10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷം ഒരാള്‍ മരണത്തിലേക്ക് മറഞ്ഞു; കൂട്ടുകാരന്‍റെ ചിത്രം തുന്നിയ തലയിണ ചേര്‍ത്തു പിടിച്ച് സ്പെന്‍സറെന്ന നായ

By Web TeamFirst Published Jun 4, 2019, 6:53 PM IST
Highlights

പക്ഷേ, സന്തത സഹചാരിയായ റോക്കി പെട്ടെന്നൊരു ദിവസം കൂടെ ഇല്ലാതായപ്പോൾ അത് സ്പെന്സറിനെ വല്ലാതെ സങ്കടപ്പെടുത്തി. അവൻ പതുക്കെ ഡിപ്രഷനിലേക്ക് വഴുതി വീണു. നായ്ക്കൾക്കും ഡിപ്രഷനോ എന്ന് അത്ഭുതപ്പെടേണ്ട. മനുഷ്യനെപ്പോലെ വിഷാദരോഗത്തിന് അടിപ്പെടുന്ന ഒരു ജീവിയാണ് വളർത്തുനായയും. 

പത്തുവർഷം. സ്പെൻസറും റോക്കിയും ഒന്നിച്ച് സഹോദരങ്ങളെപ്പോലെ കഴിഞ്ഞത് പത്തു നീണ്ട വർഷങ്ങളാണ്. രണ്ടുപേരും നല്ല കൂട്ടായിരുന്നു. ബെത്തിന്റെ നായകളായിരുന്നു സ്പെൻസറും റോക്കിയും.  

നായ്ക്കളുടെ ജീവിതത്തിൽ പത്തുവർഷത്തെ അടുപ്പം എന്ന് പറയുന്നത് നമ്മുടെയൊക്കെ ആജീവനാന്ത സൗഹൃദം പോലെയാണ്. വേർപിരിക്കാനാവാത്ത ബന്ധം എന്നുതന്നെ പറയാം. ഒരു ദിവസം പോലും തമ്മിൽ പിരിഞ്ഞു കഴിയേണ്ടി വന്നിട്ടില്ലായിരുന്നു അവരിരുവർക്കും ഒരിക്കലും. ഒരേ പാത്രത്തിൽ ഉണ്ട്, ഒരേ കിടക്കയിൽ ഒന്നിച്ചു കിടന്നുറങ്ങി, ഒരുമിച്ച് നടക്കാൻ പോയി ആരെയും അസൂയപ്പെടുത്തുന്ന സ്നേഹത്തോടെ അവർ കഴിഞ്ഞുപോന്നു.

എന്നാൽ, അവരെ തമ്മിൽ പിരിക്കാൻ മരണം കാൻസറിന്റെ രൂപത്തിൽ എത്തിയത് ഓർത്തിരിക്കാതെയായിരുന്നു. റോക്കിയുടെ വയറിനുള്ളിൽ വലിയൊരു ട്യൂമർ വളർന്നു വരുന്നുണ്ടായിരുന്നു. അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. കാൻസറിന്റെ പീഡകളിലൂടെ റോക്കിയെ ഇനിയും കൊണ്ടുപോവേണ്ട എന്ന തീരുമാനം, വേദനിക്കുന്ന മനസ്സോടെയാണെങ്കിലും,  ബെത്തും കുടുംബവും എടുത്തു. അവനെ ദയാവധത്തിന് വിധേയനാക്കാൻ അവർ തീരുമാനിച്ചു. ഒരു വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ അവനെ മരുന്ന് കുത്തിവെച്ച് മേഴ്‌സി കില്ലിങിന് വിധേയനാക്കി. വൈദ്യുത ശ്‌മശാനത്തിൽ ദഹിപ്പിച്ച്, സ്‌പെൻസർ കിടക്കുന്ന മുറിയ്ക്കുള്ളിൽ തന്നെയുള്ള ഒരു ഷെൽഫിൽ അവന്റെ ചിതാഭസ്മം ഒരു മൺകലത്തിനുള്ളിലാക്കി അവർ സൂക്ഷിച്ചു. 

