സ്വന്തം ശരീരത്തിലെ ബാക്ടീരിയകൾ കൊണ്ട് ആഭരണങ്ങൾ ഡിസൈൻ ചെയ്ത് സ്കോട്ടിഷ് കലാകാരി

By Web TeamFirst Published Oct 6, 2022, 6:25 PM IST
Highlights

ബാക്ടീരിയകളെ അരോചകമായി കാണാതെ താൻ അതിൻറെ ഭംഗി ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞതായി ബിബിസി സ്കോട്ട്‌ലൻഡ് റിപ്പോർട്ട് ചെയ്യുന്നു.

ബാക്ടീരിയകൾ നമുക്ക് എപ്പോഴും ഒരു പേടിസ്വപ്നം തന്നെയാണ്. ഈ സൂക്ഷ്മാണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി മുൻകരുതലുകൾ എടുക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ, ബാക്ടീരിയകളെ ഉപയോഗിച്ച് മറ്റൊരു സാധ്യതയിലേക്കുള്ള വാതിൽ തുറന്നിരിക്കുകയാണ് ഒരു സ്കോട്ടിഷ് കലാകാരി. ഇവർ സ്വന്തം ശരീരത്തിലെ ബാക്ടീരിയകളെ ഉപയോഗിച്ച് നിരവധി ആഭരണങ്ങൾ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സ്കോട്ട്ലാൻഡിലെ ക്ലോ ഫിറ്റ്സ്പാട്രിക് എന്ന ഡിസൈനറാണ്, സൂക്ഷ്മാണുക്കളിൽ നിന്ന് വ്യത്യസ്തമായ നിറങ്ങൾ സൃഷ്ടിച്ച് ഒരു ആഭരണനിര തന്നെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഫിറ്റ്‌സ്പാട്രിക് ചെടികളിലും സ്വന്തം ശരീരത്തിലും കാണപ്പെടുന്ന ബാക്ടീരിയകൾ ഉപയോഗിച്ചാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തത്.

ബാക്ടീരിയകളെ അരോചകമായി കാണാതെ താൻ അതിൻറെ ഭംഗി ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞതായി ബിബിസി സ്കോട്ട്‌ലൻഡ് റിപ്പോർട്ട് ചെയ്യുന്നു.

ഡണ്ടി യൂണിവേഴ്സിറ്റി, ഹെർ അൽ മമേറ്റർ, ജെയിംസ് ഹട്ടൺ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ഫിറ്റ്സ്പാട്രിക് ഈ നൂതന ആശയം വിജയകരമാക്കിയത്. ഇതിനായി ആദ്യം ബാക്ടീരിയ കോളനികളെ നിറമുള്ള അഗർ നൽകി വളർത്തി. ബാക്ടീരിയ കോളനികൾ വളർന്നുകഴിഞ്ഞാൽ, അവൾ ഇഷ്ടപ്പെടുന്ന നിറങ്ങൾ തെരഞ്ഞെടുത്ത് കോളനികൾ പുതിയ അഗർ പെട്രി വിഭവങ്ങളിലേക്ക് മാറ്റും. 

ഈ തെരഞ്ഞെടുത്ത കോളനികൾ ഫിറ്റ്‌സ്‌പാട്രിക് ആഭരണങ്ങളോ വസ്ത്രങ്ങളോ കളർ ചെയ്യാൻ ഉപയോഗിക്കുന്നതിന് മുമ്പ് ഒരാഴ്ചത്തേക്ക് വളരാൻ വരാൻ അനുവദിച്ചിരുന്നു. നിറമുള്ള കോളനികൾ വളർന്നുകഴിഞ്ഞാൽ, യുവി റെസിൻ പ്ലേറ്റുകളിലേക്ക് ഒഴിച്ച്, റബ്ബർ കലർത്തി അച്ചിൽ സ്ഥാപിച്ച് ഗ്ലോസ് ഉപയോഗിച്ച് അടയ്ക്കും ഇത്തരത്തിലാണ് ബാക്ടീരിയകൾ ഉപയോഗിച്ചുള്ള ഡിസൈനിങ്ങിന്റെ വിവിധ ഘട്ടങ്ങൾ. ഏതായാലും ഇങ്ങനെയൊരു ഡിസൈനിങ് ആശയം ഒരേസമയം ആളുകളിൽ കൗതുകവും ആകാംക്ഷയും ഉയർത്തുകയാണ്.

click me!