
പാര്‍ലമെന്റു പിരിച്ചുവിടുകയും പ്രധാനമന്ത്രിയെ പുറത്താക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രസിഡന്റും കോടതിയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ടുണീഷ്യയില്‍ സൈന്യം സുപ്രീം കോടതി അടച്ചുപൂട്ടി. കോടതിയില്‍ എത്തിയ ജഡ്ജുമാരെയും ജീവനക്കാരെയും അകത്തു കയറാന്‍ അനുവദിക്കാതെ സൈന്യം തിരിച്ചയക്കുകയും ചെയ്തു. സംഭവത്തിന് എതിരെ ജഡ്ജുമാരുടെയും അഭിഭാഷകരുടെയും സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മൂന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും പ്രസിഡന്റ് കൈസ് സഈദിന്റെ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, സൈന്യത്തെ ഉപയോഗിച്ച്
ജനാധിപത്യം അട്ടിമറിക്കാനും അധികാരം പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കാനുമുള്ള നടപടികളുമായി പ്രസിഡന്റ് മുന്നോട്ടുപോവുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സര്‍വ്വാധികാരങ്ങളോടും കൂടി രാജ്യം ഭരിച്ച് ജനജീവിതം ദുരിതത്തിലാക്കിയ ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ 2011 ജനുവരിയില്‍ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയ രാജ്യമാണ് ടുണീഷ്യ. പശ്ചിമേഷ്യയില്‍ ഭരണകൂടങ്ങളെ കടപുഴക്കുകയും ഏകാധിപത്യ ഭരണാധികാരികളെ ഭയപ്പെടുത്തുകയും ചെയ്ത മുല്ലപ്പൂ വിപ്ലവത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ 28 ദിവസം നീണ്ടുനിന്ന ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കി ജനാധിപത്യ ഭരണവ്യവസ്ഥ നിലവില്‍ കൊണ്ടുവന്ന ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ടാണ് ഇപ്പോള്‍ പ്രസിഡന്റ് കൈസ് സഈദ് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടു പോവാന്‍ വീണ്ടും ശ്രമം നടത്തുന്നത്.
രാജ്യത്ത് സ്വാതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടായിരുന്ന ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം പിരിച്ചു വിടുകയാണ് കുറച്ചുനാളായി പ്രസിഡന്റ്. കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് രാജ്യത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. കഴിഞ്ഞ വാരാന്ത്യത്തിലാണ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ എന്ന പേരില്‍ അറിയപ്പെടുന്ന സുപ്രീം കോടതി പിരിച്ചുവിട്ടത്. ഇതോടൊപ്പം മറ്റനേകം ഭരണഘടനാ സ്ഥാപനങ്ങളെയും പിരിച്ചുവിട്ട് എല്ലാ അധികാരങ്ങളും പിടിച്ചെടുക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ആസ്ഥാനം അടച്ചുപൂട്ടിയതും ജഡ്ജിമാരെയും കോടതി ജീവനക്കാരെയും സൈന്യം തിരിച്ചയക്കുകയും ചെയ്തു.
പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ്, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന് നിയമസാധുതയില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയത്. അതോടൊപ്പം, മുല്ലപ്പൂ വിപ്ലവം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം നിലവില്‍ വന്ന ഭരണഘടന ഉടച്ചുവാര്‍ക്കുമെന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. അതിനിടെ, പാര്‍ലമെന്റും കോടതിയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് പാര്‍ലമെന്റ് അധ്യക്ഷന്‍ റാഷിദ് ഗനൂശി പ്രഖ്യാപിച്ചു. സുപ്രീം കോടതി പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പരാമധ്യക്ഷനും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ്, പ്രസിഡന്റിന്റെ നടപടിക്കെതിരെ പ്രമുഖ രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നത്. എന്നാല്‍, ഇവതെല്ലാം അവഗണിച്ച് ഏകാധിപത്യ ഭരണവുമായി മുന്നോട്ടുപോവാനാണ് പ്രസിഡന്റിന്റെ നീക്കം.