
കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും ആശങ്കയുള്ളവരും അവർ അപകടങ്ങളിൽ പെടാതിരിക്കാൻ സദാ നിരീക്ഷണം നടത്തുന്നവരുമാണ് അമ്മമാർ. ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും സത്യമാണ് എന്ന് തെളിയിക്കുകയാണ് കഴിഞ്ഞദിവസം ഒരു മൃഗശാലയിൽ നിന്നും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ.
സന്ദർശകർക്ക് മുന്നിൽ നിന്നും തൻറെ കുഞ്ഞിനെ അമ്മക്കടുവ കടിച്ചെടുത്തു കൊണ്ടുപോയി സുരക്ഷിതമായി കൂടിനുള്ളിൽ ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. തന്റെ കുഞ്ഞിനെ ആരും കണ്ടു രസിക്കേണ്ട എന്ന ഭാവത്തോടെയുള്ള അമ്മക്കടുവയുടെ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കഴിഞ്ഞു.
വീഡിയോ ഇതിനോടകം എട്ടു ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ദൃശ്യങ്ങളിൽ ആദ്യം കാണുന്നത് കടുവക്കുഞ്ഞിനെയാണ്. അത് സന്ദർശകർക്ക് കാണാൻ സാധിക്കുന്ന വിധത്തിൽ കൂടിന് പുറത്തേക്ക് വന്ന് അവർക്കു മുൻപിൽ ചില കുസൃതിത്തരങ്ങളൊക്കെയായി നിൽക്കുന്നു. അപ്പോഴാണ് അല്പം ദേഷ്യത്തോടെയുള്ള അമ്മയുടെ കടന്നുവരവ്.
സന്ദർശകരെ രൂക്ഷമായി നോക്കുന്ന അമ്മക്കടുവ വളരെ വേഗത്തിൽ തന്നെ തൻറെ കുഞ്ഞിനെയും കടിച്ചെടുത്തുകൊണ്ട് കൂടിനുള്ളിലേക്ക് കയറിപ്പോകുന്നു. അമ്മക്കടുവയുടെ ഈ പ്രവൃത്തി കണ്ട സന്ദർശകർ പരസ്പരം അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് നടത്തുന്ന സംഭാഷണങ്ങളും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.
വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അമ്മക്കടുവയുടെ മാതൃവാത്സല്യത്തെ പ്രകീർത്തിച്ചുകൊണ്ട് അഭിപ്രായപ്രകടനങ്ങൾ നടത്തിയിരിക്കുന്നത്. 'മനുഷ്യർ തന്നേക്കാൾ അപകടകാരികളാണെന്ന് അവൾക്കറിയാം' എന്നായിരുന്നു ഒരാൾ കുറിച്ചത്. മറ്റൊരാൾ അഭിപ്രായപ്പെട്ടത്, 'അവൾ അവനെ ക്യാമറക്കണ്ണുകളിൽ നിന്നും അനാവശ്യ മനുഷ്യരിൽ നിന്നും രക്ഷിച്ചു' എന്നായിരുന്നു. എന്നാൽ, ഇത് ഏത് മൃഗശാലയിൽ നിന്നും ചിത്രീകരിച്ച രംഗങ്ങളാണ് എന്നതിനെക്കുറിച്ച് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.