പൈനാപ്പിൾ തുരന്ന് പടക്കം വെച്ചവർ ലക്ഷ്യമിട്ടത് പന്നിയെ അല്ല, ആനയെത്തന്നെ എന്ന് വിദഗ്ദ്ധർ

By Web TeamFirst Published Jun 4, 2020, 6:14 PM IST
Highlights

സാധാരണ നാട്ടിൽ പന്നിക്ക് പടക്കം വെക്കുന്നവർ തെരഞ്ഞെടുക്കുക കോഴിവേസ്റ്റ്, ഉണക്ക മീൻ എന്നിങ്ങനെ പന്നി എളുപ്പത്തിൽ മണം പിടിച്ച് എത്തുന്ന സാധനങ്ങളിലാണ്.

"കേരളത്തിൽ ആനകൾ അതിക്രൂരമായ വിധത്തിൽ കൊല്ലപ്പെടുന്നത്‌ ആദ്യമായൊന്നുമല്ല എന്ന് അതിൽ നിന്നും നിങ്ങൾക്ക്‌ മനസിലാവും പൈനാപ്പിളിൽ പൊതിഞ്ഞ്‌ തോട്ടവെക്കുന്നത്‌ ആനക്ക്‌ വേണ്ടി തന്നെയാണ്‌ പന്നിക്ക്‌ തോട്ട വെക്കുന്നത്‌ കുറച്ചുകൂടി ചെറിയ വസ്തുക്കളിലാണ്‌. ഇത്തിരി അഴുകാൻ തുടങ്ങിയ ഇറച്ചിക്കഷണമാണ്‌ സാധാരണ പഴുത്ത ചക്കയോ പൈനാപ്പിളോ ആണെങ്കിൽ അത്‌ ആനക്കുള്ളത്‌ തന്നെയാണ്‌. അത്‌ കാൽനൂറ്റാണ്ട്‌ മുൻപേയുള്ള പതിവാണ്‌ " 

 

ഇത് കേരളത്തിലെ അറിയപ്പെടുന്ന മൃഗഡോക്ടർമാരിൽ ഒരാളായ ഡോ. സതീഷ് കുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ച വരികളാണിത്. ആനകളും മനുഷ്യരും തമ്മിൽ ജനവാസ കേന്ദ്രങ്ങളിൽ, കൃഷിയിടങ്ങളിൽ, കാടുകേറി സ്ഥാപിക്കപ്പെടുന്ന വാറ്റു കേന്ദ്രങ്ങളിൽ ഒക്കെ ഇടയുന്ന സാഹചര്യങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. അത് കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി കേരളത്തിൽ നടക്കുന്ന ഒന്നാണ്. 

അങ്ങനെ ഒരു ആനയ്ക്ക് പരിക്കേൽക്കുമ്പോൾ, അവിടെ പറയപ്പെടുന്ന വളരെ സാധാരണമായ കാരണങ്ങളിൽ ഒന്നാണ് ' കാട്ടുപന്നിക്ക് വെച്ചത് ആനയ്ക്ക് കൊണ്ടു' എന്നത്. ആ പറഞ്ഞതിന്റെ വ്യംഗ്യാർത്ഥം കാട്ടുപന്നിയെ ഏറുപടക്കം വെച്ച് കൊല്ലുന്നതിൽ തെറ്റില്ല എന്നാണ്. അത് വളരെ തെറ്റിദ്ധാരണാജനകമായ ഒരു പരാമർശമാണ്. കാരണം ആനയെ കൊല്ലുന്ന അത്ര തന്നെ നിയമവിരുദ്ധമാണ് കാട്ടുപന്നിയെ കൊല്ലുന്നതും.

ആ വസ്തുത നിലനിൽക്കെ തന്നെ, പൈനാപ്പിൾ തുരന്ന് സ്‌ഫോടകവസ്‌തു വെച്ചവർ ലക്ഷ്യമിട്ടത് ആനയെ ആണോ അതോ പന്നിയെ ആണോ എന്ന ഒരു ചോദ്യമുണ്ട്. അതിനോട്, സാലി പാലോട് എന്ന വന്യജീവിപ്രേമിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സാലി പാലോട് പ്രതികരിച്ചത് ഇങ്ങനെ, "പന്നിപ്പടക്കം ചെറിയ തരത്തിലുള്ളതാണ്. പന്നി പൈനാപ്പിൾ തിന്നുമോ എന്ന് ചോദിച്ചാൽ തിന്നും.  എന്നാൽ ഒരു പൈനാപ്പിൾ എടുത്ത് വായിൽ വെച്ച് കടിച്ചു തിന്നില്ല. അത് അതിനെ കുത്തി അടച്ചാണ് തിന്നുക. അങ്ങനെ ചെയ്യുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല. മാത്രവുമല്ല, പന്നിക്ക് വെക്കുന്ന പടക്കത്തിന്റെ സംബന്ധിച്ചിടത്തോളം പൈനാപ്പിൾ ഒരു വലിയ വസ്തുവാണ് അതിനെയും കടന്നു ചെല്ലാനുള്ള ശേഷി ആ സ്ഫോടകവസ്തുവിന് ഉണ്ടാവില്ല. സാധാരണ നാട്ടിൽ പന്നിക്ക് പടക്കം വെക്കുന്നവർ തെരഞ്ഞെടുക്കുക കോഴിവേസ്റ്റ്, ഉണക്ക മീൻ എന്നിങ്ങനെ പന്നി എളുപ്പത്തിൽ മണം പിടിച്ച് എത്തുന്ന സാധനങ്ങളിലാണ്.   

