മൈക്ക് ഡി'വൈൻ, വരാനിരുന്ന കൊറോണയ്ക്കെതിരെ സാധ്യമായതെല്ലാം ചെയ്ത ഈ ഒഹായോ ഗവർണർ ട്രംപിന് മാതൃക

By Web TeamFirst Published Apr 1, 2020, 10:58 AM IST
Highlights

വേണ്ട തയ്യാറെടുപ്പോടെ, കൃത്യമായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, കേട്ടിരിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാകും വിധമാണ് ഈ എഴുപത്തിമൂന്നുകാരനായ വയോധികന്റെ ദൈനംദിന പ്രസ് മീറ്റ്. 

കൊറോണാവൈറസ് അമേരിക്കൻ മണ്ണിൽ മരണം വിതച്ചുകൊണ്ട് നടമാടുകയാണ് ഇപ്പോൾ. ചൈനയിൽ കൊവിഡ് 19 ഭീകരതാണ്ഡവമാടിക്കൊണ്ടിരുന്നപ്പോൾ, അടുത്ത അമേരിക്കയുടെ ഊഴമാണ് എന്ന് തിരിച്ചറിഞ്ഞ്, ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് ചെയ്യാതിരുന്നതിന്റെ പേരിൽ, ജനങ്ങളെ തുടർച്ചയായി തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിൽ നിശിതമായ വിമർശനങ്ങൾക്ക് വിധേയനാവുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനിടയിലും സ്വന്തം സംസ്ഥാനത്ത് ഒരൊറ്റ കേസ് പോലും ഇല്ലാതിരുന്ന സമയം മുതൽ പോലും കൈക്കൊണ്ട കർശനമായ പ്രതിരോധ നിലപാടുകളുടെ പേരിൽ പ്രശംസിക്കപ്പെടുകയാണ് ഒഹായോ ഗവർണറായ മൈക്ക് ഡി'വൈൻ. 

ഇന്നലെ, ചൊവ്വാഴ്ച, ഒഹായോയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മൈക്ക് ഡി 'വൈൻ എന്ന റിപ്പബ്ലിക്കൻ ഗവർണർ ഏറ്റവും പുതിയ കണക്കുകൾ അവതരിപ്പിക്കുമ്പോൾ, അതിന് സാകൂതം കാതോർത്തുകൊണ്ടിരുന്നത് ആ സംസ്ഥാനത്തെ ജനങ്ങൾ ഒന്നടങ്കമായിരുന്നു. അദ്ദേഹം ഇന്നലത്തെ കണക്കുകൾ മുന്നോട്ടുവെച്ചു. ആകെ  2,199 കേസുകൾ, 55 മരണങ്ങൾ, 585 പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. 

വളരെ സൗമ്യവും സഭ്യവുമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. പറയുന്നതിൽ ഒക്കെ നിറഞ്ഞു നിൽക്കുന്നത് ജനങ്ങളോടുള്ള കരുതലാണ്. ഇടയ്ക്കിടെ ജനങ്ങളോട് അവർ കാണിക്കുന്ന സഹകരണത്തിനും സഹിഷ്ണുതയ്ക്കും നന്ദി പറയും ഡി 'വൈൻ. ഒപ്പം, " ഒരു ചെറിയ മുന്നറിയിപ്പുണ്ട് " എന്ന മുഖവുരയോടെ എന്തെങ്കിലുമൊരു നിയന്ത്രണത്തെപ്പറ്റിയും പറയും. അതിനോട് സഹകരിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കും. സാമൂഹികമായ അകലം പാലിക്കേണ്ടതിനെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തൽ, എഴുപത്തിമൂന്നുകാരനായ ഈ വയോധികന്റെ എല്ലാ പ്രസ് മീറ്റുകളിലുമുണ്ട്. കൃത്യമായ തയ്യാറെടുപ്പോടെ, വേണ്ട രേഖകൾ പ്രിന്റൗട്ട് എടുത്ത് കൂടെക്കരുതി, അത് നോക്കി കൃത്യമായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് തികച്ചും അധികാരികമായാണ് ഡി'വൈന്റെ ഓരോ വാക്കും. 

