ഉറക്കത്തില്‍ വിളിച്ചെണീപ്പിക്കുന്നതിന് ലക്ഷങ്ങള്‍, കണ്ടോ, കാശുവരുന്ന വഴി!

By Web TeamFirst Published Jul 1, 2022, 1:03 PM IST
Highlights

സാധാരണ ആളുകള്‍ ഉറക്കമൊഴിച്ച് ഇരുന്ന് പണിയെടുത്ത് പണം സമ്പാദിക്കുമ്പോള്‍, അദ്ദേഹം തന്റെ കിടക്കയില്‍ കിടന്ന് തന്നെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നു.

ഇന്ന് ആളുകളില്‍ സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. പലരും അത് വഴി സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. അതും നമ്മള്‍ മുന്‍പ് കേട്ടിട്ടോ, കണ്ടിട്ടോ ഇല്ലാത്ത ഓരോ പുതിയ മാര്‍ഗ്ഗങ്ങളിലൂടെ. ക്യാമറയ്ക്ക് മുന്നിലിരുന്ന് ആഹാരം കഴിക്കുന്നതും, ഉറങ്ങുന്നത് ലൈവ് സ്ട്രീം ചെയ്യുന്നതും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. അക്കൂട്ടത്തില്‍, തന്നെ ഉണര്‍ത്താനുള്ള ജോലി ജനങ്ങള്‍ക്ക് നല്‍കി മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു സോഷ്യല്‍ മീഡിയ താരമാണ് ജേക്കി ബോം. 

ജേക്കിക്ക് ഇരുപത്തെട്ട് വയസ്സാണ്. സാധാരണ ആളുകള്‍ ഉറക്കമൊഴിച്ച് ഇരുന്ന് പണിയെടുത്ത് പണം സമ്പാദിക്കുമ്പോള്‍, അദ്ദേഹം തന്റെ കിടക്കയില്‍ കിടന്ന് തന്നെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം, ഇതൊക്കെ വല്ലതും നടക്കുമോ എന്നും സംശയിക്കാം, എന്നാല്‍ സംഭവം സത്യമാണ്. ഈ രീതിയില്‍ മാസം 28,000 പൗണ്ട് (26 ലക്ഷം രൂപ) വരെ താന്‍ സമ്പാദിക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നു.

ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍, അതിനി ഏത് മാര്‍ഗ്ഗമായാലും ശരി, അദ്ദേഹത്തെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താം പക്ഷെ അതിന് മുന്‍കൂറായി പണം നല്‍കണം എന്നതാണ് വ്യവസ്ഥ. കണ്ണിലേക്ക് വെളിച്ചം അടിച്ചായാലും, വലിയ ശബ്ദത്തോടെ സ്പീക്കറില്‍ പാട്ട് വച്ചായാലും, അങ്ങനെ ഒരു മനുഷ്യന്‍ ആരോചകമായി തോന്നുന്ന ഏത് മാര്‍ഗ്ഗവും ആളുകള്‍ക്ക് സ്വീകരിക്കാം. എന്നാല്‍ എങ്ങനെയാണ് മുറിയില്‍ കിടന്നുറങ്ങുന്ന അദ്ദേഹത്തെ ക്യാമറയ്ക്ക് ഇപ്പുറമിരുന്ന് എഴുന്നേല്‍പിക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? അതിനുള്ള വഴിയൊക്കെ അദ്ദേഹം തന്നെ കണ്ടെത്തിയിട്ടുണ്ട്. 

അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ ലേസര്‍, സ്പീക്കറുകള്‍, ഒരു ബബിള്‍ മെഷീന്‍, അങ്ങനെ ഒരു മനുഷ്യന്റെ ഉറക്കം കെടുത്താനുള്ള ധാരാളം കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. സംവേദനാത്മക തത്സമയ സ്ട്രീമിലൂടെ കാഴ്ചക്കാര്‍ക്ക് അദ്ദേഹത്തിന്റെ കിടപ്പുമുറിയിലെ ഉപകരണങ്ങള്‍ നിയന്ത്രിക്കാനാകും. സുഖമായി ഉറങ്ങുന്ന ജേക്കിനെ ഇതില്‍ ഏതുപയോഗിച്ചും നമുക്ക് ഉണര്‍ത്താം. പക്ഷേ പണം നല്‍കണമെന്ന് മാത്രം. അദ്ദേഹം ഏഴ് മണിക്കൂര്‍ ദിവസവും ഉറങ്ങുന്നു. നല്ല സുഖമായി ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ ചിലര്‍ക്കെങ്കിലും ഒരു കൗതുകമുണ്ടാകുമല്ലോ. അതാണ് അദ്ദേഹം പ്രയോജനപ്പെടുത്തുന്നത്.  

 

This TikToker makes $34k in a single month by letting viewers disrupt his sleep on livestreams pic.twitter.com/g2oxnNS6vf

— Dexerto (@Dexerto)

 

ആളുകള്‍ക്കും ഇത് വളരെ രസകരമായി തോന്നുന്നു. അതുകൊണ്ട് തന്നെ ടിക് ടോകില്‍ അദ്ദേഹത്തിന് 5.2 ലക്ഷം ഫോളോവേഴ്സുണ്ട്. ഓരോ ദിവസവും അദ്ദേഹത്തെ ഉണര്‍ത്താന്‍ അവരില്‍ പലരും വലിയ തുകയാണ് അദ്ദേഹത്തിന് നല്‍കുന്നത്. ഇത്തരത്തില്‍ അദ്ദേഹത്തെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്ന നിരവധി വീഡിയോകളും അദ്ദേഹം പങ്കിട്ടിട്ടുണ്ട്. 

അതില്‍ രാത്രി പന്ത്രണ്ടരയ്ക്ക് ബബിള്‍സ് ഉപയോഗിച്ച് ഉണര്‍ത്തുന്ന ഒരു വിഡീയോവുണ്ട്. 70 ലക്ഷം ആളുകളാണ് അത് കണ്ടിരിക്കുന്നത്. അതുപോലെ തന്നെ മറ്റൊരു വീഡിയോവില്‍ ഒരാള്‍ വെളുപ്പിനെ രണ്ടരയ്ക്ക് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വച്ച് അയാളെ ഉണര്‍ത്തുന്നതും കാണാം. രാത്രിയില്‍ അദ്ദേഹത്തെ ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിളിച്ചുണര്‍ത്താം. ചില രാത്രികളില്‍ നിരവധി പ്രാവശ്യം ഇത് ആവര്‍ത്തിക്കപ്പെടുന്നു. 

തന്റെ കാഴ്ചക്കാരെ രസിപ്പിക്കാന്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ തന്റെ കിടപ്പുമുറിയില്‍ സജ്ജീകരിക്കാന്‍ ആലോചിക്കുന്നുണ്ട് അദ്ദേഹം. അതേസമയം രാത്രിയിലുള്ള ഈ ഉറക്കക്കുറവ് തന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമോ എന്നൊരു ഭയവും പുള്ളിക്കുണ്ട്.  

click me!