
മറ്റുള്ളവരുടെ പേരുകൾ പലപ്പോഴും നമുക്ക് തെറ്റിപ്പോകാറുണ്ട്. അതുമല്ലെങ്കിൽ ചിലപ്പോൾ പെട്ടെന്ന് ഓർമ്മയിൽ തെളിയാതെ വരാറുണ്ട്. എന്നാൽ, സ്വന്തം പേര് തെറ്റിപ്പോയ സന്ദർഭങ്ങൾ ഉണ്ടോ? കുട്ടിക്കാലത്ത് ചിലപ്പോൾ ഉണ്ടായെന്ന് വരാം. അല്ലാതെ ആരും സാധാരണ സ്വന്തം പേര് തെറ്റി പറയാറില്ല. എന്നാൽ, ജീവിതകാലം മുഴുവൻ തന്റെ പേര് തെറ്റായി എഴുതി കൊണ്ടിരുന്ന ഒരു വ്യക്തിയാണ് അലൻ ഗ്രെയ്‌ഞ്ചർ. സ്വന്തം ജനന സർട്ടിഫിക്കറ്റ് നോക്കിയപ്പോഴാണ് 61 -കാരന് തന്റെ അബദ്ധം മനസിലായത്.
അദ്ദേഹത്തിന്റെ കൊച്ചുമോൾ മിയായാണ് ടിക് ടോകിൽ മുത്തച്ഛന് പറ്റിയ ഈ അമളി ലോകവുമായി പങ്കുവച്ചത്. അയാളുടെ യഥാർത്ഥ പേര് allan എന്നായിരുന്നു. എന്നാൽ അയാൾ എല്ലായിടവും alan എന്നായിരുന്നു കൊടുത്തിരുന്നത്. ഇതുവരെയുള്ള എല്ലാ രേഖകളിലും, അത് ഡ്രൈവിങ് ലൈസൻസാകട്ടെ, വിവാഹ സർട്ടിഫിക്കറ്റിലാകട്ടെ എല്ലാത്തിലും അയാൾ തന്റെ പേര് തെറ്റിയാണ് നൽകിയിരുന്നത്. എന്നാൽ കുടുംബത്തിലെ ആരും തന്നെ ഈ അക്ഷരത്തെറ്റ് കണ്ടെത്തിയില്ല എന്നതാണ് രസകരം. ഓ, അതിലെന്താ ഇപ്പോൾ ഒരക്ഷരമല്ലേ മാറിയുള്ളൂ എന്ന് ചിന്തിക്കുന്നുണ്ടോ? പക്ഷേ ഇതിന്റെ നൂലാമാലകളിൽ കുരുങ്ങാൻ തനിക്ക് താല്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എല്ലാ ഔദ്യോഗിക രേഖകളിലും അദ്ദേഹത്തിന്റെ പേര് അലൻ എന്നാണ്. അത് അല്ലൻ (allan) എന്ന് മാറ്റാനുള്ള ഓട്ടത്തിലാണ് അദ്ദേഹം ഇപ്പോൾ. എന്തിനേറെ സ്വന്തം ശരീരത്തിൽ തന്നെ രണ്ട് ടാറ്റൂകൾ അദ്ദേഹത്തിനുണ്ട്. അതും തെറ്റായ പേരിൽ. അതിലൊന്ന് സ്വന്തം കൈയിൽ തന്നെയാണ്. എന്നാൽ ടാറ്റൂ മാറ്റാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം തെറ്റ് പറ്റിയത് തന്റെ മാതാപിതാക്കൾക്കല്ല, മറിച്ച് തന്റെ ജനന സർട്ടിഫിക്കറ്റ് പൂരിപ്പിച്ചവർക്കാണ് എന്ന് അദ്ദേഹം പറയുന്നു. അവർക്ക് സംഭവിച്ച അക്ഷരത്തെറ്റാണ് ഇത്രയും വർഷം തന്നോടൊപ്പം ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. "എനിക്ക് വിശ്വസിക്കാനായില്ല. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്റെ പേര് അങ്ങനെയാണ് ഉച്ചരിച്ചിരുന്നത്. എന്റെ മകൾ അത് പറഞ്ഞപ്പോൾ അവൾ വെറുതെ പറയുകയാണെന്നാണ് ഞാൻ കരുതിയത്. ഞാൻ ഞെട്ടിപ്പോയി, വിശ്വസിക്കാൻ കഴിഞ്ഞില്ല," അദ്ദേഹം പറഞ്ഞു. "ഇത് ജനന സർട്ടിഫിക്കറ്റിലെ പിഴവാണെന്ന് ഞാൻ കരുതുന്നു. കാരണം സ്കൂളിൽ അങ്ങനെ ഒരു തെറ്റ് പറ്റാൻ എന്റെ അമ്മ അനുവദിക്കില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
വിചിത്രമായ കാര്യം, ജനന സർട്ടിഫിക്കറ്റിൽ പേര് മാറിപ്പോയ ഒരേയൊരു വ്യക്തിയല്ല അലൻ. ടിക്ടോക്കിൽ വീഡിയോ പങ്കിട്ടപ്പോൾ, നിരവധി പേരാണ് തങ്ങൾക്കും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നത്.