'ഇത് വിപ്ലവത്തിനുള്ള നേരമാണ്... പരിപൂർണവിപ്ലവം നടത്തേണ്ട സമയമായി...' ജയപ്രകാശ് നാരായൺ എന്ന ജെപി

By Babu RamachandranFirst Published Oct 11, 2019, 11:34 AM IST
Highlights

തന്നെ അടുത്തറിയുന്ന ഇന്ദിരയുടെ ആ ആക്ഷേപം ജെപിയെ വല്ലാതെ സങ്കടപ്പെടുത്തി. രണ്ടാഴ്ചയോളം അദ്ദേഹം കാര്യമായി ഒന്നും തന്നെ ചെയ്തില്ല. ഒടുവിൽ അദ്ദേഹം, കൃഷിയിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും താൻ ആർജ്ജിക്കുന്ന വരുമാനത്തിന്റെയും, തന്റെ പേരിലുള്ള മറ്റു വസ്തുവകകളുടെയും വിശദവിവരങ്ങൾ ഒരു വെള്ളക്കടലാസിൽ പകർത്തി പ്രസ്സിന് നൽകി. ഒരു കോപ്പി ഇന്ദിരാഗാന്ധിക്കും തപാലിൽ അയച്ചു.

1975 ജൂൺ 25, രാത്രി ഒന്നരമണി. ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആസ്ഥാനം. ഫൗണ്ടേഷന്റെ കോമ്പൗണ്ടിൽ ഒരു പോലീസ് ജീപ്പ് വന്നുനിന്നു. കടുത്ത ചൂട് സഹിയാഞ്ഞ്, സെക്രട്ടറി കെ എസ് രാധാകൃഷ്ണയുടെ മകൻ ചന്ദ്രഹർ അന്നുരാത്രി കെട്ടിടത്തിനുപുറത്ത് ഒരു കയറ്റുകട്ടിലിലാണ് ഉറങ്ങാൻ കിടന്നത്. അദ്ദേഹം പാതിരാത്രി എഴുന്നേറ്റ് അച്ഛന്റെ മുറിയിലേക്ക് വന്നു. അച്ഛന്റെ തലക്കൽ ചെന്നിരുന്ന് മകൻ ചെവിയിൽ മന്ത്രിച്ചു, "പൊലീസ് വന്നിട്ടുണ്ടച്ഛാ, വാറണ്ടുണ്ടെന്ന് പറയുന്നു, അവരുടെ കയ്യിൽ.."

പിടഞ്ഞെണീറ്റ് പുറത്തുവന്ന് ആർകെ പൊലീസുകാരെ കണ്ടു. കാര്യം ശരിതന്നെ. അവരുടെ കയ്യിൽ വാറണ്ടുണ്ട്. വന്നിരിക്കുന്നത് ജയപ്രകാശ് നാരായൺ എന്ന ജെപിയെ അറസ്റ്റുചെയ്യാനാണ്. പൊലീസിനോട് ഒരു അപേക്ഷ നടത്തി അദ്ദേഹം. "ദയവായി ഒരല്പനേരം കാത്തിരിക്കാമോ? ഇന്നലെ വൈകിയാണ് ജെപി കിടന്നിട്ടുള്ളത്. ഇന്ന് രാവിലത്തെ വിമാനത്തിൽ പട്നയ്ക്ക് പോകാനുള്ളതുകൊണ്ട് മൂന്നുമണിക്കുതന്നെ അദ്ദേഹം എഴുന്നേൽക്കും. അപ്പോൾ കൊണ്ടുപോയാൽ പോരേ?" പൊലീസുകാർ സമ്മതം മൂളി. അവർ കാത്തിരുന്നു.

