പാക് വിദേശകാര്യ മന്ത്രാലയത്തില്‍ ടിക് ടോക്; എന്ത് സുരക്ഷയാണുള്ളതെന്ന് ജനങ്ങള്‍?

By Web TeamFirst Published Oct 24, 2019, 2:21 PM IST
Highlights

ഏതായാലും രാജ്യത്തിനകത്തും പുറത്തും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് ഷായുടെ ഈ ടിക് ടോക് വീഡിയോ വഴിവെച്ചിരിക്കുന്നത്. നേരത്തെ കരുതിയിരുന്നത്, പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിനകത്ത് നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ്.

പാകിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഓഫീസില്‍ ചിത്രീകരിച്ച ഒരു ടിക് ടോക് വീഡിയോ വലിയതരത്തിലുള്ള വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. ടിക് ടോക് സ്റ്റാറായ ഹരീം ഷായാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്‍റെ ഓഫീസിനകത്തുനിന്ന് ചിത്രീകരിച്ച വീഡിയോകള്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. അതില്‍ ഷാ ഓഫീസിനകത്ത് ചുറ്റിനടക്കുന്നതും വിദേശകാര്യമന്ത്രിയുടേത് എന്ന് കരുതാവുന്ന കസേരയിലിരിക്കുന്നതും കാണാമായിരുന്നു. പോസ്റ്റ് ചെയ്‍തയുടനെ തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 

1.5 മില്ല്യണ്‍ ഫോളോവേഴ്‍സുണ്ട് ഷായ്ക്ക് ടിക് ടോക്കില്‍. പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ചൗഹാന്‍ അടക്കമുള്ളവരുമായുള്ള ചിത്രങ്ങളടക്കം ഷാ നേരത്തെ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. 

ഏതായാലും രാജ്യത്തിനകത്തും പുറത്തും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് ഷായുടെ ഈ ടിക് ടോക് വീഡിയോ വഴിവെച്ചിരിക്കുന്നത്. നേരത്തെ കരുതിയിരുന്നത്, പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിനകത്ത് നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ്. എന്നാല്‍, പിന്നീടാണ് അല്ല വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഓഫീസാണെന്ന് വ്യക്തമായത്. വീഡിയോ പോസ്റ്റ് ചെയ്‍ത് കുറച്ചുനേരങ്ങള്‍ക്കുള്ളില്‍ത്തന്നെ വീഡിയോ വൈറലായി. അതോടൊപ്പം വിവാദവുമായി. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഗൗരവക്കുറവും സുരക്ഷാക്കുറവും ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ വീഡിയോയെ വിമര്‍ശിച്ചത്. 

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടനുസരിച്ച്, അധികൃതര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് അറിയാനാവുന്നത്. എന്നാല്‍, ഷാ പറയുന്നത് തനിക്ക് മന്ത്രാലയത്തിനകത്ത് കടക്കാന്‍ അനുമതി ലഭിച്ചിരുന്നുവെന്നും ഇങ്ങനെ വീഡിയോ ചിത്രീകരിക്കുന്നത് നിയമത്തിന് എതിരായിരുന്നുവെങ്കില്‍ അധികൃതര്‍ അത് അനുവദിക്കരുതായിരുന്നുവെന്നുമാണ്. നാഷണല്‍ അസംബ്ലിയിലും പാസ് സംഘടിപ്പിച്ച് താന്‍ പോയിട്ടുണ്ടെന്നും ഷാ പറയുന്നു. അവിടെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും തന്നെ തടഞ്ഞിട്ടില്ലെന്ന് കൂടി ഷാ കൂട്ടിച്ചേര്‍ത്തു. 

പക്ഷേ, സാമൂഹ്യമാധ്യമങ്ങള്‍ ഒരുതരത്തിലും ഷായുടെ പ്രവൃത്തിയെ അംഗീകരിക്കുന്നില്ല. രാജ്യത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലിങ്ങനെയൊരു സംഭവം നടന്നത് അംഗീകരിക്കാനാകില്ല എന്നാണ് അവര്‍ പറയുന്നത്. ഹരീം ഷാ മന്ത്രാലയത്തിന്‍റെ ഓഫീസില്‍ ചുറ്റിനടക്കുക മാത്രമല്ല ചെയ്‍തത് മന്ത്രിയുടെ കസേരയിലിരിക്കുക കൂടി ചെയ്‍തു, ഒരു ഇന്ത്യന്‍ ഗാനത്തിനൊപ്പം. ആരാണവള്‍ക്ക് ഇതിനൊക്കെയുള്ള അനുവാദം നല്‍കിയത്. രാജ്യത്തെ അധികാരകേന്ദ്രങ്ങള്‍ ബഹുമാനിക്കപ്പെടാന്‍ നമ്മളെന്താണ് ചെയ്‍തത്? ഇത്തരം മനുഷ്യരെ ചോദ്യം ചെയ്യാന്‍ അവിടെ ആരുമുണ്ടായിരുന്നില്ലേ? എന്നും പലരും പ്രതികരിച്ചു. 

ഏതായാലും ഹരീം ഷായുടെ ടിക് ടോക് വീഡിയോ വലിയ തരത്തിലുള്ള വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 

click me!