യുപിഎസ്‌സി 440-ാം റാങ്ക്, നാട്ടിലെ 'ഹീറോ'യായി; പക്ഷേ എല്ലാം വ്യാജം; പിന്നാലെ മുങ്ങി, ആളെത്തപ്പി പോലീസും

Published : Mar 13, 2026, 12:31 PM IST
Fake result Ranjit Yadav

Synopsis

യുപിഎസ്‌സി പരീക്ഷയിൽ 440-ാം റാങ്ക് ലഭിച്ചെന്ന ബീഹാർ സ്വദേശി രഞ്ജിത് യാദവിന്‍റെ അവകാശവാദത്തിന് പിന്നാലെ വാർത്ത വൈറലായി. രാഷ്ട്രീയ നേതാവെത്തി അഭിനന്ദിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസും ആദരിച്ചു. പക്ഷേ സംഗതി വ്യാജമാണെന്നും യഥാർത്ഥ വിജയി കർണാടക സ്വദേശിയാണെന്ന് വ്യക്തമായതോടെ ഇയാൾ ഒളിവിൽ പോയി.

 

യുപിഎസ്‌സി പരീക്ഷാഫലം 2025 -ൽ 440-ാം റാങ്ക് ലഭിച്ചെന്ന ബീഹാർ സ്വദേശിയുടെ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞു. പിന്നാലെ ഒളിവിൽ പോയ ഇയാളെ തേടി പോലീസ് ഇറങ്ങിയെന്ന് റിപ്പോര്‍ട്ട്. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ അരിയാരു ബ്ലോക്കിലെ ഫത്തേപൂർ ഗ്രാമത്തിലെ രഞ്ജിത് യാദവാണ് തനിക്ക് യുപിഎസ്സി പരീക്ഷയിൽ 440 -ാം റാങ്ക് ലഭിച്ചെന്ന് അവകാശപ്പെട്ടത്. പരീക്ഷഫലം വന്നതിന് പിന്നാലെ ഇയാൾ അവകാശവാദം ഉന്നയിച്ചു.

അഭിനന്ദന പ്രവാഹം

ഇതോടെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഫത്തേപൂർ ഗ്രാമത്തിലെത്തി രഞ്ജിത് യാദവിനെ കണ്ടു. സംഭവം ഏറെ വാർത്താ പ്രാധാന്യം നേടി. മുന്‍ രാഷ്ട്രീയ ജനതാദൾ എംഎൽഎയായിരുന്ന വിജയ് സാമ്രാട്ട് ഫത്തേപൂർ ഗ്രാമത്തിലെ രഞ്ജിതിന്‍റെ വീട്ടിലെത്തി അഭിനന്ദിച്ചു. സമ്മാനങ്ങളും കൈമാറി. മഹുലി സ്റ്റേഷൻ ഹൗസ് ഓഫീസർ രാംപ്രവേശ് ഭാരതി, രഞ്ജിത്തിനെ പോലീസ് സ്റ്റേഷനിലേക്ക് ക്ഷണിച്ച് മധുരപലഹാരങ്ങൾ നൽകി ആദരിച്ചു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. പക്ഷേ. ആദ്യത്തെ ആവേശം ഒന്നടങ്ങിയപ്പോഴാണ് രഞ്ജിത് യാദവിന്‍റെ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ ആദരിച്ചവരെല്ലാം രഞ്ജിത്തിനെ കൈവിട്ടു.

 

 

 

 

വിജയിച്ചത് കർണാടക സ്വദേശി

യുപിഎസ്‌സി 440-ാം റാങ്ക് ബീഹാറിലെ രഞ്ജിത്തിന് അല്ലെന്നും അത് കർണാടകയിലെ ചിക്കബെല്ലാപൂർ സ്വദേശിയായ രഞ്ജിത്ത് കുമാർ ആർ എന്നയാൾക്കാണെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ മഹുലി സ്റ്റേഷൻ ഓഫീസർ ആധാർ കാർഡും യുപിഎസ്‌സി അഡ്മിറ്റ് കാർഡും കൊണ്ട് സ്റ്റേഷനിലേക്ക് വരാൻ രഞ്ജിത് യാദവിനോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് ഇയാൾ ഗ്രാമം വിട്ടത്. വിജയ് സാമ്രാട്ട്, തന്‍റെ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയും ഫോട്ടോയും ഡിലീറ്റ് ചെയ്തു.

 

 

ഐഎഎസുകാരനാകാൻ ആഗ്രഹം

കര്‍ഷക കുടുംബത്തില്‍ നിന്നുള്ള രഞ്ജിത്ത്, പഠിക്കാന്‍ ദില്ലിയിലേക്ക് പോയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. തന്‍റെ സുഹൃത്തുക്കളില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി. താനും ഉടൻ തന്നെ ഐഎഎസ് ഉദ്യോഗസ്ഥനാകുമെന്ന് രഞ്ജിത്ത് ഗ്രാമത്തില്‍ പലരോടും അവകാശപ്പെട്ടിരുന്നു. പരീക്ഷാ റിസൾട്ട് വന്നപ്പോൾ മറ്റൊരു രഞ്ജിന്‍റെ വിജയം തന്‍റെതാണെന്ന് അദ്ദേഹം അവകാശപ്പെടുകയായിരുന്നെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗതി എന്തായാലും രഞ്ജിത്തിനെ ഉപയോഗിച്ച് ചെയ്ത മോട്ടിവേഷൻ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

PREV
Read more Articles on
click me!

Recommended Stories

ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 2,000 ജീവനുള്ള പൂന്തോട്ട റാണി ഉറുമ്പുകളെ, ചൈനക്കാരൻ അറസ്റ്റിൽ, പിന്നിൽ ഗൂഢസംഘം
മേലുദ്യോഗസ്ഥൻ 'പൊട്ടറ്റോ' എന്ന് വിളിച്ച് അപമാനിച്ചു; യുവതിക്ക് 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി