
ആന്ധ്രാപ്രദേശിലെ(Andhra Pradesh) ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ(retired police personnel) തന്റെ അമ്മയുടെ ശവകുടീരത്തോട് ചേർന്ന് തനിക്കായി ഒരു ശവകുടീരം(tomb) നിർമ്മിച്ചു. മാത്രവുമല്ല, തന്റെ ഒഴിവ് സമയം അദ്ദേഹം ചെലവഴിക്കുന്നത് ഇപ്പോൾ അവിടെയാണ്. ചിറ്റൂർ ജില്ലയിലെ പാടൂർ ഗ്രാമത്തിൽ നിന്നുള്ള ഷെയ്ഖ് മുജീബ് സാഹബ്(Sheikh Mujib Saheb) ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ശവകുടീരം പണിയാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്. മാറ്റങ്ങൾക്ക് വിധേയമായ ഈ ലോകത്ത് ശാശ്വതമായി ഒന്നുമില്ലെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. അതിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലായിട്ടാണ് അദ്ദേഹം ഇത് നിർമ്മിച്ചിരിക്കുന്നത്.
2010 -ൽ അദ്ദേഹം പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്റെ അമ്മ ബിബി ജോണും, സഹോദരൻ എസ്‌എ സത്താറും ഇന്ന് അദ്ദേഹത്തോടൊപ്പമില്ല. കുടുംബത്തിന്റെ രണ്ടേക്കർ വരുന്ന മാമ്പഴത്തോട്ടത്തിലാണ് അവരുടെ ശവകുടീരങ്ങൾ അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. അമ്മയുടെ മരണത്തിൽ ദുഃഖിതനായ അദ്ദേഹം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് അമ്മയ്ക്ക് സമീപം തനിക്കായി ഒരു ശവകുടീരം നിർമ്മിച്ചത്. അവിടെ തന്നെയായിരിക്കും തന്റെയും അവസാനമെന്ന് അദ്ദേഹം പറയുന്നു. മരിച്ച് കഴിഞ്ഞാൽ അദ്ദേഹത്തെ അടക്കം ചെയ്യാൻ പറ്റുംവിധമാണ് ശവകുടീരത്തിന്റെ നിർമിതി.
കല്ലറ മൂടിയിരിക്കുന്ന കല്ല് ഇളക്കി മാറ്റാൻ സാധിക്കും. കല്ല് ഉയർത്തി മരിച്ചയാളുടെ മൃതദേഹം കുടീരത്തിനകത്ത് വയ്ക്കാൻ സാധിക്കും വിധമാണ് മുജീബ് സാഹിബ് ഖബർ നിർമ്മിച്ചിരിക്കുന്നത്. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്നതിനിടെ നിരവധി സംഭവങ്ങൾ തന്നെ വല്ലാതെ ഉലച്ചതായി മുജീബ് സാഹിബ് ന്യൂസ് 18 -നോട് പറഞ്ഞു. ഇതോടെ ഭൗതികലോകത്തിൽ നിന്ന് മാനസികമായി അകലാൻ അദ്ദേഹം പരിശീലിച്ചു. അതിന്റെ ഭാഗമായാണ് മരണശേഷമുള്ള അദ്ദേഹത്തിന്റെ ശവകുടീരം ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം നിർമ്മിച്ചത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, എല്ലാ മനുഷ്യരാശിക്കും മരണം അനിവാര്യമായ ഒന്നാണ്. അതിനെ ഭയപ്പെടേണ്ടതില്ല. തന്റെ ശേഷിക്കുന്ന ജീവിതത്തിൽ ഒഴിവ് സമയം മുഴുവൻ തന്റെ ശവകുടീരത്തിന് സമീപം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന മാവിൻ തോട്ടത്തിന്റെ ഭിത്തിയിൽ അദ്ദേഹം നിരവധി മഹത് വചനങ്ങൾ എഴുതി വച്ചിട്ടുണ്ട്. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായി ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും അതിലൂടെ അദ്ദേഹം ആളുകളോട് പറയുന്നു. മനുഷ്യരാശിക്ക് വേണ്ടി ഒത്തൊരുമയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഓരോ വ്യക്തിയും മനസ്സ് കാണിക്കണമെന്നും മുജീബ് സാഹിബ് പറഞ്ഞു.