പ്ലേ​ഗിന്റെ ആദ്യത്തെ ഇര, 5000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന വേട്ടക്കാരനോ? കണ്ടെത്തൽ ഡിഎൻഎ പരിശോധനയിൽ

Published : Jun 30, 2021, 09:52 AM ISTUpdated : Jul 01, 2021, 09:41 AM IST
പ്ലേ​ഗിന്റെ ആദ്യത്തെ ഇര, 5000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന വേട്ടക്കാരനോ? കണ്ടെത്തൽ ഡിഎൻഎ പരിശോധനയിൽ

Synopsis

ആദ്യകാലത്ത് വലിയ വ്യാപനമില്ലാതെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കായിരിക്കാം വൈറസ് പടര്‍ന്നിരിക്കുക എന്നാണ് കരുതുന്നത്. എന്നാല്‍, പിന്നീട് മനുഷ്യര്‍ക്കിടയില്‍ വലിയ തോതില്‍ പ്ലേ​ഗ് പടര്‍ന്ന് പിടിച്ചു. 

കൊറോണ വൈറസ് ലോകത്താകമാനം പടർന്നുപിടിക്കുകയും ലോകത്തെ എല്ലാ തരത്തിലും നിശ്ചലമാക്കുകയും ചെയ്തിട്ട് ഒരു വർഷത്തിലേറെയായി. ഇതിന് വളരെ വളരെ വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിൽ കോടിക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ മഹാമാരിയായിരുന്നു പ്ലേ​ഗ്. പ്ലേ​ഗിന്റെ ആദ്യത്തെ ഇര ആരാവും? ഇപ്പോഴിതാ പ്ലേ​ഗിന്റെ ആദ്യ ഇര ഒരു വേട്ടക്കാരനായിരിക്കണം എന്ന് പറയുകയാണ് പുതിയ ചില വെളിപ്പെടുത്തലുകൾ.

പ്ലേഗ് കാരണം മരണമടഞ്ഞ ആദ്യവ്യക്തി 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു വേട്ടക്കാരനാണ് എന്നാണ് ഈ പഠനം പറയുന്നത്. 1300 -കളിൽ യൂറോപ്പിലൂടെ പടര്‍ന്നു പിടിച്ച പ്ലേഗ് ജനസംഖ്യയുടെ പകുതിയിലധികവും തുടച്ചുമാറ്റി. തുടര്‍ന്നു വന്ന നൂറ്റാണ്ടുകളിലും പ്ലേഗ് പടര്‍ന്ന് പിടിക്കുകയും കോടിക്കണക്കിന് പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. 

'ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴയ പ്ലേഗ് ഇര ഇതാണ്' എന്ന് ജർമ്മനിയിലെ കിയൽ സർവകലാശാലയിലെ ഡോ. ബെൻ ക്രൗസ്-ക്യോറ പറഞ്ഞു. ബാൾട്ടിക് കടലിലേക്ക് ഒഴുകുന്ന സലാക് നദിയുടെ അരികിൽ ലാത്വിയയിലെ ഒരു നിയോലിത്തിക്ക് ശ്മശാന സ്ഥലത്താണ് മറ്റ് മൂന്നുപേര്‍ക്കൊപ്പം ഇയാളെയും സംസ്കരിച്ചിരിക്കുന്നത്. നാലുപേരുടെയും അസ്ഥികളും പല്ലും ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കുകയും ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയയോ വൈറസോ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നാണ് വേട്ടക്കാരനാണ് എന്ന് തോന്നിക്കുന്ന, ഇരുപതുകളിലുള്ള ഒരാള്‍ക്ക് പ്ലേഗ് ബാധയായിരുന്നുവെന്ന് മനസിലാവുന്നത്. അയാളെ എലി കടിച്ചിരുന്നിരിക്കാം. അവിടെനിന്നും വൈറസ് ബാധയുണ്ടാവുകയും ഒരാഴ്ചയ്ക്കുള്ളില്‍ അയാള്‍ മരിച്ചിട്ടുണ്ടാകാം എന്നും പഠനം പറയുന്നു. 

ആദ്യകാലത്ത് വലിയ വ്യാപനമില്ലാതെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കായിരിക്കാം വൈറസ് പടര്‍ന്നിരിക്കുക എന്നാണ് കരുതുന്നത്. എന്നാല്‍, പിന്നീട് മനുഷ്യര്‍ക്കിടയില്‍ വലിയ തോതില്‍ പ്ലേ​ഗ് പടര്‍ന്ന് പിടിച്ചു. അതാണ് ബ്യൂബോണിക് പ്ലേഗ് എന്ന് അറിയപ്പെടുന്നത്. അത് മധ്യകാലയൂറോപ്പില്‍ കോടിക്കണക്കിന് പേരുടെ മരണത്തിനിടയാക്കി. 

ഇന്നും പ്ലേഗ് ഉണ്ടെങ്കിലും ആന്‍റിബയോട്ടിക്കുകളുപയോഗിച്ച് ചികിത്സിക്കാവുന്ന തരത്തിലേക്ക് അത് മാറിയിട്ടുണ്ട്. ഏതായാലും പ്ലേഗിന്‍റെ ആദ്യത്തെ തിരിച്ചറിയപ്പെട്ട ഇര എന്ന് കരുതുന്നത് ഈ വേട്ടക്കാരനായിരിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് സംബന്ധിച്ച പഠനം കാള്‍ റിപ്പോര്‍ട്ട്സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇങ്ങനെയുള്ള മാനേജറൊക്കെ ഈ ലോകത്തുണ്ടോ, ഭാഗ്യം വേണം; വൈറലായി പോസ്റ്റ്, കമന്‍റുകളുമായി നെറ്റിസണ്‍സ്
50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍, എവിടെയായിരുന്നു?