
ജോലി സ്ഥലത്തെ പല പ്രശ്നങ്ങളെ കുറിച്ചും ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതിപ്പോൾ അവിടെയുള്ള പ്രശ്നങ്ങളാവട്ടെ, ചൂഷണമാവട്ടെ, സഹപ്രവർത്തകരിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളാകട്ടെ പലതും വിവരിക്കുന്ന പോസ്റ്റുകൾ റെഡ്ഡിറ്റ് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ കാണാം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
29 -കാരിയായ യുവതിയാണ് പോസ്റ്റിട്ടിരിക്കുന്നത്. അതിൽ പറയുന്നത് തന്റെ സഹപ്രവർത്തക തന്നെ കുറിച്ച് എച്ച് ആറിനോട് പരാതി പറഞ്ഞു എന്നാണ്. അത് പക്ഷേ ജോലി ചെയ്യാത്തത് കൊണ്ടല്ല മറിച്ച് താൻ ജോലിസ്ഥലത്ത് സംസാരിക്കുന്നില്ല എന്ന് കാണിച്ചാണ് എന്നും പോസ്റ്റിൽ പറയുന്നു.
ഒരു മാർക്കറ്റിംഗ് ഏജൻസിയിൽ അനലിറ്റിക്സിൽ ജോലി ചെയ്യുകയാണ് യുവതി. താൻ ഒരു അന്തർമുഖയായ (introvert) സ്ത്രീയാണെന്നാണ് അവൾ പറയുന്നത്. സ്പ്രെഡ്ഷീറ്റുകളും ഡാറ്റയും ഒക്കെ വരുന്ന ജോലിയാണ് തന്റേത്. ജോലി സ്ഥലത്ത് സംസാരിക്കുന്നതിന് പകരം നിശബ്ദയായിരിക്കാനും ജോലിയിൽ ശ്രദ്ധിക്കാനുമാണ് താൻ ഇഷ്ടപ്പെടുന്നത് എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
എന്നാൽ, സഹപ്രവർത്തക താൻ സംസാരിക്കുന്നില്ലെന്നും ഗ്രൂപ്പ് ചാറ്റിൽ പങ്കുചേരുന്നില്ലെന്നും സഹകരണമില്ലെന്നും കാണിച്ച് എച്ച് ആറിന് പരാതി നൽകി. എന്നാൽ, തന്റെ മാനേജർ തനിക്കൊപ്പം നിൽക്കുകയും താൻ നന്നായി ജോലി ചെയ്യുന്നയാളാണ് എന്ന് പറയുകയും ചെയ്തു.
എന്നാൽ, ഇതിനിടെ വീണ്ടും ആ സഹപ്രവർത്തക പരാതി നൽകി. ഇത്തവണ ഗ്രൂപ്പിൽ സംസാരിക്കാത്തതും ഇമോജിയിടാത്തതും അടക്കമുള്ളതായിരുന്നു പരാതി എന്നാണ് യുവതി പറയുന്നത്. ഓഫീസിൽ ആരോടും മിണ്ടാതെ ജോലിയിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്നത് എങ്ങനെയാണ് പ്രശ്നമാകുന്നത് എന്ന സംശയം യുവതിയുടെ പോസ്റ്റിൽ കാണാം. താന്‍ നന്നായി ജോലി ചെയ്യുന്നുണ്ട് എന്നും കൃത്യമായി ചെയ്യേണ്ടുന്ന ജോലിയെല്ലാം ചെയ്യുന്നുണ്ട് എന്നും യുവതി പറയുന്നുണ്ട്.
ലിങ്ക്ഡ്ഇന്നിലും യുവതിയുടെ പോസ്റ്റ് മറ്റൊരാള്‍ ഷെയര്‍ ചെയ്തിരിക്കുന്നത് കാണാം. ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. മിക്കവരും പറഞ്ഞത്, ഇന്നത്തെ പല ഓഫീസുകളിലും അധികം മിണ്ടാത്ത ആളുകളോട് വിവേചനം കാണിക്കാറുണ്ട് എന്നും അവരെ അംഗീകരിക്കാറില്ല എന്നുമാണ്.