
ഐൻസ്റ്റീനേക്കാൾ ഉയർന്ന ഐക്യു ഉള്ള അധാര പെരെസ് സാഞ്ചസ് എന്ന മെക്‌സിക്കോ സ്വദേശിയായ പെൺകുട്ടിക്ക് 11-ാം വയസ്സിൽ ബിരുദാനന്തര ബിരുദം. എഞ്ചിനിയറിംഗിൽ ആണ് കുട്ടിപ്രതിഭ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. സിഎൻസിഐ സർവകലാശാലയിൽ നിന്ന് സിസ്റ്റം എഞ്ചിനീയറിംഗിലും ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സ്‌പെഷ്യലൈസ് ചെയ്‌ത ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ബിരുദവും ആണ് സാഞ്ചസ് നേടിയത്.
സാഞ്ചസിന്റെ ഐക്യു സ്കോർ 162 ആണെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഐൻസ്റ്റീന്റെതിനേക്കാൾ കൂടുതലാണ്. ഈ പ്രതിഭ ഒരു പൊതുപ്രഭാഷക കൂടിയാണ്. ബഹിരാകാശയാത്രിക ആകുക എന്നതാണ് സാഞ്ചസിന്റെ ലക്ഷ്യം. ഓട്ടിസം ബാധിത ആയതിന്റെ പേരിൽ ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ തന്നെ വലിയ അവഗണനകളും പരിഹാസങ്ങളും സാഞ്ചസിന് നേരിടേണ്ടി വന്നിരുന്നു. എങ്കിലും അഞ്ചാമത്തെ വയസ്സിൽ അവൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, ഒരു വർഷത്തിനുശേഷം മിഡിൽ, ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി.
പെൺകുട്ടി ഇപ്പോൾ ഒരു മെക്സിക്കൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. യുവ വിദ്യാർത്ഥികൾക്കിടയിൽ ബഹിരാകാശ പര്യവേക്ഷണവും ഗണിതവും പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയാണ് ഇത്. വളരെ ദരിദ്ര കുടുംബത്തിൽ പിറന്ന സാഞ്ചസിന് ഓട്ടിസം ആണന്ന് അവളുടെ മാതാപിതാക്കൾ തിരിച്ചറിയുന്നത് മൂന്നാം വയസ്സിലാണ്. അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നുമുള്ള അവഗണനകളും പരിഹാസങ്ങളും പതിവായതോടെ അവളെ മൂന്ന് തവണ അടുപ്പിച്ച് സ്കൂളുകൾ മാറ്റിയതായാണ് അവളുടെ അമ്മ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പക്ഷെ, അപ്പോഴും അവളുടെ ബുദ്ധിശക്തി തന്നെ അത്ഭുതപ്പെടുത്തിയിരുന്നെന്നും അമ്മ പറയുന്നു.
പിന്നീട് അവളെ നോക്കിയിരുന്ന തെറാപ്പിസ്റ്റാണ് അവളുടെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞതും പ്രതിഭാധനരായ കുട്ടികൾക്കുള്ള ഒരു സ്കൂളായ സെന്റർ ഫോർ അറ്റൻഷൻ ടു ടാലന്റിനോട് (CEDAT) സാഞ്ചസിന് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. തുടന്നാണ് സ്കൂൾ അധികൃതർ സാഞ്ചസിന്റെ ഐക്യു ഐൻസ്റ്റീനെക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്നതാണെന്ന് സ്ഥിരീകരിച്ചത്.