മൂക്കുത്തിയിട്ട് വരരുതെന്ന് തമിഴ്പെണ്‍കുട്ടിയോട് സ്‌കൂള്‍, ഹിജാബ്കേസില്‍ ചര്‍ച്ചയായി ദ.ആ്രഫിക്കന്‍ കോടതിവിധി

Web Desk   | Asianet News
Published : Feb 18, 2022, 03:38 PM ISTUpdated : Feb 18, 2022, 05:47 PM IST
മൂക്കുത്തിയിട്ട് വരരുതെന്ന് തമിഴ്പെണ്‍കുട്ടിയോട് സ്‌കൂള്‍,  ഹിജാബ്കേസില്‍ ചര്‍ച്ചയായി ദ.ആ്രഫിക്കന്‍ കോടതിവിധി

Synopsis

ഹിജാബ് കേസില്‍ കുന്ദാപുര കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദേവദത്ത് കാമത്താണ് ഈ ദക്ഷിണാഫ്രിക്കന്‍ കോടതി വിധി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.  

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ചര്‍ച്ചയായി ദക്ഷിണാഫ്രിക്കന്‍ കോടതിവിധി. ഹിജാബ് കേസില്‍ കുന്ദാപുര കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദേവദത്ത് കാമത്താണ് ഈ ദക്ഷിണാഫ്രിക്കന്‍ കോടതി വിധി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. സ്‌കൂള്‍ നിയമാവലിക്ക് വിരുദ്ധമായി മൂക്കുത്തി ധരിക്കുന്നതില്‍ ആത്മാര്‍ത്ഥമായ വിശ്വാസ പ്രകാരമാണോ എന്നതാണ് പ്രധാനമെന്നാണ് ഈ ദക്ഷിണാഫ്രിക്കന്‍ കോടതി വിശദീകരിക്കുന്നത്. ലൈവ് ലോ നിയമപോര്‍ട്ടല്‍ മാനേജിംഗ് എഡിറ്റര്‍ മനു സെബാസ്റ്റിയന്‍ ദക്ഷിണാഫ്രിക്കന്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ ഇന്നലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 

 

 

ദക്ഷിണാഫ്രിക്കയിലെ ഭരണഘടനാ കോടതിയാണ് തമിഴ് വംശജയായ വിദ്യാര്‍ത്ഥിനിയുടെ മതാചാരവുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്. ദക്ഷിണാഫ്രിക്കയിലെ സ്‌കൂളില്‍ പഠിക്കുന്ന, തമിഴ്‌നാട്ടില്‍ വേരുകളുള്ള സുനാലി പിള്ള എന്ന പെണ്‍കുട്ടിയാണ് സ്‌കൂളില്‍ മൂക്കുത്തി ധരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് പയസ് ലാംഗയുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. 

ഡര്‍ബന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സുനാലി പിള്ള. സ്‌കൂളിന്റെ നിയമനുസരിച്ച്, ചെറിയ കമ്മലുകളും വാച്ചും മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ധരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. മറ്റ് എല്ലാ ആഭരണങ്ങളും സ്‌കൂള്‍ നിരോധിച്ചിരുന്നു. എന്നാല്‍ 2004-ല്‍ സുനാലി അവധി കഴിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയത് ഒരു മൂക്കുത്തിയുമായിട്ടായിരുന്നു. , പത്താം ക്ലസ് വിദ്യാര്‍ത്ഥിനിയായ സുനാലിയുടെ മൂക്കുത്തി സ്‌കൂള്‍ നിയമാവലിയുടെ ലംഘനമായാണ് സ്‌കൂള്‍ അധികൃതര്‍ കണക്കാക്കിയത്. എങ്കിലും, മൂക്കിലെ മുറിവുണങ്ങുന്നത് വരെ അത് ധരിച്ചുകൊള്ളാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവാദം നല്‍കി. 

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും അത് നീക്കം ചെയ്യാന്‍ സുനാലി തയ്യാറായില്ല. 2005-ല്‍ മൂക്കുത്തിയുമായി വീണ്ടും അവള്‍ സ്‌കൂളില്‍ എത്തി. തുടര്‍ന്ന്, സ്‌കൂളിലെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ മൂക്കുത്തി ധരിക്കുന്നതില്‍ നിന്ന് അവളെ വിലക്കി. ഈ വിഷയത്തില്‍ അമ്മയായ നവനീതം പിള്ളയോട് വിശദീകരണം ചോദിച്ച സ്‌കൂളിനോട്, തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് മൂക്കുത്തിയെന്ന് അവര്‍ പറഞ്ഞു. സ്‌കൂളും നവനീതം പിള്ളയും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ അവര്‍ സ്‌കൂളിനെതിരെ കോടതിയെ സമീപിച്ചു. മൂക്കുത്തി ധരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ പ്രദേശിക കോടതിയെ സമീപിച്ചത്.  
 
സ്‌കൂള്‍ സുനാലിയോട് അന്യായമായി വിവേചനം കാണിക്കുകയും അവളുടെ സാംസ്‌കാരിക അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്തു എന്ന് അമ്മ കോടതിയില്‍ പറഞ്ഞു. കോടതി എന്നാല്‍ അവരെ പിന്തുണച്ചില്ല, വിധി അവര്‍ക്കെതിരായിരുന്നു. 

ആ വിധിക്കെതിരെ നവനീതം പിള്ള അപ്പീല്‍ നല്‍കി. ആ വിധി അവര്‍ക്ക് അനുകൂലമായിരുന്നു. സ്‌കൂള്‍ അധികൃതര്‍ സുനാലി പിള്ളയോട് വിവേചനം കാണിച്ചെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന നിലയില്‍ സ്‌കൂളില്‍ മൂക്കുത്തി ധരിക്കാമെന്നും ഹൈക്കോടതി വിധിച്ചു. 

മൂക്കുത്തി ധരിക്കുന്നത് അത്യാവശ്യമാണോ നിര്‍ബന്ധമാണോ എന്നതല്ല വിഷയം, മറിച്ച് അത് ആത്മാര്‍ത്ഥമായ ഒരു വിശ്വാസമാണോ എന്നതാണ് പ്രധാനമെന്ന് കോടതി വിശദീകരിച്ചു. സ്‌കൂളില്‍ എത്തുന്ന ഏതാനും മണിക്കൂറുകള്‍ മാത്രം മൂക്കുത്തി മാറ്റിവച്ചാല്‍ വിശ്വാസത്തിന് കോട്ടം തട്ടുകയില്ലെന്ന് സ്‌കൂള്‍ വാദിച്ചു. എന്നാല്‍ അവളും, അവളുടെ മതവും, അവളുടെ സംസ്‌കാരവും അവിടെ സ്വീകാര്യമല്ലെന്ന സന്ദേശമായിരിക്കും അത് നല്‍കുകയെന്നും, ഇത് പെണ്‍കുട്ടിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.  

അവള്‍ക്ക് മറ്റൊരു സ്‌കൂളില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സ്‌കൂള്‍ വാദിച്ചു. ഇത്തരം സമീപനം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പാര്‍ശ്വവത്കരിക്കുമെന്ന് കോടതി പറഞ്ഞു. നമ്മുടെ ഭരണഘടന നാനാത്വത്തെ അനിവാര്യമായ ഒരു തിന്മയായിട്ടല്ല കാണുന്നതെന്നും, മറിച്ച് അത് നമ്മുടെ രാജ്യത്തിന്റെ പ്രാഥമിക നിധികളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നതെന്നും കോടതി പറഞ്ഞു. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?