വീട്ടുജോലിക്കാരിയായ, കുടിലിൽ താമസിക്കുന്ന വൃദ്ധയ്ക്ക് വൈദ്യുതിബിൽ വന്നത് 2.5 ലക്ഷം, പ്രതികരിക്കാതെ അധികൃതർ

By Web TeamFirst Published Jul 3, 2021, 12:10 PM IST
Highlights

ഫെബ്രുവരിയിൽ സമാനമായ ഒരു സംഭവം ഉണ്ടായി. 80 വയസുകാരന് 80 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചു. ബിൽ കണ്ട് ഞെട്ടിപ്പോയ ഗണപത് നായിക്കിന് ഉയർന്ന രക്തസമ്മർദ്ദമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വീട്ടുജോലിക്കാരിയായ 65 -കാരിയുടെ വീട്ടിലെ വൈദ്യുതി ബിൽ 2.5 ലക്ഷം രൂപ. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം നടന്നത്. റാംബായ് പ്രജാപതി എന്ന വൃദ്ധയ്ക്കാണ് 2.5 ലക്ഷം രൂപയുടെ ബിൽ വന്നത്. എന്നാൽ, അവർ ഒരു കുടിലിലാണ് താമസിക്കുന്നത്. അവിടെ ആകെയുള്ളത് ഒരു ബൾബും ടേബിൾ ഫാനുമാണ്. സാധാരണമായി അവർക്ക് എല്ലാ മാസവും 300 മുതൽ 500 രൂപ വരെയാണ് ബിൽ വരാറുള്ളത്. 

ലോക്ക് ഡൗൺ കാരണം, അവർക്ക് രണ്ട് മാസം ബിൽ അടക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്രാവശ്യം കുടിശിക കാണുമെന്ന് അവർക്ക് അറിയാമായിരുന്നു. എന്നിരുന്നാലും 2.50 ലക്ഷം രൂപയുടെ ബിൽ കണ്ടപ്പോൾ അവർ ശരിക്കും അന്തംവിട്ടു പോയി. ഇതുവരെ രണ്ടു ലക്ഷം രൂപ തികച്ചു കണ്ടിട്ടില്ലാത്ത അവർ എങ്ങനെ ഇത് സംഭവിച്ചു എന്ന ആവലാതിയിലാണ്.  

എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് ഉറപ്പായിരുന്നു. തുടർന്ന്, ബില്ലുമായി സ്ത്രീ വൈദ്യുതി വകുപ്പിന്റെ ഓഫീസിലെത്തി. എന്നാൽ, ഒരു ഫലവുമുണ്ടായില്ല. ഓഫീസിനു പുറത്തുള്ള ഒരു മരത്തിൻകീഴിൽ താൻ ദിവസവും ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നുണ്ടെങ്കിലും ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് വൃദ്ധ പരാതിപ്പെടുന്നു. “മറ്റുള്ളവരുടെ വീടുകളിൽ പണിയ്ക്ക് പോയിട്ടാണ് ഞാൻ ജീവിക്കുന്നത്. എന്റെ വീട്ടിൽ ഒരു ബൾബും ടേബിൾ ഫാനും മാത്രമാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്. എന്റെ ബിൽ 2.5 ലക്ഷം രൂപയായി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ ഇതിനായി വൈദ്യുതി ആപ്പീസിൽ കയറി ഇറങ്ങുന്നു. പക്ഷേ, ആരും ഞാൻ പറയുന്നത് കേൾക്കാൻ കൂടിയുള്ള ക്ഷമ കാണിക്കുന്നില്ല” റാംബായ് ന്യൂസ് 18 -നോട് പറഞ്ഞു. മാത്രമല്ല, താൻ ജനപ്രതിനിധികളെയും ഗുണാ കളക്ടറെയും സമീപിച്ചിട്ടുണ്ടെന്നും, എന്നാൽ തന്റെ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.  

ഫെബ്രുവരിയിൽ സമാനമായ ഒരു സംഭവം ഉണ്ടായി. 80 വയസുകാരന് 80 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചു. ബിൽ കണ്ട് ഞെട്ടിപ്പോയ ഗണപത് നായിക്കിന് ഉയർന്ന രക്തസമ്മർദ്ദമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന്റെ ക്ലറിക്കൽ പിശക് കാരണമായിരുന്നു അത്രയും തുക ബിൽ വന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!