ആർകെ തന്റെ ഓഫീസിലെ ടെലിഫോൺ ഓപ്പറേറ്റർക്കും ഒരു നിർദേശം നൽകി, "കഴിയുന്നത്ര ഇടങ്ങളിൽ വിളിച്ച് ജെപിയുടെ അറസ്റ്റിന്റെ വിവരം അറിയിച്ചോളൂ..." ഓപ്പറേറ്റർ ആദ്യം വിളിച്ച നമ്പർ മൊറാർജി ദേശായിയുടേതായിരുന്നു. അവിടെയും പൊലീസ് എത്തിയിട്ടുണ്ട് എന്ന വിവരമാണ് അറിയാൻ കഴിഞ്ഞത്. മൂന്നുമണിയോടെ പൊലീസ് വീണ്ടും രാധാകൃഷ്ണയുടെ മുറിയുടെ കതകിൽ മുട്ടി. "ഒന്ന് ജെപിയെ ഉണർത്താമോ ഇനി..? ഞങ്ങളുടെ വയർലെസിൽ നിരന്തരം വിളികൾ വന്നുകൊണ്ടിരിക്കുന്നു, 'എന്തേ ഇനിയും സ്റ്റേഷനിൽ എത്തിയില്ല?' എന്നും ചോദിച്ചുകൊണ്ട്"

രാമചന്ദ്ര ഒച്ചയുണ്ടാക്കാതെ ജെപിയുടെ കിടപ്പുമുറിക്കുള്ളിലേക്ക് ചെന്നു. ജെപിയെ കുലുക്കി വിളിച്ചുകൊണ്ട് പൊലീസ് വന്ന വിവരം അറിയിച്ചു. അപ്പോഴേക്കും പോലീസ് ഓഫീസറും കിടപ്പുമുറിക്കുള്ളിൽ എത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹം ജെപിയോട് ക്ഷമാപണസ്വരത്തിൽ പറഞ്ഞു, "സോറി സർ, അങ്ങയെ കസ്റ്റഡിയിലെടുക്കാനാണ് മുകളിൽ നിന്നുള്ള ഓർഡർ" -ഉറക്കം മുറിഞ്ഞ നീരസം മുഖത്തുകാട്ടാതെ ജെപി ആ ഓഫീസറോട് പറഞ്ഞു, "എനിക്ക് തയ്യാറാവാൻ ഒരു അരമണിക്കൂർ നേരം തരൂ..."

രാധാകൃഷ്ണ ആകെ പരിഭ്രമത്തിലായിരുന്നു. എല്ലാം കഴിയുന്നത്ര വൈകിച്ച്, വേണ്ടപ്പെട്ടവർ ആരെങ്കിലും അവിടെ എത്തിച്ചേരാനുള്ള സാവകാശം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ജെപി പോകാനിറങ്ങിയപ്പോൾ തടുത്തുനിർത്തിക്കൊണ്ട് ആർകെ പറഞ്ഞു, "ജെപി സാബ്... എന്തായാലും പോവുകയല്ലേ, ഒരു ചായ കുടിച്ചിട്ടിറങ്ങിക്കോളൂ..." അങ്ങനെ ചായകുടിയുടെ പേരിലും പത്തുമിനിറ്റ് നേരം കഴിഞ്ഞുകിട്ടി. ചായ കുടിച്ച് കപ്പ് താഴെ വെച്ചുകൊണ്ട് ജെപി ചോദിച്ചു, "ഇനിയും താമസിക്കുന്നതെന്തിന്? പോവുകയല്ലേ?" പൊലീസ് ഓഫീസർ തലകുലുക്കി.

