11 വര്‍ഷങ്ങളായി നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഓട്ടമോടിയ ഒരു ഓട്ടോ ഡ്രൈവര്‍...

By Web TeamFirst Published Aug 8, 2019, 6:36 PM IST
Highlights

'തങ്ങളുടെ പ്രിയപ്പെട്ടവര്‍ വേദന കൊണ്ട് പുളയുന്നത്, അപകടത്തില്‍ പെട്ട് ഒരുപാട് രക്തം നഷ്ടപ്പെടുന്നത് ഇതൊന്നും സഹിക്കാന്‍ ആര്‍ക്കും കഴിയില്ല. അങ്ങനെയാണ് അവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നത്. എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ഇതുമാത്രമാണ്' എന്നും സുനില്‍ പറയുന്നു. 

മുംബൈയിലെ അംബുജ്‌വാഡിയാണ് സ്ഥലം. ആ തെരുവുകളിലെ ഇടുങ്ങിയ വഴിയിലൂടെ ആംബുലന്‍സ് പോകില്ല. അവിടെയാണ് സുനില്‍ മിശ്ര എന്ന ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ 11 വര്‍ഷങ്ങളായി ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടമോടുന്നത്. സുനിലിനെ സംബന്ധിച്ച് ജീവിതത്തില്‍ അത്യാവശ്യം കഴിഞ്ഞുപോകാനുള്ളത് കിട്ടണം. ബാക്കി അദ്ദേഹം ചെയ്യുന്നത് തന്‍റെ പ്രദേശത്തുള്ളവരെ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തിക്കുക എന്നതാണ്. ചികിത്സ കിട്ടാന്‍ വൈകുന്തോറും ഒരു മനുഷ്യജീവന്‍ തന്നെ ഇല്ലാതായേക്കാമെന്ന ബോധ്യമാണ് ഇതിന് പിന്നില്‍. 

സുനില്‍ തന്‍റെ ഓട്ടോ ഒരു മിനി ആംബുലന്‍സാക്കിത്തുടങ്ങുന്നത് 2007 മുതലാണ്. അന്ന് സുനിലിന്‍റെ അമ്മ ഒരു ബൈക്കില്‍ നിന്നും വീണു. അത് ഒരുപാട് പരിക്കുകള്‍ക്ക് കാരണമായിത്തീര്‍ന്നു. അന്ന് ചികിത്സ കിട്ടാന്‍ അമ്മ ബുദ്ധിമുട്ടുന്നത് സുനില്‍ നേരില്‍ കണ്ടു. അവരുടെ തെരുവുകളില്‍ നിന്ന് ആശുപത്രിയിലെത്തുക എന്നത് തന്നെ വലിയ ഒരു കടമ്പയായിരുന്നു. 

'തങ്ങളുടെ പ്രിയപ്പെട്ടവര്‍ വേദന കൊണ്ട് പുളയുന്നത്, അപകടത്തില്‍ പെട്ട് ഒരുപാട് രക്തം നഷ്ടപ്പെടുന്നത് ഇതൊന്നും സഹിക്കാന്‍ ആര്‍ക്കും കഴിയില്ല. അങ്ങനെയാണ് അവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നത്. എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ഇതുമാത്രമാണ്' എന്നും സുനില്‍ പറയുന്നു. 

ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ നിന്ന് സുനില്‍ മുംബൈയിലെത്തിച്ചേരുന്നത് തന്‍റെ പത്താമത്തെ വയസ്സിലാണ്. 1988 -ല്‍ അച്ഛന്‍റെ കൂടെയാണത്. വിദ്യാഭ്യാസം അധികമില്ലാത്ത സുനില്‍ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന് ചിന്തിക്കുകയും ഓട്ടോറിക്ഷാ ഡ്രൈവറാവുകയും ചെയ്യുകയായിരുന്നു. 

ഈ 11 വര്‍ഷങ്ങളില്‍ സുനിലും തന്‍റെ മിനി ആംബുലന്‍സും ചേര്‍ന്ന് രക്ഷിച്ചെടുത്തത് നൂറുകണക്കിന് ജീവനുകളാണ്. എത്ര രൂപയാണോ അവര്‍ നല്‍കുന്നത് അത് സ്വീകരിക്കും. അല്ലാതെ ഒന്നും ചോദിക്കാറില്ല. പണമുണ്ടെങ്കില്‍ ഒരാളോട് വാങ്ങാം. എന്നാല്‍, അവരുടെ കയ്യില്‍ പണമില്ലെങ്കിലെന്ത് ചെയ്യും? എന്നാണ് സുനിലിന്‍റെ ചോദ്യം. പാതിരാത്രിയായാലും തന്‍റെ വീടിന്‍റെ വൈതിലില്‍ മുട്ടുന്നവരെ സുനില്‍ സഹായിക്കും. ഭിന്നശേഷിക്കാരായ ആരെയെങ്കിലും വഴിയില്‍ കണ്ടാലും സുനില്‍ തന്‍റെ ഓട്ടോ നിര്‍ത്തും. രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അവര്‍ക്ക് പോകേണ്ടതെങ്കില്‍ അവരെ സൗജന്യമായി അവിടെയെത്തിക്കും. 

മക്കളേയും മാതാപിതാക്കളേയും നോക്കണം. ഓട്ടോ വാങ്ങിയതിന്‍റെ ഇ എം ഐ അടക്കണം... അതിനുള്ള തുക പോലും പലപ്പോഴും കിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സഹായിക്കാനുള്ള മനസ് ഇല്ലാതെയാവുന്നില്ല സുനില്‍ മിശ്രയ്ക്ക്. തനിക്കാവുന്നത് താന്‍ ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)
 

 

click me!