ആഫ്രിക്കൻ സിംഹങ്ങളെ ലേലം ചെയ്യാൻ പാകിസ്ഥാനിലെ മൃ​ഗശാല, സ്വകാര്യവ്യക്തികൾക്കും വാങ്ങാമെന്ന്

By Web TeamFirst Published Aug 8, 2022, 3:11 PM IST
Highlights

നിലവിൽ, മൃഗശാലയിൽ 29 സിംഹങ്ങളാണുള്ളത്. അവ ഇങ്ങനെ പെറ്റുപെരുകുന്നത് മൃഗശാല അധികൃതർക്ക് ഒരു തലവേദനയാവുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മൃഗശാല അവയെ തീറ്റിപ്പോറ്റി കൂടുതൽ പാപ്പരാകുമെന്ന നിലയാണ്. അതുകൊണ്ട് തന്നെ അവയുടെ അമിതമായ വംശവർദ്ധനവ് നിയന്ത്രിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേലം വിളി.

വീട്ടിൽ നായ്ക്കളെ വളർത്തുന്നവർ നിരവധിയാണ്. എന്നാൽ ഒരു ചേഞ്ചിന് നല്ല ഘടാഘടിയന്മാരായ സിംഹങ്ങളെ വളർത്തണമെന്ന് തോന്നുന്നുണ്ടോ? താല്പര്യമുള്ളവർക്ക് ലാഹോർ മൃഗശാല ഒരു അവസരം നൽകുകയാണ്. പാകിസ്ഥാനിലെ ലാഹോർ സഫാരി മൃഗശാല പന്ത്രണ്ട് ആഫ്രിക്കൻ സിംഹങ്ങളെ ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കയാണ്.

നിലവിൽ, മൃഗശാലയിൽ 29 സിംഹങ്ങളാണുള്ളത്. അവ ഇങ്ങനെ പെറ്റുപെരുകുന്നത് മൃഗശാല അധികൃതർക്ക് ഒരു തലവേദനയാവുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മൃഗശാല അവയെ തീറ്റിപ്പോറ്റി കൂടുതൽ പാപ്പരാകുമെന്ന നിലയാണ്. അതുകൊണ്ട് തന്നെ അവയുടെ അമിതമായ വംശവർദ്ധനവ് നിയന്ത്രിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേലം വിളി. സ്വന്തമായി മൃഗ ഫാമുകളുള്ള സ്വകാര്യ വ്യക്തികൾക്ക് ലേലം വിളിയിൽ പങ്കെടുക്കാം. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള സിംഹങ്ങളെയാണ് ലേലം ചെയ്യുക. ഡപ്യൂട്ടി ഡയറക്ടർ തൻവീർ അഹമ്മദ് ജൻജുവ പറയുന്നതനുസരിച്ച്, എണ്ണം കൂടിയത് കാരണം സിംഹങ്ങൾക്കും കടുവകൾക്കും സ്വാതന്ത്ര്യമായി വിഹരിക്കാൻ സ്ഥലമില്ലെന്ന അവസ്ഥയാണ്. "അവയെ കൊടുത്താൽ, ഇവിടെ കൂടുതൽ സ്ഥലം ഉണ്ടാവും. മാത്രമല്ല, അവയ്ക്ക് ഭക്ഷണം നൽകാനുള്ള ഭീമമായ ചെലവും കുറയും” വരാനിരിക്കുന്ന ലേലത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു.

150,000 പാകിസ്ഥാൻ രൂപയാണ് സിംഹങ്ങളുടെ അടിസ്ഥാന വില. തുക ഇനിയും ഉയർന്നേക്കാം എന്നും മൃഗശാല അധികൃതർ അറിയിച്ചു. പാക്കിസ്ഥാനിലെ സമ്പന്നരായ വ്യക്തികൾ ഇത്തരം വളർത്തുമൃഗങ്ങളുമായി നിൽക്കുന്ന നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാം. ഇത് ഇപ്പോൾ ഒരു ട്രെൻഡായി മാറി കൊണ്ടിരിക്കയാണ്. അതുകൊണ്ട് തന്നെ സിംഹങ്ങളെ വാങ്ങാൻ ധാരാളം ആളുകൾ മുന്നോട്ട് വരുമെന്ന്  മൃഗശാല പ്രതീക്ഷിക്കുന്നു.  അതേസമയം ആർക്ക് വേണമെങ്കിലും ഓടിപ്പോയി സിംഹങ്ങളെ വാങ്ങാൻ കഴിയില്ല. വാങ്ങാൻ വരുന്നവർ ലേലം വിളിയ്ക്ക് മുൻപ് രജിസ്റ്റർ ചെയ്യണമെന്നും, മൃഗങ്ങളെ പരിപാലിക്കാൻ കഴിയുമെന്നതിന്റെ തെളിവ് ഹാജരാക്കണമെന്നും മൃഗശാല അറിയിച്ചു. ഒമ്പത് പെൺ സിംഹങ്ങളെയും, മൂന്ന് ആൺ സിംഹങ്ങളെയുമാണ് ലേലം ചെയ്യുന്നത്. ഓഗസ്റ്റ് 11 -ന് നടക്കുന്ന ലേലത്തിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓരോ അപേക്ഷകനും 37,500 രൂപ അപേക്ഷാ ഫീസായി നൽകണം.  

അതേസമയം ഇതിനെതിരെ പരിസ്ഥിതി സംഘടനയായ ഡബ്ല്യുഡബ്ല്യുഎഫും, മൃഗ സംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. സിംഹങ്ങളെ മറ്റ് മൃഗശാലകളിലേയ്ക്ക് മാറ്റുകയോ, പെൺസിംഹങ്ങൾക്ക് ഗർഭനിരോധന മാർഗ്ഗങ്ങൾ നൽകുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. മൃഗങ്ങളെ സംരക്ഷിക്കേണ്ട മൃഗശാല തന്നെ അതിനെ കച്ചവടം ചെയ്താൽ വിപരീതഫലമാകും ഉണ്ടാകുകയെന്നും അവർ ചൂണ്ടിക്കാട്ടി. 

click me!