അദ്ദേഹം പോലീസ് ജീപ്പിൽ കേറി ഇരുന്നതും, ഒരു ടാക്സിക്കാർ കുതിച്ചു വന്ന് ആ കാർപോർച്ചിൽ ബ്രേക്കിട്ടു നിന്നു. അതിൽ നിന്ന് ചന്ദ്രശേഖർ ചാടിയിറങ്ങി. അപ്പോഴേക്കും ജെപിയുടെ ജീപ്പ് നീങ്ങിത്തുടങ്ങിയിരുന്നു. ചന്ദ്രശേഖർ വന്ന കാറിൽ ആർകെയും കേറി, അവരും പിന്നാലെ വച്ചുപിടിച്ചു.  സൻസദ്മാർഗിലുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് അവർ ജെപിയെ കൊണ്ടുപോയത്. പിന്നാലെ എത്തിയ ചന്ദ്രശേഖറിനും ജെപിക്കും ഇരിക്കാൻ ഇടം കിട്ടി. ജെപി സ്‌റ്റേഷനകത്തും ചന്ദ്രശേഖർ പുറത്ത് വരാന്തയിലും. പൊലീസ് ഓഫീസർ തന്റെ മുറിയിലേക്ക് പോയി.

അധികം താമസിയാതെ പുറത്തുവന്ന ഓഫീസർ ചന്ദ്രശേഖറിനെ അടുത്തുവിളിച്ച് ചെവിയിൽ ഒരു കാര്യം പറഞ്ഞു, "സർ, വീട്ടിൽ അങ്ങയെ അറസ്റ്റുചെയ്യാൻ ഒരു വണ്ടി പോലീസ് ചെന്നിട്ടുണ്ട്..." ചന്ദ്രശേഖർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, "അതിനെന്താ, ഞാൻ തന്നെ ഇപ്പോൾ ഹാജരായിരിക്കുകയല്ലേ.. ഇനിയും അറസ്റ്റ് വൈകിക്കണമെന്നില്ല..!" അങ്ങനെ ആ അറസ്റ്റും രേഖപ്പെടുത്തപ്പെട്ടു.

സ്റ്റേഷനിൽ നിന്നിറങ്ങും മുമ്പ് ആർകെ, ജെപിയോട് ചോദിച്ചു, "ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ..?" ആർകെയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ജെപി ഉറച്ച സ്വരത്തിൽ പറഞ്ഞു, " വിനാശകാലേ വിപരീതബുദ്ധി..!"

ജെപിയോട് അടുത്ത ബന്ധമായിരുന്നു ഇന്ദിരാ ഗാന്ധിക്ക്. ജെപിയും ഇന്ദിരയ്ക്ക് ഒരു അനന്തരവളുടെ സ്ഥാനമാണ് കൊടുത്തിരുന്നത്. എന്നാൽ അതൊന്നും ഇന്ദിരയെപ്പറ്റിയുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ജിപിയെ പിന്തിരിപ്പിച്ചില്ല. ഒടുവിൽ ആ വിഷയത്തിൽ അവർ തമ്മിൽ പറഞ്ഞു മുഷിഞ്ഞു. ഭുവനേശ്വറിൽ വെച്ച് ഇന്ദിര ജെപിയെപ്പറ്റി പറഞ്ഞ ഒരു കാര്യമാണ് ജെപിയുടെ മനസ്സിനെ മുറിവേൽപ്പിച്ചത്. "ബിസിനസുകാരുടെ ഔദാര്യത്തിൽ കഴിഞ്ഞുകൂടുന്നവർ അഴിമതിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്" എന്നായിരുന്നു ഇന്ദിരയുടെ പ്രസ്താവന. തന്നെ അടുത്തറിയുന്ന ഇന്ദിരയുടെ ആ ആക്ഷേപം ജെപിയെ വല്ലാതെ സങ്കടപ്പെടുത്തി. രണ്ടാഴ്ചയോളം അദ്ദേഹം കാര്യമായി ഒന്നും തന്നെ ചെയ്തില്ല. ഒടുവിൽ അദ്ദേഹം, കൃഷിയിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും താൻ ആർജ്ജിക്കുന്ന വരുമാനത്തിന്റെയും, തന്റെ പേരിലുള്ള മറ്റു വസ്തുവകകളുടെയും വിശദവിവരങ്ങൾ ഒരു വെള്ളക്കടലാസിൽ പകർത്തി പ്രസ്സിന് നൽകി. ഒരു കോപ്പി ഇന്ദിരാഗാന്ധിക്കും തപാലിൽ അയച്ചു.

