പാഴ് കടലാസിൽ നിന്ന് മനോഹര ശില്പങ്ങൾ, ശ്രദ്ധേയനാവുകയാണ് പ്രബീഷ്

By Web TeamFirst Published Oct 4, 2022, 9:44 PM IST
Highlights

പേപ്പർ പൾപ്പുകളുപയോ​ഗിച്ച്  കൃഷ്ണനും ബുദ്ധനും കഥകളി രൂപങ്ങളും തുടങ്ങി വ്യത്യസ്തമായ ശിൽപ്പങ്ങളാണ് പ്രബീഷ് നിർമ്മിക്കുന്നത്. കോഴിക്കോട് സ്വപ്ന നഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ്  വ്യത്യസ്തമായ രീതിയിൽ പേപ്പർ പൾപ്പിൽ തീർത്ത ശിൽപ്പങ്ങളുള്ളത്.

കോഴിക്കോട്: ഉപയോ​ഗ ശേഷം പേപ്പറുകൾ കളയുന്നവരാണ് നമ്മൾ. കോഴിക്കോട് എന്നാൽ വട്ടക്കിണർ സ്വദേശി പ്രബീഷിന്റെ കെെകളിലെത്തിയാൽ ഇവ മനോഹ​രമായ ശിൽപങ്ങളായി മാറും. പേപ്പർ പൾപ്പുകളുപയോ​ഗിച്ച്  കൃഷ്ണനും ബുദ്ധനും കഥകളി രൂപങ്ങളും തുടങ്ങി വ്യത്യസ്തമായ ശിൽപ്പങ്ങളാണ് പ്രബീഷ് നിർമ്മിക്കുന്നത്. കോഴിക്കോട് സ്വപ്ന നഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ്  വ്യത്യസ്തമായ രീതിയിൽ പേപ്പർ പൾപ്പിൽ തീർത്ത ശിൽപ്പങ്ങളുള്ളത്.

പ്രകൃതി സൗഹൃദമായതും പുനരുപയോഗത്തിന്റെയും അതിജീവനത്തിന്റെയും മാതൃകയുമാണ് പ്രബീഷ് മേളയിലെത്തുന്നവർക്കായി  ഒരുക്കിയിരിക്കുന്നത്. പേപ്പർ പൾപ്പുകൾ കൊണ്ട് നിർമ്മിക്കുന്നതിനാൽ ശിൽപ്പങ്ങൾക്ക് ഭാരം കുറവാണ്. ശിൽപ്പങ്ങൾ വാങ്ങാനായി നിരവധി പേരാണ് സ്റ്റാളിലെത്തുന്നത്. നനയാതെ സൂക്ഷിച്ചാൽ ദീർഘകാലം ഇവ ഈടുനിൽക്കുമെന്നാണ് സ്റ്റാളിലെത്തുന്നവരോട് പ്രബീഷിന് പറയാനുള്ളത്. ചെറുതും വലുതുമായ കൃഷ്ണ വി​ഗ്രഹം, ബു​ദ്ധ പ്രതിമ, കഥകളി രൂപം, വ്യത്യസ്തങ്ങളായ ഗോത്ര  മുഖംമൂടികൾ എന്നിവയെല്ലാമുണ്ട് ഇവിടെ.  കൃഷ്ണ വി​ഗ്രഹത്തിനാണ് ആവശ്യക്കാരേറെയെന്നും പ്രബീഷ് പറയുന്നു.  

പഴയ പേപ്പറുകൾ, മരച്ചീനി പൊടികൊണ്ടുണ്ടാക്കുന്ന പശ, ചായങ്ങൾ എന്നിവയാണ് നിർമ്മാണത്തിനായി ഉപയോ​ഗിക്കുന്നത്. പേപ്പറുകൾ പൾപ്പാക്കിയശേഷം മറ്റു മിക്സുകളും ചേർത്ത് മൗൾഡിൽ ഏകദേശ രൂപം പ്രസ് ചെയ്തെടുത്തശേഷം കൈകൊണ്ടു ഭംഗിയായി രൂപം പൂർത്തീകരിക്കുകയാണ് ചെയ്യുന്നത് . ശിൽപ്പങ്ങളുടെ പലഭാ​ഗങ്ങളാണ് ഇത്തരത്തിൽ നിർമ്മിച്ചെ‌ടുക്കുക. തുടർന്ന് ഇവയെല്ലാം കൂട്ടിച്ചേർത്ത് പൂർണ്ണരൂപം നിർമ്മിക്കും. വലിയ കൃഷ്ണ ശിൽപ്പങ്ങൾക്ക് ഇത്തരത്തിൽ 20 ഭാഗങ്ങൾ ഉണ്ടാവുമെന്നും പ്രബീഷ് പറയുന്നു. ഒരു ശിൽപം നിർമ്മിച്ചെടുക്കാൻ ഏകദേശം നാലോ അഞ്ചോ ദിവസമെടുക്കും . 

അപക‌ടത്തെ തുടർന്ന് കിടപ്പിലായതോടെയാണ് പ്രബീഷ് കരകൗശല മേഖലയിലേക്ക് എത്തുന്നത്. പതിനഞ്ചു വർഷത്തോളമായി  പ്രബീഷ് ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഇത്തരം സ്റ്റാളുകൾക്ക് പുറമെ കൈരളി ഹാൻഡിക്രാഫ്റ്റ്സ്, ഇരിങ്ങൽ സർഗ്ഗാലയ, ഗാന്ധിഗൃഹം തുടങ്ങി കരകൗശല കലാകാരന്മാരെ  സഹായിക്കുന്ന സ്ഥാപനങ്ങൾ വഴിയും പ്രതിമകൾ വിറ്റഴിക്കുന്നുണ്ട്. 50 മുതൽ 5000 രൂപവരെയുള്ള ശില്പങ്ങളാണ് സ്റ്റാളിലുള്ളത്.

Read Also: കെണിവെച്ച് വനംവകുപ്പ് കാത്തിരുന്നു, ഒപ്പം നൂറിലധികം ഉദ്യോഗസ്ഥരുടെ പരിശ്രമവും; ഒടുവില്‍ കടുവ കുടുങ്ങി

click me!