ഇസ്രായേൽ സേനയ്ക്ക് ന​ഗ്നനേത്രങ്ങൾ കൊണ്ടോ, തെർമൽ ക്യാമറകളിലൂടെയോ കാണാനാവാത്ത വസ്ത്രം?

By Web TeamFirst Published Jul 6, 2021, 3:05 PM IST
Highlights

ആവശ്യകത അനുസരിച്ച് അതിന്റെ മാതൃകയിൽ മാറ്റം വരുത്താൻ കഴിയുമെന്ന് കമ്പനി പറയുന്നു. മെറ്റീരിയൽ പൂർണ്ണമായും വാട്ടർപ്രൂഫ് ആയതിനാൽ ആവശ്യമെങ്കിൽ ഒരു കൂടാരമായും ഇത് ഉപയോഗിക്കാം. 

അത്യാധുനിക യുദ്ധ സംവിധാനങ്ങളുടെയും പ്രതിരോധ മാർ​ഗങ്ങളുടെയും കാര്യത്തിൽ എന്നും മുൻപന്തിയിലായിരുന്നു ഇസ്രായേൽ. ഇന്നിപ്പോൾ ശത്രുക്കളുടെ കണ്ണിൽപ്പെടാതെ അദൃശ്യരാകാൻ സൈനികരെ സഹായിക്കുന്ന ഇസ്രായേൽ സേനയുടെ ഒരു പുതിയ സാങ്കേതികവിദ്യ ലോകശ്രദ്ധ നേടുകയാണ്. പകൽ വെളിച്ചത്ത് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത ഒരു പ്രത്യേക തരം വസ്ത്രമാണ് അത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും ഇസ്രായേൽ ആസ്ഥാനമായുള്ള ഉത്പന്ന നിർമ്മാതാക്കളായ പോളാരിസ് സൊല്യൂഷനും ചേർന്നാണ് ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് രൂപം നൽകിയിരിക്കുന്നത്.  

കിറ്റ് 300 ഷീറ്റ് എന്നറിയപ്പെടുന്ന അത് ചുറ്റുപാടുകളുമായി ഇണങ്ങുന്നതും, പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധമുള്ളതുമാണ്. നഗ്ന നേത്രങ്ങളെ കൊണ്ടോ, തെർമൽ ക്യാമറകളിലൂടെയോ കാണാൻ സാധിക്കാത്ത വിധം മൈക്രോ ഫൈബറുകൾ, ലോഹങ്ങൾ, പോളിമറുകൾ എന്നിവ കൊണ്ടാണ് ഇത്  ഉണ്ടാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ സ്ട്രെച്ചറായി ഡബിൾ അപ്പ് ചെയ്യാൻ കഴിയുന്ന ഈ വസ്ത്രം ധരിച്ചാൽ തെർമൽ ഇമേജിംഗ് ഉപകരണങ്ങൾക്ക് പോലും കണ്ടെത്താൻ പ്രയാസമാണെന്ന് കമ്പനി പറയുന്നു. കിറ്റ് -300 ന്റെ ഇരുവശത്തും പല നിറങ്ങൾ നൽകിയിരിക്കുന്നു. സൈനികന് വിവിധതരം ഭൂപ്രദേശങ്ങളുമായി ഇണങ്ങിച്ചേരാൻ ഇത് അനുവദിക്കുന്നു. ഇരുപുറവും ഉപയോഗ്യമായ ഇത് ഇടതൂർന്ന വനാന്തരങ്ങൾക്കും, മരുഭൂമി പോലുള്ള പ്രദേശങ്ങൾക്കും അനുയോജ്യമാണ്. പാറക്കൂട്ടങ്ങൾക്കിടയിൽ മറ്റൊരു പാറ പോലെ തോന്നിപ്പിക്കുന്ന ഇത് വിദൂരത്ത് നിന്ന് ബൈനോക്കുലറിൽ കൂടി നിരീക്ഷിക്കുന്ന ശത്രുക്കൾക്ക് കണ്ടെത്താൻ പ്രയാസമാകുന്നു.      

ആവശ്യകത അനുസരിച്ച് അതിന്റെ മാതൃകയിൽ മാറ്റം വരുത്താൻ കഴിയുമെന്ന് കമ്പനി പറയുന്നു. മെറ്റീരിയൽ പൂർണ്ണമായും വാട്ടർപ്രൂഫ് ആയതിനാൽ ആവശ്യമെങ്കിൽ ഒരു കൂടാരമായും ഇത് ഉപയോഗിക്കാം. നീളമുള്ള ഈ വസ്ത്രത്തിന് ഭാരം വെറും 500 ഗ്രാം മാത്രമാണ്. ആവശ്യമെങ്കിൽ ഇത് മടക്കാനും ചുരുട്ടാനും സാധിക്കും. മാത്രമല്ല, 250 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയുന്ന ഇത് പരിക്കേറ്റ സൈനികരെ കൊണ്ടുപോകുന്ന ഒരു സ്ട്രെച്ചറായും ഉപയോഗിക്കാം. തണുപ്പത്ത് ഒരു കട്ടികൂടിയ പുതപ്പായും, എല്ലൊടിഞ്ഞാൽ ഒരു സ്പ്ലിന്റായും അത് ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!