നെഹ്‌റുവിനോട് അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ജെപി, അദ്ദേഹത്തിനുള്ള എഴുത്തുകൾ തുടങ്ങിയിരുന്നത് 'മൈ ഡിയർ ഭായ്..' എന്ന സംബോധനയോടെയായിരുന്നു. ഇന്ദിരക്ക് എഴുതിയിരുന്നപ്പോഴും പുത്രീസഹജമായ വാത്സല്യത്തോടെ, 'മൈ ഡിയർ ഇന്ദൂ..' എന്നായിരുന്നു വിളി. എന്നാൽ, ജയിലിൽ അടക്കപ്പെട്ട ശേഷം ജെപി ഇന്ദിരക്കെഴുതിയ അവസാന എഴുത്തിൽ സംബോധനയ്ക്ക് ഔപചാരികതയുടെ അകലമുണ്ടായിരുന്നു, 'മൈ ഡിയർ പ്രൈംമിനിസ്റ്റർ' എന്നായിരുന്നു അത്.

ജയപ്രകാശ് നാരായൺ ഗാന്ധിജിയുടെ രീതിശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന അടിയുറച്ചൊരു കോൺഗ്രസുകാരനായിരുന്നു. ഗാന്ധിജിയുടെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ച് സബർമതി ആശ്രമത്തിൽ താമസമാക്കിയവരാണ് ജെപിയും ഭാര്യ പ്രഭാവതിയും. മൗലാനാ ആസാദിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു ചെറുപ്പത്തിൽ ജെപി. അമേരിക്കയിലെ ബെര്‍ക്ക്‌ലി സർവകലാശാലയിൽ നിന്ന് ഉപരിപഠനം നടത്തിയ അദ്ദേഹം, അക്കാലത്ത് മാർക്സിസത്തെ പരിചയിക്കുന്നുണ്ട്. അതൊന്നു മാത്രമാണ് പാവപ്പെട്ടവരുടെ സംഘർഷങ്ങൾക്കുള്ള പരിഹാരമെന്നും ധരിക്കുന്നുണ്ട്. ജെപി 1929 -ൽ അമേരിക്കയിലെ പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് ഒരു പക്കാ മാർക്സിസ്റ്റ് ആയിട്ടാണ്.

നെഹ്‌റുവിന്റെ ക്ഷണപ്രകാരം 1929 -ൽ കോൺഗ്രസിൽ അംഗത്വമെടുക്കുന്ന ജെപി രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത് ഗാന്ധിജിയുടെ ശിക്ഷണത്തിലാണ്. 1932 -ൽ സിവിൽ നിയമലംഘനകാലത്ത് അദ്ദേഹം റാം മനോഹർ ലോഹ്യയോടൊപ്പം നാസിക് ജയിലിൽ അടക്കപ്പെട്ടിരുന്നു. ജയിലിലെ ലോഹ്യയുമായുള്ള ആ സഹവാസത്തിനു ശേഷം പുറത്തിറങ്ങിയ പാടെയാണ് കോൺഗ്രസിന്റെ ഇടത് ഫാക്ഷനായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നത്. ആചാര്യ നരേന്ദ്ര ദവെ പ്രസിഡന്റ്, ജെപി സെക്രട്ടറി. 1942 -ൽ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്യുന്നു. അക്കാലത്തെ ജെപിയുടെ സമരപ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. 1947 മുതൽ 1953  വരെ ഇന്ത്യൻ റെയിൽവേമെൻസ് ഫെഡറേഷനെന്ന ഇന്ത്യൻ റയിൽവേസിലെ ഏറ്റവും വലിയ യൂണിയന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു ജെപി.

