Arrested 5 times in 3 days : ഒരു കുറ്റവും ചെയ്യാതെ മൂന്നുദിവസത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടത് അഞ്ചുതവണ, കാരണം...

By Web TeamFirst Published Dec 7, 2021, 3:32 PM IST
Highlights

ഇയാളെ വഴിയിൽ കണ്ടുമുട്ടുന്ന ആളുകൾ ഇയാൾ കുറ്റവാളിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസിൽ വിവരം അറിയിക്കും. ഉടനെ പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ പൊക്കിയെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോകും.

ലോകത്തിൽ ഒരുപോലെയുള്ള ഏഴ് പേരുണ്ടാകുമെന്നല്ലേ പറയാറ്. എന്നാൽ, നമ്മുടെ മുഖച്ഛായയുള്ള വ്യക്തി വല്ല കൊലപാതകിയോ, കുറ്റവാളിയോ ഒക്കെ ആണെങ്കിലോ? പൊലീസിന്റെ നോട്ടപ്പുള്ളിയാകുന്നത് ചിലപ്പോൾ നമ്മളാകും. ചൈന(china)യിൽ താമസിക്കുന്ന ഒരു വ്യക്തിയ്ക്ക് പൊലീസ്(police) തിരയുന്ന ഒരു കൊടുംകുറ്റവാളിയുടെ അതേ മുഖച്ഛായയായിരുന്നു. ചൈനയിലെ ജിലിൻ പ്രവിശ്യയിലായിരുന്നു ആ സാധു ജീവിച്ചിരുന്നത്. കുറ്റവാളിയുടെ മുഖം പൊലീസ് പരസ്യമാക്കിയതോടെ ആ വ്യക്തിയുടെ ജീവിതം ആകെ പ്രശ്‍നത്തിലായി. പിന്നെ ആളുകൾ അയാളെ എവിടെ വച്ച് കണ്ടാലും കുറ്റവാളിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസിൽ വിവരം അറിയിക്കും. പൊലീസ് ഉടനെ അവിടെ എത്തി അദ്ദേഹത്തെ പൊക്കുകയും ചെയ്യും.    

മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ പൊലീസ് അഞ്ച് തവണയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, പിന്നീട് ആളുമാറിയെന്ന് മനസ്സിലായപ്പോൾ വിട്ടയക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് കുറ്റവാളി ഷൂ സിയാൻജിയാൻ(Zhu Xianjian ) ജയിൽ ചാടിയത്. പിന്നീട് ആ പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന അയാളെ തിരഞ്ഞ് പൊലീസ് പരക്കം പാഞ്ഞു. കഷ്ടകാലത്തിന് ആ കുറ്റവാളിയുടെ മുഖവുമായി ഏതാണ്ട് സാമ്യമുണ്ടായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ മുഖത്തിന്. അങ്ങനെയാണ് 5 തവണ പൊലീസിന് അയാളെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. ഇയാളെ വഴിയിൽ കണ്ടുമുട്ടുന്ന ആളുകൾ ഇയാൾ കുറ്റവാളിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസിൽ വിവരം അറിയിക്കും. ഉടനെ പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ പൊക്കിയെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോകും. അങ്ങനെ ഒരു കുറ്റവും ചെയ്യാതെ തന്നെ ആ വ്യക്തിയെ പൊലീസ് ആവർത്തിച്ച് പിടികൂടി, അറസ്റ്റ് ചെയ്തു. ഒടുവിൽ അബദ്ധം മനസ്സിലാകുമ്പോൾ അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്യും.

ഷൂ സിയാൻജിയാൻ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം, അയാളുടെ ചിത്രം പ്രദേശത്തുടനീളം പ്രചരിച്ചു. അയാളെ കണ്ടെത്താൻ അധികാരികൾ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ, സമയവും പണവും ചെലവഴിച്ചത് മാത്രം മിച്ചം. അങ്ങനെ ഇരിക്കുമ്പോഴാണ് കുറ്റവാളിയെ പിടിക്കാൻ സഹായിക്കുന്നവർക്ക് സാമ്പത്തിക പാരിതോഷികം സർക്കാർ വാഗ്ദാനം ചെയ്തത്. ആദ്യം 17 ലക്ഷം രൂപയായിരുന്നത്, പിന്നീട് 80 ലക്ഷം വരെയായി ഉയർന്നു. അതോടെ നാട്ടുകാർ കുറ്റവാളിക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ഈ പാവപ്പെട്ടവന്റെ രൂപവും, മുടിയും ഒക്കെ കുറ്റവാളിയുടേതുമായി നല്ല സാമ്യമുണ്ട്. അങ്ങനെ എല്ലാവരും അദ്ദേഹത്തെ കാണുമ്പോൾ കുറ്റവാളിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസിൽ വിവരം അറിയിച്ചു. നവംബർ 28 -ന് യഥാർത്ഥ പ്രതിയെ പിടികൂടുന്നതുവരെ ഇത് ആവർത്തിച്ച് കൊണ്ടിരുന്നു. അപ്പോഴേക്കും ഈ വ്യക്തിയുടെ കഥ ടിവി ചാനലുകളിലും സോഷ്യൽ മീഡിയകളിലും ഹിറ്റായി മാറിയിരുന്നു.  

click me!