ടെന്‍ഷനും മൂഡൗട്ടും മാറ്റാം; ഈ അഞ്ച് ചെടികള്‍ വീടിനകത്ത് വളര്‍ത്തി നോക്കൂ...

By Web TeamFirst Published Jan 11, 2020, 1:29 PM IST
Highlights

നാസ നേരത്തെ നടത്തിയൊരു പഠനത്തില്‍ അന്തരീക്ഷത്തിലെ ഏകദേശം 87 ശതമാനത്തോളമുള്ള വിഷാംശങ്ങള്‍ ഇല്ലാതാക്കാനും വായുശുദ്ധീകരിക്കാനും വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതും വെറും 24 മണിക്കൂറിനുള്ളില്‍!!

ചെടികള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുമ്പോഴാണല്ലോ നമുക്ക് പ്രയോജനപ്രദമായി മാറുന്നത്. ഇപ്പോള്‍ എല്ലാവരും ഇന്‍ഡോര്‍ പ്ലാന്റ് എന്നും പറഞ്ഞ് ചെടികള്‍ വളര്‍ത്തുന്നത് അന്തരീക്ഷം ശുദ്ധീകരിക്കാനാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഇതുമാത്രമൊന്നുമല്ല ചെടികള്‍ നമുക്ക് ചെയ്തുതരുന്ന നല്ല കാര്യങ്ങള്‍! എന്തായാലും ഇത്തരം ചില ചെടികള്‍ വീട്ടില്‍ വളര്‍ത്തി നോക്കൂ. പോസിറ്റീവ് ആയ ഊര്‍ജം നിങ്ങളില്‍ വന്നു നിറയുന്നത് അനുഭവിച്ചറിയാമെന്നാണ് പറയുന്നത്.

നാസ നേരത്തെ നടത്തിയൊരു പഠനത്തില്‍ അന്തരീക്ഷത്തിലെ ഏകദേശം 87 ശതമാനത്തോളമുള്ള വിഷാംശങ്ങള്‍ ഇല്ലാതാക്കാനും വായുശുദ്ധീകരിക്കാനും വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതും വെറും 24 മണിക്കൂറിനുള്ളില്‍!!

നമ്മള്‍ വീടിന്റെ ഗോവണിപ്പടികള്‍ക്ക് സമീപത്തും അക്വേറിയത്തിനടുത്തും ഭംഗിയുള്ള മേശപ്പുറത്തുമെല്ലാം വെച്ചിരിക്കുന്ന ചെടികള്‍ ടെന്‍ഷന്‍ ഒഴിവാക്കാനും സഹായിക്കുന്നില്ലേ? മാനസികമായി ഉന്‍മേഷം തരാനും വിഷാദമൂകമായിരിക്കുന്ന അവസ്ഥയില്‍ നിന്ന് മനസൊന്ന് പോസിറ്റീവാക്കാനും ഈ ചെടികള്‍ക്കൊപ്പം അല്‍പ്പം സമയം ചിലവഴിച്ചാല്‍ നടക്കും.

അതിനേക്കാള്‍ മനോഹരമാണ് അവ വളര്‍ന്നുനില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മനോഹരമായ കാഴ്ച. എന്നാല്‍ ഇനി മുതല്‍ നിങ്ങളുടെ പഠനമുറിയിലും ഡൈനിങ്ങ് റൂമിലുമെല്ലാം വളര്‍ത്താന്‍ പറ്റിയ ചില ചെടികളെ പരിചയപ്പെടാം.

മമ്മി ക്രോട്ടണ്‍

 

ഇത് യഥാര്‍ഥത്തില്‍ കാലിഫോര്‍ണിയയിലും ഫ്‌ളോറിഡയിലും കാണപ്പെടുന്ന ചെടിയാണ്. പക്ഷേ, എല്ലാ നാട്ടിലും ഇത് വളരും. ചുവപ്പും പച്ചയും കലര്‍ന്ന ഇലകളുണ്ടാകും. ക്രോട്ടണ്‍ നിങ്ങളുടെ വേലിക്കരികിലും മുറ്റത്തും ബുക്ക് ഷെല്‍ഫിനടുത്തും വളര്‍ത്താവുന്നതാണ്. ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്തിയാല്‍ ഇലകളുടെ ഭംഗിയും ആസ്വദിക്കാം.