1974 ഇന്ത്യയിൽ തൊഴിലില്ലായ്മയും, വിലക്കയറ്റവും ക്ഷാമവും എല്ലാം കൊടികുത്തിവാണ കാലമായിരുന്നു. ജയപ്രകാശ് നാരായൺ അക്കാലത്ത് ജനപ്രതിഷേധങ്ങളുടെ നേതൃനിരയിലേക്ക് കടന്നുവന്നു. ബിഹാറിൽ നിരവധി സമരങ്ങൾ നടന്നു. നിയമസഭ പിരിച്ചുവിടണം എന്ന ആവശ്യം ശക്തമായി. എന്നാൽ, സർക്കാർ ഈ സമരങ്ങളെ കായികമായി അടിച്ചമർത്താൻ ശ്രമിച്ചു. 1974  മാർച്ച് 18 -ന് നിരായുധരായ പ്രകടനകാരികൾക്കുനേരെ പൊലീസ് വെടിയുതിർത്തു. എട്ടുപേർ കൊല്ലപ്പെട്ടു. നിരവധി സമ്മേളനങ്ങളിൽ പോലീസ് ലാത്തിച്ചാർജ്ജ് അഴിച്ചുവിട്ടു. ഒടുവിൽ, പട്നയിലെ ഗാന്ധിമൈതാനിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജെപി മൈതാനം നിറഞ്ഞുകവിഞ്ഞു നിന്ന ജനാവലിയോട് പ്രഖ്യാപിച്ചു, "ഇത് വിപ്ലവത്തിനുള്ള നേരമാണ്..! ബീഹാർ നിയമസഭ പിരിച്ചുവിടൽ മാത്രമല്ല നമ്മുടെ ലക്ഷ്യം. അത് ഒരു തുടക്കം മാത്രമാവട്ടെ. പരിപൂർണവിപ്ലവം നടത്തേണ്ട സമയമായി..." അത് ബിഹാർ മൂവ്മെന്റ് എന്ന ഒരു ബഹുജന പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു. പൊതുജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ജെപിയും, വിഎം തർക്കുണ്ടെയും ചേർന്ന് 1974 -ൽ സിറ്റിസൺസ് ഫോർ ഡെമോക്രസിയും, 1976 -ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസും(PUCL) സ്ഥാപിച്ചു.

അതിനിടെയാണ് അലഹബാദിലെ ഹൈക്കോടതി രാജ്‌നാരായൺ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ ഹർജിയിന്മേൽ ഇന്ദിരാഗാന്ധിയെ, തെരഞ്ഞെടുപ്പിന് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി എന്ന കേസിൽ കുറ്റക്കാരിയെന്നു വിധിക്കുന്നത്. ജെപി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് രാജിവെക്കാൻ ആഹ്വാനം ചെയ്തു. പൊലീസിനോടും പട്ടാളത്തോടും സർക്കാരിന്റെ നിയമവിരുദ്ധമായ ഉത്തരവുകൾ ചെവിക്കൊള്ളരുത് എന്ന് ആവശ്യപ്പെട്ടു. "സമ്പൂർണ ക്രാന്തി" അഥവാ സമ്പൂർണ വിപ്ലവം എന്ന ആശയം പരിചയപ്പെടുത്തി. രാംലീലാ മൈതാനത്തുവെച്ച്, ഒരുലക്ഷത്തിലധികം പേരെ സാക്ഷിനിർത്തിക്കൊണ്ട്, ജെപി തന്റെ ഘനഗംഭീരസ്വരത്തിൽ രാംധാരി സിങ്ങ് 'ദിനകറി'ന്റെ, "സിംഹാസനങ്ങളിൽ നിന്നിറങ്ങൂ, പൊതുജനം വരുന്നത് കണ്ടില്ലേ..!" എന്ന കവിത ആലപിച്ചപ്പോൾ, അണികൾ നിറഞ്ഞ കയ്യടികളോടെ അതിനെ സ്വീകരിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. താമസിയാതെ ജെപി തുറുങ്കിൽ അടയ്ക്കപ്പെടുന്നു. ഈ സമരങ്ങൾക്കും ജയിൽ വാസത്തിനുമിടയിൽ ജെപിക്ക് വൃക്കരോഗം സ്ഥിരീകരിക്കപ്പെടുന്നു. ആജീവനാന്തം ഇനി ഡയാലിസിസ് ചെയ്തേ പറ്റൂ എന്ന അവസ്ഥ വരുന്നു. ജെപിയെ ജയിൽ മോചിതനാക്കാൻ വേണ്ടി രാജ്യത്തങ്ങോളമിങ്ങോളം പ്രക്ഷോഭങ്ങൾ നടക്കുന്നു.

