
കോപ്പൻഹേഗനിൽ താമസിക്കുന്ന ദില്ലിക്കാരിയായ യുവതി, ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചിരുന്ന ദൈനംദിന സൗകര്യങ്ങളെക്കുറിച്ചുള്ള ഒരു ലഘുവായ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വൈറലായി. പാലക് വാഹി എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഡെൻമാർക്കിൽ നിന്നുള്ള നാല് കാര്യങ്ങളാണ് ഇവർ പട്ടികപ്പെടുത്തിയിട്ടുള്ളത്. ഈ കാര്യങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിലെ ജീവിതം കൂടുതൽ ആസ്വാദ്യകരമാകുമായിരുന്നുവംന്നാണ് പാലക് വാഹി തന്‍റെ പോസ്റ്റ് അവകാശപ്പെട്ടത്.
കോപ്പൻഹേഗനിൽ സൗജന്യ പച്ചക്കറി വിതരണമെന്ന ആശയം എടുത്തു കാണിച്ച് കൊണ്ടാണ് വാഹി, തന്‍റെ വീഡിയോ ആരംഭിക്കുന്നത്. രണ്ടാമതായി അവർ പരാമർശിച്ചിരിക്കുന്നത് മെട്രോയിലെ 'നിശബ്ദ മേഖലകൾ' എന്ന ഇടങ്ങളെ കുറിച്ചാണ്., യാത്രക്കാർ നിശബ്ദത പാലിക്കേണ്ട പ്രത്യേക കമ്പാർട്ടുമെന്‍റുകളാണ് ഇവ. ഇന്ത്യയിലെ റസ്റ്റോറന്‍റുകളിലും കഫേകളിലും 'വൃത്തിയുള്ള ജഗ്ഗുകളിൽ' വെള്ളം നൽകുക എന്നതാണ് യുവതിയുടെ മൂന്നാമത്തെ ആഗ്രഹം, അവസാനത്തേത് ദൈനംദിന യാത്രകൾക്കായി സൈക്കിളുകൾ വ്യാപകമായി ലഭ്യമാക്കുക എന്നതാണ്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി, നിരവധി ലൈക്കുകളും കമന്‍റുകളും പിന്നാലെ വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ടു. ചില ഉപയോക്താക്കൾ അവരുടെ നിരീക്ഷണങ്ങളോട് യോജിച്ചപ്പോൾ, മറ്റുള്ളവർ തമാശ രൂപേണയാണ് പ്രതികരിച്ചത്. ആദ്യത്തെ രണ്ട് ആഗ്രഹങ്ങളും സ്വപ്നം കാണാൻ മാത്രമേ കഴിയൂവെന്നും അടുത്ത 20 മുതൽ 30 വർഷത്തേക്കെങ്കിലും അവ സാധ്യമാണെന്നുമാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിൽ സൗജന്യ പച്ചക്കറികളുടെ വിതരണവും മെട്രോ നിശ്ശബ്ദ മേഖലകളും ഉടൻ ഉണ്ടാകാനുള്ള സാധ്യത നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ തള്ളിക്കളഞ്ഞു. ഇന്ത്യയിൽ പൗരബോധമുള്ളവർ വളരെ കുറവാണെന്നും അതിനാൽ ഇവയെല്ലാം പ്രാവർത്തികമാക്കിയാൽ തന്നെ ശരിയായ രീതിയിൽ നടപ്പിലാകില്ലെന്നും അഭിപ്രായപ്പെട്ടവരുടെ എണ്ണവും കുറവല്ല.