
ബ്രിട്ടൻ തീരത്ത് ആയിരക്കണക്കിന് ഞണ്ടുകളും കൊഞ്ചുകളും(crabs and lobsters) ചത്ത നിലയിൽ. റിപ്പോട്ടിനെ തുടർന്ന് സർക്കാർ അന്വേഷണം നടത്തിവരികയാണ് ഇപ്പോൾ. പതിനായിരക്കണക്കിന് ക്രസ്റ്റേഷ്യനുകളാണ് ഒക്ടോബറിൽ സീറ്റൺ കെയറിൽ നിന്ന് വിറ്റ്ബി വരെയുള്ള തീരത്ത് ഒഴുകിയെത്തിയത്.
പ്രകൃതിദത്തമായ 'ആൽഗ ബ്ലൂം'(Algal bloom) ആണ് ഇതിന് ഉത്തരവാദിയെന്നാണ് സമഗ്രമായ അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് നേരത്തെ പരിസ്ഥിതി ഏജൻസിയായ ഡെഫ്ര വ്യക്തമാക്കിയിരുന്നു. വിറ്റ്ബിയുടെയും സ്കാർബറോയുടെയും കൺസർവേറ്റീവ് എംപിയും മുൻ ഫിഷറീസ് മന്ത്രിയുമായ റോബർട്ട് ഗുഡ്‌വിൽ അടക്കം ഡെഫ്രയുടെ കണ്ടെത്തലിനെ ശരി വയ്ക്കുകയും ചെയ്‍തു. എന്നാൽ, നിരവധി മത്സ്യത്തൊഴിലാളികളും സമുദ്ര മലിനീകരണ വിദഗ്ധരും അതിൽ സംശയവും തർക്കവുമുന്നയിച്ചിട്ടുണ്ട്.
രാസ മലിനീകരണവും ഡ്രെഡ്ജിംഗും ആവാം ഇതിന് കാരണമായത് എന്നതിനെ ഡെഫ്ര ആവർത്തിച്ച് നിഷേധിച്ചിരുന്നു. വടക്ക് കിഴക്കൻ തീരത്ത് കുറച്ച് പാത്രങ്ങളിൽ കൂടുതൽ ചത്തതോ ചത്തുകൊണ്ടിരിക്കുന്നതോ ആയ ലോബ്സ്റ്ററുകളെയും ഞണ്ടുകളെയും കണ്ടെത്തി എന്ന റിപ്പോർട്ടുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി പ്രദേശത്ത് സാമ്പിളുകൾ എടുക്കുമെന്നും ഡെഫ്ര പറഞ്ഞു.
40 വർഷത്തിലേറെ കാലമായി വിറ്റ്ബിയിലെ മത്സ്യത്തൊഴിലാളിയായ അഡ്രിയാൻ നോബിൾ എന്നയാൾ പറഞ്ഞത് ഈ വ്യവസായം നശിപ്പിക്കപ്പെട്ടു എന്നാണ്. പല മത്സ്യത്തൊഴിലാളികളും പട്ടിണിയിലാണ്. പലരും ഫുഡ് ബാങ്കുകളെ ആശ്രയിക്കുകയാണ്. തനിക്ക് കുറച്ച് സമ്പാദ്യം ഉള്ളതിനാലാണ് താൻ പിടിച്ച് നിൽക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഈ മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗം പേരും ആൽഗകളാണ് ഈ ദുരന്തത്തിന് കാരണം എന്നത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല.
സ്റ്റോക്ക്ടൺ നോർത്ത് ലേബർ എംപി അലക്സ് കണ്ണിംഗ്ഹാം മേഖലയിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെടുന്നു. മത്സ്യത്തൊഴിലാളികൾ ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്നു. 21-ാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ അത് സംഭവിക്കാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ഏജൻസി പറയുന്നത് ശരിയാവാമെന്ന് താൻ വിശ്വസിക്കുന്നു എന്ന് കണ്ണിംഗ്ഹാം പറഞ്ഞു. എന്നാൽ, തെറ്റ് പറ്റിയിട്ടില്ല എന്ന് ഉറപ്പിക്കാൻ തുടർച്ചയായ പരിശോധന ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നില്ല എന്ന് സർക്കാർ ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും സ്വാഭാവികമായ ആൽഗ ബ്ലൂം ആവാം ഇതിന് കാരണം എന്നത് ഇപ്പോഴും മത്സ്യത്തൊഴിലാളികൾ പൂർണമായും അംഗീകരിക്കാൻ തയ്യാറായിട്ടില്ല.