അതിനിടെ 1977 ജനുവരി 18 -ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിക്കുന്നു. ഇന്ദിരാ വിരുദ്ധ പ്രക്ഷോഭങ്ങളെയെല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവന്നുകൊണ്ട് ജെപി 'ജനതാ പാർട്ടി' രൂപീകരിക്കുന്നു. അക്കൊല്ലം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ, ജനതാ പാർട്ടി നേതാവ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ, ഇന്ത്യയിൽ ആദ്യമായി  ഒരു കോൺഗ്രസിതര മന്ത്രിസഭ ഭരണത്തിലേറുന്നു.

അപ്പോഴൊക്കെ അസുഖം ഇടയ്ക്കിടെ കൂടി ജെപി ആശുപത്രികൾ കേറിയിറങ്ങുകയായിരുന്നു. 1979  മാർച്ചിൽ ജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, പ്രധാനമന്ത്രി മൊറാർജി ദേശായി അബദ്ധവശാൽ ജെപി മരിച്ചു എന്ന് പ്രഖ്യാപിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞ് അസുഖം ഒന്ന് ശമിച്ചപ്പോൾ ജെപിയോട് ഇതേപ്പറ്റി പറയുമ്പോൾ അദ്ദേഹം ചിരിക്കുന്നുണ്ട്. അധികം താമസിയാതെ പിന്നെയും അദ്ദേഹത്തിന്റെ പ്രമേഹം മൂർച്ഛിക്കുന്നു.1979 ഒക്ടോബർ 8 -ന്  തന്റെ എഴുപത്തേഴാം ജന്മദിനത്തിന് മൂന്നുനാൾ മുമ്പ് ഹൃദയസ്തംഭനം വന്ന് ജെപി മരണത്തിന് കീഴടങ്ങുന്നു.  

കോൺഗ്രസിന് ഒരു ബദൽ എന്ന നിലയിൽ താൻ സ്വപ്നം കണ്ടിരുന്ന ജനതാപാർട്ടിയുടെ രാഷ്ട്രീയ അപചയം ജെപിയെ മാനസികമായി തളർത്തിയിരുന്നു. ജനതാ പക്ഷത്ത് ഹൈന്ദവതീവ്രവാദ ശക്തികൾ പിടിമുറുക്കിയതും അദ്ദേഹത്തെ അലട്ടി. മാർക്സിസത്തില്‍ തുടങ്ങി, ഗാന്ധിയൻ ചിന്താധാരകളാൽ സ്വാധീനിക്കപ്പെട്ട്, ഒടുവിൽ ഒരു 'സർവോദയ' രീതിശാസ്ത്രം പിന്തുടർന്ന് മുന്നോട്ടുപോവുകയായിരുന്നു ജെപി. 

രാഷ്ട്രീയത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരുകാലത്ത് കറയറ്റ ഒരു പ്രതിച്ഛായക്ക് ഉടമയായിരുന്ന ജെപി ലക്ഷക്കണക്കിന് യുവാക്കളെ തന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തികൊണ്ടും പ്രചോദിപ്പിച്ചിട്ടുള്ള, ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചിട്ടുള്ള ഈ ജനപ്രിയ നേതാവിന്, ഇന്ന് നൂറ്റിപ്പതിനേഴാം ജന്മദിനം.


 

click me!