മണ്ണിൽ കണ്ടത് ചെറിയൊരു മഞ്ഞത്തിളക്കം; ഒന്നരക്കോടിയുടെ സ്വർണക്കട്ടി കുഴിച്ചെടുത്തു!

Published : Oct 28, 2026, 03:26 PM IST
gold

Synopsis

മണ്ണിൽനിന്ന് ലഭിച്ച സിഗ്നൽ പിന്തുടർന്ന് കുഴിക്കാൻ തുടങ്ങിയപ്പോൾ ചെറിയൊരു മഞ്ഞത്തിളക്കം ശ്രദ്ധയിൽപ്പെട്ടു. ചുറ്റുമുള്ള മണ്ണ് നീക്കിയതോടെ ഉരുളക്കിഴങ്ങിന്റെ വലുപ്പമുള്ള വലിയൊരു സ്വർണക്കട്ടി പുറത്തുവന്നു.

ഓസ്‌ട്രേലിയയിൽ സ്വർണം തേടി മണ്ണ് കുഴിച്ചുകൊണ്ടിരുന്ന യുവാവിന് ലഭിച്ചത് അപ്രതീക്ഷിതമായ സൗഭാഗ്യം. മണ്ണിനടിയിൽ കണ്ട ചെറിയൊരു മഞ്ഞത്തിളക്കം പിന്തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഏകദേശം 1.2 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടിയാണ്. കുറഞ്ഞത് 1.5 ലക്ഷം ഡോളർ അതായത് ഏകദേശം 1.3 കോടി രൂപ വിലമതിക്കുന്ന സ്വർണക്കട്ടിയാണ് കണ്ടെത്തിയതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ടിബൂബുറ പട്ടണത്തിന് സമീപത്തെ മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിലാണ് അപൂർവ കണ്ടെത്തൽ. ദിവസങ്ങളായി ഇവിടെ സ്വർണം തേടി പരിശോധന നടത്തുകയായിരുന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ യുവാവ്.

ദിവസങ്ങളോളം മണ്ണ് കുഴിച്ചിട്ടും കാര്യമായൊന്നും ലഭിച്ചിരുന്നില്ല. പഴയ ആണികൾ, കുതിരലാടങ്ങൾ തുടങ്ങി വിലയില്ലാത്ത നിരവധി വസ്തുക്കളാണ് അതുവരെ കണ്ടെത്തിയത്. എന്നാൽ, ഇത്തവണ മെറ്റൽ ഡിറ്റക്ടറിൽ ലഭിച്ച ഒരു സിഗ്നൽ അദ്ദേഹത്തിന്റെ ഭാഗ്യം മാറ്റിമറിക്കുകയായിരുന്നു.

മണ്ണിൽനിന്ന് ലഭിച്ച സിഗ്നൽ പിന്തുടർന്ന് കുഴിക്കാൻ തുടങ്ങിയപ്പോൾ ചെറിയൊരു മഞ്ഞത്തിളക്കം ശ്രദ്ധയിൽപ്പെട്ടു. ചുറ്റുമുള്ള മണ്ണ് നീക്കിയതോടെ ഉരുളക്കിഴങ്ങിന്റെ വലുപ്പമുള്ള വലിയൊരു സ്വർണക്കട്ടി പുറത്തുവന്നു.

കണ്ടെത്തിയ സ്വർണക്കട്ടിക്ക് ഏകദേശം 1.2 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ 940 ഗ്രാമോളം ശുദ്ധസ്വർണമാണെന്നാണ് കണക്കാക്കുന്നത്. 'ടിബൂബുറ സ്പഡ്' എന്നാണ് ഈ അപൂർവ സ്വർണക്കട്ടിക്ക് നൽകിയിരിക്കുന്ന പേര്.

ഭാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതിന് 1.5 ലക്ഷം മുതൽ 1.6 ലക്ഷം ഡോളർ വരെ വില ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, അപൂർവ സ്വർണശേഖരങ്ങൾ സ്വന്തമാക്കുന്ന സ്വകാര്യ ശേഖരണക്കാർക്ക് വിൽക്കുകയാണെങ്കിൽ രണ്ട് ലക്ഷം ഡോളർ വരെ ലഭിക്കാനും സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റില്ല; കേൾവിപരിമിതിയെ തോൽപ്പിച്ച് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി യുവാവ്
എഐയെ അമിതമായി ആശ്രയിക്കുന്നത് എഴുത്തിനെ നശിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് ജിപിടി സീറോ സഹസ്ഥാപകൻ