കളവ് നടത്തണമെങ്കിൽ 10 കിലോ ശരീരഭാരം കുറയ്ക്കണം, കള്ളൻ പോയത് അതികഠിനമായ ഡയറ്റിലേക്ക്...

Published : Nov 22, 2021, 10:33 AM IST
കളവ് നടത്തണമെങ്കിൽ 10 കിലോ ശരീരഭാരം കുറയ്ക്കണം, കള്ളൻ പോയത് അതികഠിനമായ ഡയറ്റിലേക്ക്...

Synopsis

എന്നിരുന്നാലും, സിസിടിവിയിൽ ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെങ്കിലും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു പുതിയ കട്ടിംഗ് ഉപകരണം കണ്ടെത്തി. ഇതോടെ ബൊപാലിലെയും തൽതേജിലെയും ഹാർഡ്‌വെയർ ഷോപ്പുകളിൽ പൊലീസ് അന്വേഷണം നടത്തി. 

വന്‍ കവര്‍ച്ചകളൊ(Burglary)ക്കെയാണ് ഇപ്പോള്‍ പല സീരീസുകളിലും സിനിമകളിലുമൊക്കെ വിഷയം. കളവ് തെറ്റും നിയമവിരുദ്ധവുമാണ്. എങ്കിലും, തങ്ങളുടെ ജോലിയില്‍ അസാമാന്യമാം വിധം കഴിവ് തെളിയിക്കുന്നവരും കഷ്ടപ്പെടാന്‍ തയ്യാറാകുന്നവരുമാണ് കള്ളന്മാര്‍. എന്നിരുന്നാലും, ആളുകൾ ഈ സീരീസുകളിലും മറ്റുമുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യഥാർത്ഥ ജീവിതത്തിലും അവ പ്രയോഗിക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. അതാണ് ഗുജറാത്തി(Gujarat)ൽ ഒരു വീട്ടുജോലിക്കാരന്‍ ചെയ്തതും.

തന്റെ മുൻ തൊഴിലുടമയുടെ വീട് കൊള്ളയടിക്കാൻ, 34 വയസ്സുള്ള ഒരു വീട്ടുജോലിക്കാരൻ ശരീരഭാരം കുറയ്ക്കാൻ മൂന്ന് മാസത്തോളം അതികഠിനമായ ഡയറ്റില്‍ തന്നെ ഏര്‍പ്പെട്ടു. ദിവസവും ഒരുനേരം മാത്രമാണ് ഇയാൾ കഴിച്ചത്. 10 കിലോ കുറക്കുകയായിരുന്നു ലക്ഷ്യം. രണ്ട് വർഷം മുമ്പ് ജോലി ഉപേക്ഷിച്ചതിന് ശേഷവും, മോത്തി സിംഗ് ചൗഹാൻ ബോപാലിലെ തന്റെ മുൻ തൊഴിലുടമകളുടെ വസതിയിലെ ആ സ്ഥലത്തെ കുറിച്ച് ഓര്‍ത്തിരുന്നു. ആ ​ഗ്ലാസ് വിൻഡോയിലൂടെ കടക്കണമെങ്കിൽ താൻ ഭാരം കുറച്ചേ മതിയാവൂ എന്ന് അയാൾക്ക് അറിയാമായിരുന്നു. 

ഇപ്പോഴത്തെ ശരീരഭാരത്തിൽ ഇത് സാധ്യമല്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അങ്ങനെ ആ രൂപത്തിലേക്ക് എത്താനായി അയാൾ ഡയറ്റിലേക്ക് തിരിഞ്ഞു. അഹമ്മദാബാദ് മിറർ പറയുന്നതനുസരിച്ച്, രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ ചൗഹാൻ മോഹിത്, മറാഡിയ എന്നയാളുടെ ബസന്ത് ബഹാർ സൊസൈറ്റി റെസിഡന്‍സിയില്‍ വീട്ടുവേലക്കാരനായി ജോലി ചെയ്തിരുന്നു. മുൻ വീട്ടുജോലിക്കാരനായ ഇയാൾ സൊസൈറ്റി നന്നായി പരിശോധിച്ചു, എല്ലാ സിസിടിവി ക്യാമറകളും എവിടെയാണ് സ്ഥാപിച്ചതെന്നും ഏതൊക്കെയാണ് ബ്ലൈൻഡ് സ്‌പോട്ടുകളെന്നും ഇയാൾക്ക് അറിയാമായിരുന്നു. മാറാടിയ, വസതിയിൽ എവിടെയാണ് വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതെന്നും അറിയാമായിരുന്നു. 

കുറച്ച് മാസങ്ങൾക്ക് മുമ്പാണ്, കുടുംബം കുറച്ച് ദിവസത്തേക്ക് അവധിക്ക് പോകുകയാണെന്ന് ചൗഹാൻ അറിയുന്നത്. അപ്പോള്‍ തന്നെ മൂന്ന് മാസത്തേക്ക് ഡയറ്റിൽ പോകാനുള്ള പദ്ധതി തയ്യാറാക്കി. പിന്നീട് മോഷണത്തിനിറങ്ങി. എല്ലാ സിസിടിവി ക്യാമറകളും എവിടെയാണെന്ന് അറിയാമായിരുന്നതിനാൽ, എല്ലാ നിരീക്ഷണ ക്യാമറകളും തകർത്തു. സൈക്കിളിലാണ് അയാള്‍ മാറാടിയയുടെ വസതിയിലെത്തിയത്. പിന്നീട്, തന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് ജനൽ ഗ്ലാസ് മുറിച്ച് അതിലൂടെ തെന്നിനീങ്ങി. ഇതിനുശേഷം 37.14 ലക്ഷം രൂപയും പണവും ആഭരണങ്ങളും അപഹരിച്ചു. 

എന്നിരുന്നാലും, സിസിടിവിയിൽ ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെങ്കിലും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു പുതിയ കട്ടിംഗ് ഉപകരണം കണ്ടെത്തി. ഇതോടെ ബൊപാലിലെയും തൽതേജിലെയും ഹാർഡ്‌വെയർ ഷോപ്പുകളിൽ പൊലീസ് അന്വേഷണം നടത്തി. കടയുടമകളിലൊരാൾ തന്റെ കടയിലെ ബാർകോഡ് സ്റ്റിക്കറിലൂടെ ഉപകരണം തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഹാർഡ്‌വെയർ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ചൗഹാനെ കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു
ഇന്ത്യയില്‍ നമ്മുടെ സമയത്തിന് യാതൊരു വിലയുമില്ല, എന്നാല്‍ ജപ്പാനില്‍ അങ്ങനെയല്ല; താരതമ്യവുമായി യുവതി