ദിവസം മാത്രം അന്റാര്‍ട്ടിക്കയുടെ ഉപരിതലത്തിലെ 15 ശതമാനം മഞ്ഞുരുകിയതായാണ് നാഷനല്‍ സെന്‍േറഴ്‌സ് ഓഫ് എന്‍വയണ്‍മെന്റല്‍ പഠന പെഡ്രിക്ഷന്‍ (എന്‍സിഇപി) യുടെ ഗ്ലോബല്‍ ഫോര്‍കാസ്റ്റ് സിസറ്റം രേഖപ്പെടുത്തിയത്. ബെല്‍ജിയത്തിലെ ലീജ് (LIEGE) സര്‍വകലാശാല ഈ ഡാറ്റ വിലയിരുത്തി, 1979 നു ശേഷം ഏറ്റവും ഉയര്‍ന്ന അളവില്‍ മഞ്ഞുരുകിയ ദിവസമാണ് ഡിസംബര്‍ 24 എന്നാണ് വ്യക്തമാക്കുന്നത്. ഈ വര്‍ഷം നവംബറിനു ശേഷമുള്ള മഞ്ഞുരുകല്‍ ഇതുവരെയുള്ള മഞ്ഞുരുകലിന്റെ ശരാശരിയേക്കാള്‍ 230 ശതമാനം കൂടുതലാണെന്ന് ലീജ് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ സേവ്യര്‍ ഫെറ്റ്‌വീസ് ട്വീറ്റ് ചെയ്തു.

 

വരും നാളുകള്‍ ആഗോള സമുദ്രനിരപ്പ് വന്‍തോതില്‍ ഉയരാനുള്ള സാദ്ധ്യതയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. മഞ്ഞുരുക്കം കൂടുന്നത് സമുദ്രനിരപ്പ് ഉയരാനും അതുവഴി സമുദ്രതീരങ്ങള്‍ കൂടുതല്‍ കടലെടുക്കാനും ഇടയാകും. 

അന്റാര്‍ട്ടിക്ക് മഞ്ഞുപാളികളില്‍നിന്ന് ഉരുകിയെത്തുന്ന ജലം 2100-ഓടെ ആഗോള സമുദ്രനിരപ്പ് ഒരു മീറ്റര്‍ വരെ ഉയര്‍ത്താമെന്ന് റോബര്‍ട്ട് ഡെക്കോമോയുടെ നേതൃത്വത്തില്‍ 2016ലും ബെന്‍ ബ്രോണ്‍സിലറിന്റെ നേതൃത്വത്തില്‍ 2019ലും നടന്ന പഠനങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. സാറ്റലൈറ്റ് യുഗത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഞ്ഞുരുകലാണ് അന്റാര്‍ട്ടിക്കയില്‍  ഇപ്പോള്‍ നടക്കുന്നതെന്നാണ് ലീജ് സര്‍വകലാശാലാ നടത്തിയ പഠനം വ്യക്തമാക്കുന്നത്. 

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഭൂമിയുടെ തെക്കന്‍ അര്‍ദ്ധപാതിയില്‍ വേനല്‍ക്കാലമാണ്. ചൂടുകൂടിയതിനാലാണ് അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികള്‍ ഉരുകുന്നത്. ഹിമപാളിയുടെ അടിത്തറയിലുള്ള ഭാഗങ്ങളില്‍ നിന്നുമുള്ള ചൂടും ഹിമാനികള്‍ ഉരുകാനുള്ള കാരണമാകുന്നു. ചൂടുള്ള അന്തരീക്ഷവസ്ഥ ഹിമാനികളുടെ അടിത്തറ ദുര്‍ബലമാക്കുകയും ചലനമുണ്ടാക്കുകയും  ചെയ്യുന്നു. ഇതേതുടര്‍ന്ന് വലിയതോതില്‍ ഹിമാനികള്‍ ഉരുകുകയും ഒലിച്ചുപോകുകയും ചെയ്യുന്നു. ഉപരിതലത്തില്‍ മഞ്ഞുപാളികള്‍ വലിയതോതില്‍ ഉരുകുമ്പോള്‍ ഉരുകിവന്ന ജലം കെട്ടിക്കിടക്കുകയോ അല്ലെങ്കില്‍ ഹിമാനികള്‍ക്കിടയിലെ വിള്ളലുകളിലൂടെ അരിച്ചിറങ്ങുകയോ ചെയ്യും. തന്മൂലം കൂടുതല്‍ വിള്ളലുണ്ടാകുകയും മഞ്ഞുപാളികള്‍ വിഘടിക്കുകയും ചെയ്യുന്നു. 

അന്റാര്‍ട്ടിക്ക് ഹിമാനികളുടെ ഉപരിതല മഞ്ഞുരുകല്‍  കാലം  നവംബര്‍ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരി വരെയാണ്. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമാണ് ഏറ്റവും കൂടുതല്‍ മഞ്ഞുരുകുന്നത്. അന്റാര്‍ട്ടിക്കയുടെ ഉപരിതലത്തിന്റെ ശരാശരി എട്ട് ശതമാനം മഞ്ഞു മാത്രമാണ് വേനല്‍ക്കാലത്തു സാധാരണയായി ഉരുകുന്നത്. എന്നാല്‍ ഈ വര്‍ഷം മഞ്ഞുരുകല്‍ ശരാശരിയെക്കാള്‍ ഒരുപാട് കൂടുതലായിരുന്നു. നവംബര്‍ അവസാനം മുതല്‍ എല്ലാ ദിവസവും, ഹിമാനികള്‍ ഉരുകിയത്  സാധാരണ ഉപരിതലത്തില്‍ ഉരുകുന്ന വ്യാപ്തിയെക്കാള്‍ വളരെ കൂടുതലായാണ്. ക്രിസ്മസ് രാത്രിയില്‍ അന്റാര്‍ട്ടിക്  ഭൂഖണ്ഡത്തിന്റെ മഞ്ഞുമൂടിയ പ്രതലത്തിന്റെ 15 ശതമാനവും ഉരുകിയതായാണ് ലീജ് സര്‍വകലാശാല പഠനം വ്യക്തമാക്കുന്നത്. ആധുനിക കാലത്തെ  ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. 

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ആഗോളതാപനവുമാണ് വര്‍ദ്ധിച്ച ഈ മഞ്ഞുരുക്കത്തിന് കാരണമായത്. ഈ നിലതുടര്‍ന്നാല്‍ സമുദ്രനിരപ്പ് വന്‍തോതില്‍ ഉയരുന്ന അവസ്ഥയാണ് ഉണ്ടാവുക. കടലോരത്തെ പ്രദേശങ്ങള്‍ കൂടുതലായി മുങ്ങിപ്പോവുന്ന അവസ്ഥയായിരിക്കും ഇതിന്റെ ഫലം.