
മൂന്ന് വർഷത്തിനിടെ മൂന്ന് വിവാഹം. മുൻ ഭാര്യമാരെ വിവാഹമോചനം ചെയ്യാതെയാണ് ബിഹാറിൽ നിന്നുള്ള യുവാവ് മറ്റ് യുവതികളെയും വിവാഹം ചെയ്തിരിക്കുന്നത്. പിന്നാലെ ഇയാൾക്കെതിരെ കേസെടുത്തു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ നിന്നുള്ള പിന്റു ബൺവാളാണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് പിന്റുവിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. എന്നാൽ, ഈ കുറ്റങ്ങളെല്ലാം പിന്റു ബൺവാൾ നിഷേധിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണ് എന്ന് ഇയാൾ അവകാശപ്പെട്ടു. "സ്ത്രീധനവുമായി ബന്ധപ്പെട്ട് അവർ പറഞ്ഞതെല്ലാം നുണയാണ്. ഞാൻ അവരിൽ നിന്നും ഒരു രൂപാ പോലും വാങ്ങിയിട്ടില്ല" എന്നാണ് പിന്റു പറഞ്ഞത്.
മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പിന്റു സമ്മതിച്ചു. പക്ഷേ, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് തനിക്ക് വീണ്ടും വിവാഹം ചെയ്യേണ്ടി വന്നത് എന്നാണ് പിന്റു പറയുന്നത്. ആദ്യത്തെ രണ്ട് വിവാഹവും തന്റെ കുടുംബ സാഹചര്യങ്ങൾ വഷളാക്കി. തന്റെ അമ്മയ്ക്ക് 60 വയസ്സായി. ഈ ഭാര്യമാർ രണ്ട് ദിവസം പോലും ഭക്ഷണം പാകം ചെയ്തിരുന്നില്ല. പകരം ഞാനും എന്റെ അമ്മയുമാണ് അവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകിയത് എന്നാണ് പിന്റുവിന്റെ വാദം.
ആദ്യഭാര്യ ഖുശ്ബു തന്നെ കത്തിയെടുത്ത് കൊല്ലാൻ വന്ന കാര്യം നാട്ടുകാർക്ക് പോലും അറിയാം. താനും അമ്മയും അന്ന് മരിക്കേണ്ടതാണ് എന്നാണ് പിന്റു പറയുന്നത്. തങ്ങൾക്കിടയിൽ 10 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു, ശാരീരികബന്ധമുണ്ടായില്ല, ബലാത്സംഗ പരാതി തെറ്റാണെന്നും ഇയാൾ ആരോപിച്ചു. അമ്മയ്ക്ക് ഒരുപാട് അസുഖങ്ങളുണ്ട്, അതിനാലാണ് മൂന്നാമത് വിവാഹം കഴിച്ചത്. അവൾ പരാതിക്കൊന്നും ഇട നൽകിയില്ല. ആദ്യ രണ്ട് ഭാര്യമാരും രഹസ്യമായി തനിക്കെതിരെ സംഘടിച്ചതാണ് എന്നും ഇയാൾ വാദിച്ചു.
എന്നാൽ, വിവാഹം കഴിച്ച ശേഷം ഉപദ്രവിച്ചു എന്നും പിന്നീട് ഉപേക്ഷിച്ചു എന്നുമുള്ള വാദത്തിൽ പിന്റുവിനെതിരെ ഉറച്ചുനിൽക്കുകയാണ് ആദ്യ രണ്ട് ഭാര്യമാരും. എന്തായാലും, ഭാര്യമാരുടെ പരാതിയെ തുടർന്ന് പിന്റു അറസ്റ്റിലാവുകയും കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിൽ അടയ്ക്കുകയും ചെയ്തു.