പക്ഷേ, സന്തത സഹചാരിയായ റോക്കി പെട്ടെന്നൊരു ദിവസം കൂടെ ഇല്ലാതായപ്പോൾ അത് സ്പെന്സറിനെ വല്ലാതെ സങ്കടപ്പെടുത്തി. അവൻ പതുക്കെ ഡിപ്രഷനിലേക്ക് വഴുതി വീണു. നായ്ക്കൾക്കും ഡിപ്രഷനോ എന്ന് അത്ഭുതപ്പെടേണ്ട. മനുഷ്യനെപ്പോലെ വിഷാദരോഗത്തിന് അടിപ്പെടുന്ന ഒരു ജീവിയാണ് വളർത്തുനായയും. 

റോക്കി മരിച്ചതാണ് എന്ന് സ്പെൻസറിന് തിരിച്ചറിയാനായില്ല. റോക്കിയെ കാണാതായി എന്നുമാത്രമേ അവനറിഞ്ഞുള്ളൂ. റോക്കി അടുത്തില്ലാത്തതിനാൽ രാത്രി അവന്റെ ഉറക്കങ്ങൾ മുറിഞ്ഞു. വീട്ടുകാരൊക്കെ ഉറങ്ങുമ്പോഴും, അവൻ രാത്രികാലങ്ങളിൽ വീടിന്റെ മുക്കും മൂലയും അവന്റെ ഗന്ധമന്വേഷിച്ച് നടക്കും. ഉറങ്ങുകയേയില്ല. ഒരുപാട് നേരം തിരഞ്ഞിട്ടും കാണാതെ സങ്കടം സഹിക്കാൻ കഴിയാതെ അവൻ ഇരുന്നു മോങ്ങും.. ആരുടേയും നെഞ്ചു തകർക്കുന്നതാണ് ആ കരച്ചിൽ. 

ബെത്ത് സ്പെന്സറിന്റെ സങ്കടത്തിന് പരിഹാരമുണ്ടാക്കാൻ തന്നാലാവും വിധം പരിശ്രമിക്കാൻ തയ്യാറായിരുന്നു.  റോക്കിയുടെ ചിത്രം പ്രിന്റുചെയ്ത ഒരു തലയിണ ഓർഡർ ചെയ്തിരുന്നത് താമസിയാതെ വന്നെത്തി. അത് അവന്റെ സങ്കടത്തിന് നേരിയ അയവു വരുത്തി. ആ തലയിണയിൽ കാണാൻ സാധിച്ച തന്റെ കൂടെപ്പിറപ്പിന്റെ മുഖം അവന്റെ മനസ്സിന് സമാധാനമേകി. 

ഇപ്പോൾ ഒരു നിമിഷം പോലും ആ തലയിണയെ വിട്ടുപിരിയാൻ സ്പെൻസറിന് മനസ്സില്ല. പോവുന്നിടമെല്ലാം കടിച്ചെടുത്തുകൊണ്ട് പോവും സ്‌പെൻസർ ആ തലയിണയും. സോഫയിൽ നിന്നും ബെഡിലേക്കും ബെഡിൽ നിന്നും ബാൽക്കണിയിലേക്കും ഒക്കെ അവൻ അതിനെ കൂടെ കൊണ്ട് പോവും. പകൽ പലവട്ടം ആ തലയിണയിൽ റോക്കിയുടെ മുഖം അവൻ നക്കിത്തോർത്തും. ഇന്ന് സ്‌പെൻസർ എന്ന വിഷാദിയായ നയാ ഉറങ്ങുന്നത് ഒറ്റയ്ക്കല്ല. അവനു കൂട്ടായി ഒരു തലയിണപ്പരുവത്തിലാണെങ്കിലും തന്റെ കൂടപ്പിറപ്പായ റോക്കിയുമുണ്ട്. 

ഒരു തലയിണ ഒരിക്കലും അവന്റെ റോക്കിയ്ക്ക് പകരമാവില്ല സ്പെൻസറിന്. അവന്റെ ഈ ദുർഘട സന്ധിയിൽ അവനു കൂട്ടായി ബെത്തും കുടുംബവും സദാ സ്പെന്സറിനെ പരിചരിക്കുന്നുണ്ട്. രാത്രികളിൽ അവന്റെ തൊട്ടടുത്തായി ഇപ്പോൾ റോക്കിയുമുള്ള സ്ഥിതിക്ക് സ്‌പെൻസർ ഇപ്പോൾ ഉറങ്ങുന്നുണ്ട്, സ്വരമായിത്തന്നെ. 


 

click me!