വൻ വെടിമരുന്ന് ശേഖരം കണ്ടെത്താനടക്കം പൊലീസിനെ സഹായിച്ചവൻ, ധീരനായ നായ, ഒലി യാത്രയായി

Published : Aug 08, 2022, 02:43 PM IST
വൻ വെടിമരുന്ന് ശേഖരം കണ്ടെത്താനടക്കം പൊലീസിനെ സഹായിച്ചവൻ, ധീരനായ നായ, ഒലി യാത്രയായി

Synopsis

പല പ്രധാനപ്പെട്ട കേസുകളിലും അവൻ നിർണായക പങ്ക് വഹിച്ചു. 2014 ഏപ്രിലിൽ കോട്‌വാലി നഗറിനു കീഴിലുള്ള ടോപ്‌ഖാന പ്രദേശത്ത് ഒളിപ്പിച്ചു വച്ചിരുന്ന വൻ വെടിമരുന്ന് ശേഖരം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഒലിയാണ്.

ഉത്തർപ്രദേശിലെ പൊലീസ് സേനയിലെ ഒലി എന്ന നായ ഓർമ്മയാകുന്നു. ഉത്തർപ്രദേശിൽ, ഗോണ്ട പൊലീസ് സേനയിലെ സ്ക്വാഡ് ടീമിലായിരുന്നു ഒലി ഉണ്ടായിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി പൊലീസ് സേനയിൽ വിശിഷ്ട സേവനം അനുഷ്ഠിച്ച നായയാണ് ഒലി. അവന്റെ മരണത്തോടെ ഏറ്റവും വിശ്വസ്തനായ ഒരു സേവകനെയാണ് വകുപ്പിന് നഷ്ടമാകുന്നത്. ഒലിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് പൊലീസ് സേനയും അഡീഷണൽ പൊലീസ് സൂപ്രണ്ടും ആദരാഞ്ജലികൾ അർപ്പിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ പല സുപ്രധാന കേസുകളിൽ ഒലി ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിലും, സുപ്രധാന സംഭവങ്ങൾ കണ്ടെത്തുന്നതിലും ഒലി വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. മാത്രവുമല്ല, സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലും അവൻ മിടുക്കനായിരുന്നു. ഒലിയെ കുറിച്ച് പറയുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകൾ ഈറനണിഞ്ഞു. 2011 മാർച്ച് 10 -നാണ് ഒലിയുടെ ജനനം. ഗ്വാളിയോറിലെ തേക്കൻപൂരിലെ നാഷണൽ ഡോഗ് ട്രെയിനിംഗ് സെന്ററിലായിരുന്നു അവന്റെ പരിശീലനം. നായ പരിശീലകൻ തുളസി സോങ്കറിന്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. സ്‌ഫോടകവസ്തുക്കൾ മണത്ത് കണ്ടെത്താൻ അവർ അവനെ പഠിപ്പിച്ചു. ആറ് മാസത്തെ പരിശീലനമായിരുന്നു. അതിന് ശേഷം, 2012 ജൂൺ 17 -ന് ഒലിക്ക് ലോക്കൽ പൊലീസ് ലൈനിലെ കോൺസ്റ്റബിൾ റാങ്കിലേക്ക് പ്രവേശനം ലഭിച്ചു.

പിന്നീടുള്ള പത്ത് വർഷക്കാലം സംഭവബഹുലമായിരുന്നു അവന്റെ ഔദ്യോഗിക ജീവിതം. പല പ്രധാനപ്പെട്ട കേസുകളിലും അവൻ നിർണായക പങ്ക് വഹിച്ചു. 2014 ഏപ്രിലിൽ കോട്‌വാലി നഗറിനു കീഴിലുള്ള ടോപ്‌ഖാന പ്രദേശത്ത് ഒളിപ്പിച്ചു വച്ചിരുന്ന വൻ വെടിമരുന്ന് ശേഖരം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഒലിയാണ്. അതുപോലെ 2015 ഒക്ടോബറിൽ, ഖാർഗുപൂർ പട്ടണത്തിൽ ഇഷ്ടികകൾക്കും കല്ലുകൾക്കുമിടയിൽ കുഴിച്ചിട്ടിരുന്ന വെടിമരുന്നിന്റെ കൂമ്പാരം ഒലി കണ്ടെത്തിയതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, 2016 മേയിൽ ബഹ്‌റൈച്ച് ജില്ലയിലെ കോട്‌വാലി നഗർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള റെയിൽവേ സ്‌റ്റേഷനു സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്ന് ബോംബ് കണ്ടെത്തിയതും ഒലിയായിരുന്നു. 

ശനിയാഴ്ച വൈകീട്ട് ഡ്യൂട്ടിക്കിടെയാണ് ഒലി മരിച്ചത്. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഒലിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിമാസം നായയുടെ ഭക്ഷണത്തിനായി 18,000 രൂപയും ചികിത്സാ ആവശ്യങ്ങൾക്കായി 3,000 രൂപയും വകുപ്പ് ചെലവഴിച്ചിരുന്നു. സംസ്ഥാന ബഹുമതികളോടെയാണ് ഒലിയുടെ അവസാന യാത്രയയപ്പ് പൊലീസ് നടത്തിയത്.  

PREV
Read more Articles on
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