
കള്ളന്മാരെ പേടിയില്ലാത്ത ആളുകൾ കുറവായിരിക്കും. കള്ളന്മാർ വിലപിടിപ്പുള്ളത് എന്തെങ്കിലും എടുത്തോണ്ട് പോവുമോ, തങ്ങളെ ഉപദ്രവിക്കുമോ തുടങ്ങി അനേകം ഭയം ഓരോരുത്തരിലും കാണും. അതുപോലെ തികച്ചും വിചിത്രമായി പെരുമാറുന്ന ചില കള്ളന്മാരും കാണും. അതുപോലെ ഒരു സംഭവം കുറച്ച് ദിവസം മുമ്പ് വാൻകൂവറിലും ഉണ്ടായി. അവിടെ ഒരു ബേക്കറിയിൽ കയറിയ കള്ളൻ പിന്നീട് മോഷണം നടത്തിയതിന് ബേക്കറി ഉടമയോട് മാപ്പ് പറഞ്ഞു.
മേയ് 26 -നാണ് സ്വീറ്റ് സംതിങ്ങ് എന്ന ബേക്കറിയിൽ കള്ളൻ കയറിയത്. പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. അര മണിക്കൂറോളം നേരം കള്ളൻ ബേക്കറിക്കകത്ത് ചെലവഴിച്ചു. പിന്നാലെ, കപ്പ്‍കേക്കുകളും മറ്റും മോഷ്ടിച്ചോണ്ട് പോവുകയും ചെയ്തു. മുൻവശത്തെ വാതിലിലൂടെ ചില്ലുകൾ തകർത്ത ശേഷമാണ് കള്ളൻ അകത്ത് കയറിയത് എന്ന് പൊലീസ് പറയുന്നു.
അകത്ത് കയറിയ കള്ളൻ കുറച്ച് നേരം അവിടെ ഇരുന്നു. പിന്നെ എഴുന്നേറ്റ് ബാത്ത്‍റൂമിൽ പോയി. പിന്നീട് തിരികെ വന്ന് തകർന്ന ഗ്ലാസുകളൊക്കെ പെറുക്കി അവിടം വൃത്തിയാക്കി. ബേക്കറിയുടെ ഫോണിൽ സെൽഫിയുമെടുത്തു. കുറച്ച് നേരം കൂടി അവിടെ ചെലവഴിച്ച ശേഷം ബേക്കറിയിലെ ഫ്രിഡ്ജിൽ നിന്ന് ആറ് ചോക്ലേറ്റ് ഷാംപെയ്ൻ കപ്പ് കേക്കുകൾ എടുത്ത് ഇയാൾ അവിടെ നിന്നും പോവുകയായിരുന്നു. കേക്കുകൾക്ക് ആകെ ഏകദേശം 2500 രൂപ വില വരും.
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ബേക്കറി ഉടമയായ എമ്മ ഇർവിന്റെ അമ്മ അതുവഴി പോയി. ആ സമയത്താണ് ബേക്കറിക്കകത്ത് കള്ളൻ കയറിയ വിവരം അറിയുന്നതും മകളെ വിളിച്ച് കാര്യം പറയുന്നതും. പിന്നാലെ എമ്മ സ്ഥലത്തെത്തി. പൊലീസിൽ വിവരവും അറിയിച്ചു. എന്നാൽ, മെയ് 29 -ന് എമ്മയ്ക്ക് ഒരു കോൾ വന്നു. വിളിച്ചത് കള്ളനായിരുന്നു. കള്ളൻ എമ്മയോട് സോറി പറഞ്ഞു. പിന്നാലെ, കപ്പ്കേക്കിന്റെയും തകർന്ന ഗ്ലാസ് നന്നാക്കാനുള്ളതുമായ പണം തരാമെന്നും പറഞ്ഞു.
ഇതേ തുടർന്ന് കേസ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു എമ്മ. മോഷ്ടാവിന് ഇരുപതുകളിലാണ് പ്രായം. അയാൾക്കൊരു തെറ്റ് പറ്റിയതാവാം. തെറ്റ് പറ്റാത്ത ഏത് മനുഷ്യരാണ് ഉള്ളത് എന്നതാണ് എമ്മയുടെ ചോദ്യം.