പന്നിപ്പടക്കം പട്ടി കടിച്ചു എന്ന് കേട്ടിട്ടില്ലേ. അത് കടിക്കും, കാരണം അത്ര ചെറിയ സാധനങ്ങളിലാണ് പന്നിക്ക് കെണിവെക്കുക. എന്നാൽ കൈതച്ചക്കയിൽ വെച്ചാൽ, അത്ര വലുത് പട്ടിയോ പന്നിയോ കടിക്കില്ല. അവയുടെ വായയ്ക്ക് അത് വലുതാണ്. അതറിയാവുന്നവർ ആരും തന്നെ പന്നിക്ക് പൈനാപ്പിളിൽ പടക്കം വെക്കില്ല. ഇനി അങ്ങനെ വെച്ചാൽ തന്നെ പന്നിയെ കൊല്ലാൻ പോന്ന പടക്കം ആനയെ കൊല്ലില്ല. ആനയെക്കൊല്ലാൻ കണക്കാക്കി കൂടിയ അളവിൽ സ്‌ഫോടകവസ്‌തു വെച്ചതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് ആന ഇപ്പോൾ ചത്തിരിക്കുന്നത്. ഈ കെണി ആനയെത്തന്നെ ലക്ഷ്യമിട്ടുളളതാണ് എന്ന് ഞാൻ പറയാൻ ഒരു കാരണം അതാണ്. " 

ഈ ആനക്ക് എവിടെ നിന്നാണ് പൈനാപ്പിൾ കിട്ടിയത് എന്ന് പറയുകയും ഏറെക്കുറെ അസാധ്യമാണ്. വായിൽ പൈനാപ്പിൾ എടുത്തുവെച്ച് കടിച്ച നിമിഷം ഓടിയ ഓട്ടം ആന നിർത്തുന്നത് ഏതെങ്കിലും ജലാശയം കാണുമ്പോഴാണ്. മുറിവുള്ള ഭാഗം അതിൽ ഇറക്കിവെക്കുമ്പോഴാണ് ഗന്ധകഗന്ധമുള്ള ആ മുറിവിലെ നീറ്റലിന് അല്പമെങ്കിലും ആശ്വാസം കിട്ടുക. അത് കൊണ്ട് എത്ര ദൂരം അത് ഓടിക്കാണും, ഏതൊക്കെ വഴി ഓടിക്കാണും എന്നൊക്കെ പറയുന്നതും ദുഷ്കരമാണ്. 

ഇതിനു സമാനമായ ഒരു സംഭവം 21 വർഷം മുമ്പ് തിരുവന്തപുരത്ത് ആര്യനാട് വനമേഖലയിൽ ഉണ്ടായിട്ടുണ്ട്. അന്ന് വനമേഖലയിൽ വ്യാജവാറ്റ് നടത്തിയിരുന്നവരാണ് കോട കുടിക്കാനെത്തിയിരുന്ന ആനകളെ ലക്ഷ്യമിട്ട് പടക്കം വെച്ചത്. തേവിയാർ കുന്നിലാണ് പൈനാപ്പിളിൽ പടക്കം നിറച്ച് വെച്ചത്. അവിടെയെത്തിയ പിടിയാന ഈ പൈനാപ്പിൾ കടിച്ച് പൊട്ടിത്തെറിച്ച് പ്രാണവേദന അനുഭവിച്ച് മരിച്ചുപോയി. പൊലീസും വനംവകുപ്പും ഒക്കെ  അന്ന് കേസെടുത്ത് അന്വേഷണം നടത്തി. പ്രദേശത്തെ പ്രമുഖ വാറ്റുകാരിൽ പലരെയും അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും അത് ഒടുവിൽ തുമ്പില്ലാത്ത കേസായി അവസാനിപ്പിക്കുകയാണ് ഉണ്ടായത്. 
 

"
 

എന്തായാലും, സൈലന്റ് വാലി വനത്തിൽ നടന്ന സംഭവത്തിലും പൈനാപ്പിൾ തുരന്ന് സ്‌ഫോടകവസ്‌തു സെറ്റ് ചെയ്തവർ ഉന്നമിട്ടത് പന്നിയെ അല്ല, കാട്ടാനയെ തന്നെയാണ് എന്നുറപ്പിച്ചു പറയുകയാണ് ഈ രംഗത്തെ വിദഗ്ധർ. 

click me!