 

 

ഇതിന്റെ വ്യത്യാസം മനസ്സിലാക്കണം എന്നുണ്ടെങ്കിൽ, ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ഗവർണറായ ആൻഡ്രൂ ക്യൂമോയുടെ വെബ് അഡ്രസ്സ് കേൾക്കണം. അത് ഏറെക്കുറെ ട്രംപ് നൽകുന്ന ദേശീയ വിശദീകരണങ്ങളുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പ് മാത്രമാണ്. ഗവർണർ മൈക്ക് ഡി'വൈൻ ചിലപ്പോൾ ഗവർണർ ആൻഡ്രൂ ക്യൂമോയുടെ അത്രയ്ക്ക് പ്രസിദ്ധനൊന്നും അല്ലായിരിക്കും. മീഡിയയുടെ ശ്രദ്ധയും അദ്ദേഹത്തിന് ക്യൂമോയുടെ അത്രയ്ക്ക് കിട്ടുന്നുണ്ടാവില്ല. എന്നാലും, കൊറോണാവൈറസിനെതിരായ പോരാട്ടത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്ന അനതിസാധാരണമായ വൈദഗ്ധ്യവും ദിശാബോധവും അകമഴിഞ്ഞ പ്രശംസയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തിരിക്കുന്നത്. 

മാർച്ച് 5.  ഓഹിയോയിലെ കൊളംബസ് നഗരത്തിൽ, ആർനോൾഡ് സ്പോർട്സ് ഫെസ്റ്റിവൽ എന്നപേരിൽ  ഒരു വലിയ കായിക മാമാങ്കം നടത്താൻ എല്ലാവിധ തയ്യാറെടുപ്പും പൂർത്തിയായി ഇരിക്കുന്ന ഘട്ടത്തിലാണ്, ഗവർണർ ഡി'വൈന്റെ ആദ്യത്തെ ഇടപെടലുണ്ടാകുന്നത്. വളരെ വലിയ ഒരു സ്പോർട്സ് ഇവന്റാണ് ആർനോൾഡ് ഫെസ്റ്റിവൽ. ചലച്ചിത്രതാരവും ബോഡി ബിൽഡറുമായ അർണോൾഡ് ഷ്വാർസെനഗറുടെ പേരിൽ നടത്തപ്പെടുന്ന ഈ ശരീരസൗന്ദര്യ, കായിക ക്ഷമതാ മത്സരമേളയിൽ 80 രാജ്യങ്ങളിൽ നിന്നുള്ള 20,000 കായികതാരങ്ങൾ പങ്കെടുക്കാറുണ്ട്.  ദിവസേന 60,000 പേരെങ്കിലും മത്സരങ്ങൾ കാണാനെത്തുന്ന, കൊളംബസ് നഗരത്തിന് അഞ്ചരക്കോടി ഡോളർ വരുമാനമുണ്ടാക്കികൊടുക്കുന്ന ഒരു വൻ പരിപാടിയാണ് അത്.  കൊവിഡ് 19 പ്രതിരോധങ്ങളുടെ ഭാഗമായി പ്രസ്തുത ഫെസ്റ്റിവൽ റദ്ദാക്കണം എന്ന  ഗവർണർ ഡി'വൈന്റെ ഉത്തരവ് സംഘാടകരിൽ നിന്ന് കടുത്ത എതിർപ്പാണ് ക്ഷണിച്ചുവരുത്തിയത്. അന്ന് ഓഹിയോയിൽ ഒരാൾക്ക് പോലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല എന്നോർക്കണം. അനാവശ്യമായി ഭീതിപരത്തുന്നതാണ് ഗവർണർ ഡി'വൈന്റെ നടപടി എന്ന് സംഘാടകർ പരസ്യമായി പ്രതികരിച്ചു.

 

 