ഈ ചെടിക്ക് നിരവധി ഇനങ്ങളുണ്ട്. ബനാന ക്രോട്ടണ്‍, ബുഷ് ഓണ്‍ ഫയര്‍ ക്രോട്ടണ്‍, പെട്രാ കോട്ടണ്‍, സണ്ണി സ്റ്റാര്‍ ക്രോട്ടണ്‍, സാന്‍സി ബാര്‍ ക്രോട്ടണ്‍ എന്നിവയെല്ലാം പ്രധാനപ്പെട്ട ഇനങ്ങളാണ്.

ചെറിയ കണ്ടെയ്‌നറുകളിലാക്കി വീട്ടിനകത്ത് നമുക്ക് ഇത് വളര്‍ത്താം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റിവെക്കാന്‍ ശ്രദ്ധിക്കണം. വെളിച്ചം കിട്ടിയില്ലെങ്കില്‍ ഇലകളുടെ നിറം മങ്ങും. അതുപോലെ വീടിനകത്ത് വെക്കുമ്പോള്‍ പൊടികള്‍ ഇലകളില്‍ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാന്‍ ഒരു നനഞ്ഞ സ്‌പോഞ്ച് ഉപയോഗിച്ച് തുടച്ചാല്‍ മതി. അമിതമായ ചൂട് ഈ ചെടിക്ക് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഈര്‍പ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. പക്ഷേ, കൂടുതല്‍ വെള്ളം നല്‍കിയാല്‍ വേര് ചീഞ്ഞുപോകും. നല്ല രൂപത്തില്‍ നിലനിര്‍ത്താന്‍ പ്രൂണിങ്ങ് നടത്തണം. അതുപോലെ ആരോഗ്യമില്ലാതെ വളരുന്ന ശാഖകളും ഇലകളും ഒഴിവാക്കാം.

മോണ്‍സ്‌റ്റെറ

 

വീടുകളുടെ അകത്തളങ്ങളെ അലങ്കരിക്കാന്‍ നല്ല ഒരു ചെടിയാണിത്. സ്വിസ് ചീസ് എന്നും പേരുണ്ട്. മെക്‌സിക്കോയില്‍ നിന്നാണ് ഈ ചെടി നമുക്ക് കിട്ടിയത്. മണിപ്ലാന്റ് ആണോയെന്ന സംശയം നിങ്ങള്‍ക്കുണ്ടാകാം. പക്ഷേ, മണിപ്ലാന്റിന്റെ കുടുംബക്കാരനല്ല.

നിരവധി ഇനങ്ങള്‍ മോണ്‍സ്‌റ്റെറയ്ക്കുണ്ട്. മോണ്‍സ്‌റ്റെറ വേരിഗേറ്റ, മോണ്‍സ്‌റ്റെറ അഡന്‍സോണി, മോണ്‍സ്‌റ്റെറ പിന്നാറ്റിപാര്‍തിത, മോണ്‍സ്‌റ്റെറ ഡൂബിയ എന്നിവയാണ് ചില ഇനങ്ങള്‍. ഇവയെല്ലാം തമ്മില്‍ വളരെ നേരിയ വ്യത്യാസങ്ങള്‍ മാത്രമേ കാഴ്ചയിലുള്ളൂ.

ഇതിന്റെ ഇലകളുടെ ഘടനയാണ് പലരെയും ആകര്‍ഷിക്കുന്നത്. വെള്ളം വാര്‍ന്നുപോകുന്ന തരത്തിലുള്ള ചെറിയ ദ്വാരങ്ങളുള്ള ഇലകളാണ്. ഈ ചെടി ധാരാളം സ്ഥലം ഇഷ്ടപ്പെടുന്നതുകൊണ്ട് നിങ്ങളുടെ ലിവിങ്ങ് റൂമിന്റെ മധ്യത്തില്‍ നല്ലൊരു ഇരിപ്പിടത്തില്‍ പ്രതിഷ്ഠിക്കാം.

