
വളരെ വ്യത്യസ്തമായ പല ഇഷ്ടങ്ങളും പ്രണയങ്ങളും ആസക്തികളുമെല്ലാം ചില മനുഷ്യരിൽ കണ്ടുവരാറുണ്ട്. എന്നാൽ, ഇവിടെ ഒരു മനുഷ്യന്റെ പ്രേമം വളരെയധികം വ്യത്യസ്തമാണ്. അദ്ദേഹത്തിന് പ്രേമവും ലൈംഗികതാൽപര്യവും ബലൂണുകളോടാണ് പോലും. 'മനോഹരമായ ബലൂണുകൾ' കാണുമ്പോഴെല്ലാം തന്റെ ഹൃദയമിടിപ്പ് കൂടുമെന്ന് ഇയാൾ അവകാശപ്പെടുന്നു. ഈ മനുഷ്യന് 50 വർഷത്തെ പ്രണയമുണ്ട് ബലൂണുകളോട്. ജൂലിയസ് എന്നാണ് ആളുടെ പേര്. ടിഎൽസി -യുടെ സ്ട്രേഞ്ച് അഡിക്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം ബലൂണുകളോടുള്ള തന്റെ പ്രണയവും അവയോടുള്ള ലൈംഗിക ആകർഷണവും തുറന്ന് പറഞ്ഞു.
എപ്പിസോഡിൽ, മനോഹരമായ, സിൽക്കിയായ, മിനുസമാർന്ന, അതിലോലമായ ബലൂണുകളോട് തനിക്ക് പ്രണയവും ലൈംഗികാകർഷണവുമാണ് എന്ന് ജൂലിയസ് പറയുന്നു. 'ഞാൻ അതിനെ കെട്ടിപ്പിടിച്ച് ചുംബിക്കും, അതാണ് എനിക്ക് ശരിക്കും സ്വർഗം' എന്നും ജൂലിയസ് കൂട്ടിച്ചേർത്തു. തന്റെ വീട്ടിലുള്ള 50,000 ബലൂണുകളോടും തനിക്ക് ഒരു പ്രത്യേകം ബന്ധമുണ്ട്. എല്ലാ രാത്രികളിലും നിറയെ ബലൂണുകളും കളിപ്പാട്ടങ്ങളും ഉള്ള മുറിയിലാണ് താൻ കിടന്നുറങ്ങുന്നത്. ബലൂണുകൾക്ക് ജീവനില്ല എന്ന് തനിക്കറിയാം. എന്നാലും എപ്പോഴെങ്കിലും തന്റെയീ സ്നേഹം കണ്ടിട്ട് അവയ്ക്ക് ജീവൻ വച്ചാലോ എന്ന് താൻ ആലോചിക്കാറുണ്ട് എന്നും ജൂലിയസ് പറയുകയുണ്ടായി.
നാലാമത്തെ വയസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൂലിയസിന് അമ്മ ഒരു നീല ബലൂൺ സമ്മാനമായി കൊടുത്തു. അന്നുമുതലാണത്രെ ജൂലിയസിന് ബലൂണുകളോട് സ്നേഹം തോന്നിത്തുടങ്ങിയത്. വൈകാരികവും ശാരീരികവുമായി ജൂലിയസ് ബലൂണുകളോട് അടുത്തിരിക്കുന്നു. ചുറ്റുമുള്ള മറ്റാരെയുമോ തന്നെത്തന്നെയോ വേദനിപ്പിക്കാത്തിടത്തോളം അതിലൊരു തെറ്റുമുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ജൂലിയസിന്റെ പക്ഷം. 2013 -ലാണ് ഇദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്.