"ദിസ് ഈസ് എ ബാലൻസിംഗ് ടെസ്റ്റ്" എന്നാണ് അന്ന് അദ്ദേഹം വിമർശനങ്ങൾക്കുള്ള മറുപടിയായി പറഞ്ഞത്. അടുത്ത ആഴ്ചകളിൽ ഗവർണർ ഡി'വൈൻ ഒഹായോ സ്റ്റേറ്റിൽ നടക്കുന്ന ഒരു സ്പോർട്ടിങ്ങ് ഇവന്റിലും കാണികൾ പങ്കെടുക്കാൻ പാടില്ല എന്ന് വിലക്കി. അമേരിക്കയിലെ എൻബിഎ അടക്കമുള്ള മറ്റു പ്രൊഫഷണൽ ലീഗുകൾ തങ്ങളുടെ മത്സരങ്ങൾ കൊറോണാ ഭീതിയിൽ റദ്ദാക്കാൻ തീരുമാനിക്കുന്നതിനൊക്കെ ആഴ്ചകൾ മുമ്പാണ് ഡി'വൈന്റെ നടപടി എന്നോർക്കണം. അമേരിക്കയിൽ ആദ്യമായി സ്റ്റേറ്റിലെ സ്‌കൂളുളള ഒന്നടങ്കം അടച്ചിടാൻ തീരുമാനിക്കുന്നത് ഒഹായോയിലാണ്. 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന 'പ്രൈമറി' തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ വേണ്ടി ഒരു അടിയന്തര 'പൊതുജനാരോഗ്യ ഉത്തരവ് ' തന്നെ ഗവർണർ ഡി'വൈൻ പുറത്തിറക്കി. അന്നൊക്കെ, ട്രംപ് വളരെ നിസ്സംഗനായി, അല്ലെങ്കിൽ നാട്ടിൽ അങ്ങനെ കൊറോണാ ബാധയൊന്നും ഇല്ല എന്ന മട്ടിൽ, യാതൊരു വിധ നിയന്ത്രണങ്ങളെപ്പറ്റിയും പറയാതെ നടക്കുന്ന സമയമായതുകൊണ്ട്, ഡിവൈന്റെ നടപടികൾ ഒരല്പം 'ഓവറല്ലേ' എന്ന മട്ടിലുള്ള പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നുപോലുമുണ്ടായത്. പലരും തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ അദ്ദേഹത്തെ നിശിതമായി വിമർശിക്കുകയുമുണ്ടായി. എന്നാൽ, അന്ന് വിമർശിച്ചവർക്കൊക്കെ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം തന്നെ, അതൊക്കെ പിൻവലിച്ച്, ഗവർണർ ഡി'വൈന്റെ ദീർഘവീക്ഷണത്തെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റിടേണ്ടി വന്നു. 

 

 

" ഒരു മഹാമാരിയുടെ തുടക്കത്തിൽ എപ്പോഴും നിങ്ങൾ ആളുകളെ ഭയപ്പെടുത്തുകയാണ് എന്ന തോന്നലുണ്ടാക്കും. ആകാശം ഇടിഞ്ഞുവീഴുന്നേ എന്ന് ചീറിക്കരയുന്ന കോഴിക്കുഞ്ഞിനെപ്പോലെയാണ് നിങ്ങളെ ആളുകൾ കാണുക. എന്നാൽ, മഹാമാരി നമുക്കുമേൽ വന്നു വീണുകഴിഞ്ഞാൽ ഇതേ ആളുകൾ തന്നെ, നിങ്ങൾ എന്തുകൊണ്ട് എടുക്കേണ്ട മുൻകരുതലുകൾ എടുത്തില്ല എന്ന് കുറ്റപ്പെടുത്തും" ഒഹായോ സ്റ്റേറ്റ് ആരോഗ്യ വിഭാഗം തലവൻ ഡോ. ഏമി ആക്ടൻ പറഞ്ഞു. ഗവർണർ ഡി'വൈൻ തന്റെ നിലപാടുകൾക്ക് മുഖ്യമായും ആശ്രയിച്ചിരുന്നത് ഡോ. ആക്ടൻ നൽകിയിരുന്ന വിദഗ്ധോപദേശങ്ങളെയാണ്. ഗവർണറുടെ പ്രസ് മീറ്റുകളിലും ഒരു സ്ഥിര സാന്നിധ്യമായിരുന്നു  ഡോ. ആക്ടൻ. കൊറോണാവൈറസിനെപ്പറ്റിയും കൊവിഡ് 19 സംക്രമണത്തെപ്പറ്റിയും ഒക്കെയുള്ള കൂടുതൽ ആഴത്തിലുള്ള ചോദ്യങ്ങൾ വന്നാൽ ഗവർണർ ഡി'വൈൻ അതൊക്കെ നേരെ ഡോ. ആക്ടനു കൈമാറുകയും ചെയ്തിരുന്നു.

 

 

" എന്റെ രാഷ്ട്രീയ ജീവിതത്തിൽ എനിക്ക് ഇന്നുവരെ പറ്റിയിട്ടുള്ള തെറ്റുകൾ ഒക്കെ, കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ വന്നുപോയവയാണ്. ഇത്തവണ അതുണ്ടാവില്ല എന്ന് ഞാൻ നേരത്തെ ഉറപ്പിച്ചിരുന്നു. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും കൃത്യതയുള്ള, ഏറ്റവും ആഴത്തിലുള്ള ഡാറ്റയാണ് ഞാൻ കൊറോണയെപ്പറ്റി ശേഖരിച്ചതും വിശകലനം ചെയ്തതും. അതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ ഓരോ നടപടികളും" ഗവർണർ ഡി'വൈൻ ബിബിസിയോട് പറഞ്ഞു.  

click me!