ബെഗോണിയ

 

ബെഗോണിയയും പലതരത്തിലുണ്ട്. വാക്‌സ് ബെഗോണിയ എന്ന ഇനം തണല്‍ ഇഷ്ടപ്പെടുന്നു. ഏകദേശം ആറു മുതല്‍ 12 ഇഞ്ചോളം ഉയരത്തില്‍ വളരും. നിങ്ങള്‍ക്ക് വീടിന്റെ മുന്‍വശത്ത് ചെറിയ പ്ലാസ്റ്റിക് കുട്ടകളില്‍ തൂക്കിയിട്ട് വളര്‍ത്താവുന്നതാണ്.

മറ്റൊരിനമാണ് ട്യൂബെറസ് ബെഗോണിയ. ആകര്‍ഷകമായ പൂക്കളുണ്ടാകുന്ന ഇനമാണിത്. ഇതും തൂക്കിയിട്ട് വളര്‍ത്തിയാല്‍ നല്ല ഭംഗിയാണ്. വാക്‌സ് ബെഗോണിയയേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ട്. 12 മുതല്‍ 18 ഇഞ്ച് ഉയരത്തില്‍ വളരും.

മറ്റൊരിനമായ കെയ്ന്‍ ബെഗോണിയയിലും നല്ല ഭംഗിയുള്ള പൂക്കളുണ്ടാകും. ചിറകുകളുടെ ആകൃതിയിലുള്ള ബെഗോണിയയും ഈ ഇനത്തിലുണ്ട്.

റൈസോമാറ്റസ് ബെഗോണിയ മറ്റൊരിനമാണ്. അല്‍പ്പം തടിച്ച തണ്ടോടുകൂടിയ ഈ ചെടിയില്‍ തറനിരപ്പിന് സമാനമായി വളരുന്ന ചെടിയാണിത്. റെക്‌സ് ബെഗോണിയ എന്നൊരിനം കൂടിയുണ്ട്. വേനല്‍ക്കാലത്ത് പൂവിടും.

നിങ്ങള്‍ ഇന്‍ഡോര്‍ പ്ലാന്റ് ആയി ബെഗോണിയ വളര്‍ത്തുമ്പോള്‍ അല്‍പം ഈര്‍പ്പം നിലനിര്‍ത്തിയാല്‍ മാത്രം മതി. വെള്ളം കാര്യമായി ഒഴിച്ചുകൊടുത്തില്ലെങ്കിലും തണുപ്പുള്ള കാലാവസ്ഥയില്‍ അതിജീവിക്കും. ചെറിയ ട്രേകളിലും സോസറുകളിലും ഭംഗിയുള്ള ചെറിയ കല്ലുകള്‍ നിരത്തി അല്‍പം വെള്ളമൊഴിച്ച് അതിന് മുകളില്‍ ബെഗോണിയ വളര്‍ത്തുന്ന പാത്രം വെച്ചാല്‍ മതി. അതായത് വെള്ളത്തില്‍ നേരിട്ട് ചെടി മുങ്ങിനില്‍ക്കരുതെന്നര്‍ഥം.

സാഗോ പാം

 

ചെറിയ ഈന്തപ്പനച്ചെടികളുടെ രൂപത്തിലാണ് സാഗോ പാം കാണപ്പെടുന്നത്. പരിപാലിക്കാനുള്ള എളുപ്പവും മാര്‍ദവമുള്ള ഇലകളുമാണ് ഈ ചെടിയുടെ പ്രത്യേകത. ഈ ചെടിയും നീര്‍വാര്‍ച്ചയുള്ള മണ്ണ് ഇഷ്ടപ്പെടുന്നതാണ്. വെള്ളം കാര്യമായി ആവശ്യമില്ല.

സൊലീറോലിയ

 

ഭംഗിയുള്ള പച്ചിലച്ചെടിയാണിത്. ചെറുതും മൃദുവുമായ ഇലകള്‍. ചെറിയ പാത്രങ്ങളില്‍ വളര്‍ത്താന്‍ പറ്റിയ ചെടിയാണിത്. സൂര്യപ്രകാശം ആവശ്യമില്ലാത്തതുകൊണ്ട് വീടിനുള്ളില്‍ ധൈര്യമായി വളര്‍ത്താം. വെള്ളം ആവശ്യത്തിന് നല്‍കിയാല്‍ മാത്രം മതി.

click me!