വിനോദസഞ്ചാരകേന്ദ്രത്തിൽ വേഷം മാറി പ്രകടനം നടത്താൻ ആളെ വേണം; പ്രതിദിന വേതനം 6000 രൂപ, ക്ഷണിച്ച് ചൈന

Published : Jun 15, 2025, 03:35 PM IST
The Shennongjia National Nature Reserve

Synopsis

ഉദ്യോഗാർത്ഥികളുടെ പ്രായമോ ലിംഗമോ പ്രശ്നമല്ല. എന്നാൽ മറ്റു രോഗങ്ങൾ ഒന്നുമില്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കണം. അതോടൊപ്പം തന്നെ ചെറിയ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിവുള്ളവർക്കും ദീർഘകാലം കാട്ടിൽ ജീവിച്ചു പരിചയമുള്ളവർക്കും മുൻഗണനയുണ്ട്.

മധ്യ ചൈനയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ വേഷം മാറി പ്രകടനം നടത്താൻ‌ ആളുകളെ ആവശ്യമുണ്ടെന്ന് പരസ്യം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് മുൻപിലാണ് ഇങ്ങനെ അഭിനയിക്കേണ്ടത്. താല്പര്യമുള്ളവർക്ക് പ്രതിദിന വേതനമായി വാഗ്ദാനം ചെയ്യുന്നത് 6000 രൂപയോളം ആണ്.

യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടതും ഹുബെയ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നതുമായ ഷെനോങ്ജിയ നാഷണൽ നേച്ചർ റിസർവിൽ ആണ് ഇത്തരത്തിൽ ഒരു പോസ്റ്റിലേക്ക് ജോലിക്കാരെ തേടിയിരിക്കുന്നത്. ജൂൺ 7 മുതൽ ഈ തസ്തികയിലേക്കുള്ള നിയമനം ആരംഭിച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനോടകം തന്നെ ഏകദേശം 10,000 പേർ ഈ ജോലിക്കായി അപേക്ഷിച്ചതായാണ് റിസർവിന്റെ മാനേജ്മെന്റ് കമ്പനി പുറത്തുവിടുന്ന വിവരങ്ങളിൽ പറയുന്നത്.

പ്രതിദിനം 500 യുവാൻ (ഏകദേശം 6,000) ശമ്പളം ലഭിക്കുന്ന ഈ ജോലി ജൂലൈ മുതൽ ഓഗസ്റ്റ് വരെ നീണ്ടുനിൽക്കും. വൈവിധ്യമാർന്ന വന്യജീവികൾ, മലനിരകളിൽ വസിക്കുന്ന കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള കാലാകാലങ്ങളായുള്ള കെട്ടുകഥകൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ റിസർവ്. ശരാശരി താപനില 20°C വരെ സുഖകരമായതിനാൽ, വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.

ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ടുള്ള പരസ്യത്തിൽ പറയുന്നതനുസരിച്ച് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും 16 വ്യക്തികളെ മാത്രമാണ് തിരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർ ജോലി കാലയളവിൽ പ്രത്യേകം ചില വേഷം ധരിക്കുകയും വനപ്രദേശങ്ങളിൽ ചുറ്റി നടക്കുകയും വേണം. കൂടാതെ വിനോദസഞ്ചാരികൾക്ക് മുൻപിൽ നൃത്തം ചെയ്യുകയും അവരുമായി ഇടപഴകുകയും വേണം. വിനോദസഞ്ചാരികൾ നൽകുന്ന ഭക്ഷണം സ്വീകരിക്കാനും കഴിക്കാനും തയ്യാറാവണം.

ഉദ്യോഗാർത്ഥികളുടെ പ്രായമോ ലിംഗമോ പ്രശ്നമല്ല. എന്നാൽ മറ്റു രോഗങ്ങൾ ഒന്നുമില്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കണം. അതോടൊപ്പം തന്നെ ചെറിയ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിവുള്ളവർക്കും ദീർഘകാലം കാട്ടിൽ ജീവിച്ചു പരിചയമുള്ളവർക്കും മുൻഗണനയുണ്ട്. കൂടാതെ പച്ചമാംസം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും മുൻഗണന ലഭിക്കും എന്നാണ് പരസ്യത്തിൽ പറയുന്നത്.

ഇതിനെല്ലാം പുറമേ ചില നിയന്ത്രണങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കലാകാരന്മാർക്ക് സംസാരിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല, ടോയ്‌ലറ്റിലേക്കുള്ള വഴി ചോദിക്കുമ്പോൾ ഒഴികെ, അവർക്ക് ഒരു മൂളൽ ശബ്ദം മാത്രമേ പുറപ്പെടുവിക്കാൻ കഴിയൂ. വന്യമൃഗങ്ങളെ സ്പർശിക്കാൻ പാടില്ല, കൂടാതെ അക്രമകാരികളായ ജീവികളെ കണ്ടാൽ ഓടിപ്പോകുകയും വേണം. ജോലി സമയം രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ്.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