
പ്രണയത്തിൽ വളരെ പ്രധാനപ്പെട്ടതും റൊമാന്റിക് ആയതുമായ ഒന്നാണ് ചുംബനം അല്ലേ? എന്നാൽ, ഇവിടെ രണ്ട് വർഷമായി പ്രണയത്തിലായിരിക്കുന്ന ഒരു കാമുകിയും കാമുകനും ഇതുവരെ ചുംബിച്ചിട്ടില്ലത്രെ. കെയ്റ്റ്ലിൻ ഓ'നീൽ എന്ന യുവതിയാണ് രണ്ട് വർഷത്തെ പ്രണയത്തിനിടയിൽ ഒരിക്കൽ പോലും കാമുകൻ തന്നെയോ താൻ കാമുകനെയോ ചുംബിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയത്.
ഈ വിവരം വെളിപ്പെടുത്തിയതോടെ പലവിധത്തിലുള്ള കമന്റുകളാണ് അവൾക്ക് കേൾക്കേണ്ടി വരുന്നത്. അവളുടെ കാമുകൻ ഒരു സ്വവർഗാനുരാഗിയായിരിക്കും എന്നാണ് ചിലർ പറഞ്ഞത്. അല്ലെങ്കിൽ നിങ്ങളുടെ ബന്ധം വെറും സൗഹൃദമായിരിക്കാം, അല്ലെങ്കിൽ നിങ്ങൾ ഫ്രണ്ട്സ് വിത്തൗട്ട് ബെനഫിറ്റ്സ് ആയിരിക്കാം എന്നെല്ലാം പറഞ്ഞവരുണ്ട്.
എന്നാൽ, വിവാഹം കഴിഞ്ഞതിന് ശേഷമേ ഉമ്മ വയ്ക്കുകയോ, ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യൂ എന്ന് താൻ തീരുമാനമെടുത്തിരുന്നു എന്ന് യുവതി പറയുന്നു. പ്രണയിച്ച് തുടങ്ങുമ്പോൾ തന്നെ താൻ അങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരുന്നു. അതുകൊണ്ടാണ് ഒരിക്കൽ പോലും ഉമ്മ വയ്ക്കുക പോലും ചെയ്യാതിരുന്നത്. മതപരമായ ചില കാരണങ്ങളാലാണ് ഇങ്ങനെ ഒരു തീരുമാനം എന്നും യുവതി വ്യക്തമാക്കി.
താൻ ഉമ്മ വയ്ക്കാതെ കാത്തിരിക്കുകയാണ്. നൽകാതെ വച്ചിരിക്കുന്ന ആ ചുംബനങ്ങളെല്ലാം തന്റെ ഭാവി ഭർത്താവിന് ഉള്ളതാണ്. തനിക്ക് അറിയാം ചുംബനം പ്രണയത്തിൽ എത്ര പ്രധാനമാണ് എന്നും മനോഹരമാണ് എന്നും. എന്നാൽ, അതെല്ലാം താൻ സൂക്ഷിച്ച് വച്ച് കാത്തിരിക്കുകയാണ് എന്നാണ് യുവതി പറയുന്നത്.
പ്രണയത്തിലാവുന്നതിന് മുമ്പ് തന്നെ ഇരുവരും ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്നു. അന്ന് ഇരുവരുടെയും സങ്കൽപങ്ങളും പ്രതീക്ഷകളും എല്ലാം പങ്കു വച്ചിരുന്നു. അന്ന് തന്നെ ഇരുവരും തീരുമാനിച്ചിരുന്നതാണ് വിവാഹം വരെ ചുംബനമോ ശാരീരിക ബന്ധമോ വേണ്ടാ എന്ന്.
നിങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമായിരിക്കും എന്ന് കമന്റ് പറയുന്നവരോട് യുവതിയുടെ കാമുകന് പറയാനുള്ളത്, ഞങ്ങൾ നല്ല ഫ്രണ്ട്സ് തന്നെ ആയിരുന്നു. പിന്നെയാണ് പ്രണയത്തിലായത്. ഇനി വിവാഹിതരാവുന്നത് വരെ എന്തിനും കാത്തിരിക്കാൻ തയ്യാറാണ് എന്നാണ്.