100 ദിവസമായി പുറത്തിറങ്ങാതെ കഴിയുന്ന ഒരാള്‍, ഉറങ്ങുന്നതടക്കം ലൈവായി കാണുകയുമാവാം

By Web TeamFirst Published Apr 18, 2021, 2:38 PM IST
Highlights

ടിം സി ഇൻസാന അവകാശപ്പെടുന്നത്, മാസങ്ങളുടെ തയ്യാറെടുപ്പിന് ഒടുവിലാണ് ഇത്തരമൊരു പദ്ധതിയുമായി അദ്ദേഹം മുന്നോട്ട് പോയത് എന്നാണ്. കൂടാതെ അസാധാരണമായ ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിന് മുമ്പ് കുടുംബവുമായും സുഹൃത്തുക്കളുമായും കൂടിയാലോചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  

നമുക്കറിയാം മഹാമാരിയും, കഴിഞ്ഞ വർഷം തുടക്കത്തിലെ ലോക്ക് ഡൗണും മൂലം നമ്മൾ കൂടുതലും വീടുകളിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഒന്ന് പുറത്തിറങ്ങി ചുറ്റിക്കറങ്ങാനായെങ്കില്‍, സുഹൃത്തുക്കളെ കണ്ടിരുന്നെങ്കിൽ എന്നൊക്കെ പലപ്പോഴും നമ്മൾ ആഗ്രഹിച്ചിട്ടുണ്ടാകും. ക്വാറന്റൈനിൽ തനിച്ച് ചിലവിട്ട നിമിഷങ്ങൾ ഓർക്കാൻ പോലും പലരും ഇഷ്ടപ്പെടുന്നില്ല. വീണ്ടും കേസുകൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ, രാജ്യം വീണ്ടും ഒരു ലോക്ക്ഡൗണിലേയ്ക്ക് പോകുമോ എന്ന് നമ്മൾ ഭയപ്പെടുമ്പോൾ, ലോസ് ഏഞ്ചൽസിൽ ഒരാൾ പൂട്ടിയിട്ട ഒരു മുറിയിൽ സ്വന്തം ഇഷ്ടപ്രകാരം തനിച്ച് കഴിയുകയാണ്. അത് കൂടാതെ ലൈവ്സ്ട്രീമിംഗ് വഴി ലോകത്തിന് മുന്നിൽ അദ്ദേഹം തന്റെ ഒറ്റക്കുള്ള ജീവിതം 24 മണിക്കൂറും കാണിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 100 ദിവസമായി അദ്ദേഹം പുറത്തിറങ്ങാതെ മുറിയിൽ തന്നെ ഇരിക്കുകയാണ്. ശരിയായ സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കിൽ വർഷം മുഴുവൻ അവിടെ തന്നെ താമസിക്കാൻ അദ്ദേഹം തയ്യാറാണ്.  

34 -കാരനായ ടിം സി ഇൻ‌സാനയെ ഈ വർഷം ആരംഭം മുതൽ ഒരു ഷെഡിൽ പൂട്ടിയിരിക്കുകയാണ്. അടുത്തകാലത്തൊന്നും പുറത്തിറങ്ങാൻ അദ്ദേഹത്തിന് പദ്ധതിയില്ല. ഒരു വർഷം മുഴുവൻ ഇതുപോലെ ഒറ്റപ്പെട്ടു കഴിയാനും, തുടർന്ന് തന്റെ തത്സമയ സ്ട്രീം അസാധാരണമായ ഒരു കാഴ്ചയെന്ന രീതിയില്‍ വിൽക്കാനും ലോസ് ഏഞ്ചൽസിലെ ഈ കലാകാരൻ പദ്ധതിയിടുന്നു. ഇപ്പോൾ ട്വിച്ചിൽ സൗജന്യമായിട്ടാണ് അദ്ദേഹം സ്ട്രീം ചെയ്യുന്നത്. പക്ഷേ, തന്റെ ഈ പദ്ധതിയ്ക്ക് വേണ്ടി അഞ്ച് മില്യൺ ഡോളർ വരെ ചെലവഴിക്കാൻ താല്പര്യമുള്ള ആളുകളെ കണ്ടെത്താനും അഞ്ച് വർഷത്തേക്ക് സ്വയം പൂട്ടിയിട്ട മുറിയിൽ കഴിയാനും അദ്ദേഹം താത്പര്യപ്പെടുന്നു. ആരെങ്കിലും ഈ ശ്രമത്തിന് 10 മില്യൺ ഡോളർ നൽകാൻ തയ്യാറാണെങ്കിൽ തുടർച്ചയായി 10 വർഷത്തേക്ക് ഒറ്റപ്പെട്ടു കഴിയാനും അദ്ദേഹം റെഡി.  

“എന്റെ കല ഞാൻ സൃഷ്‌ടിക്കുകയാണ്‌, ശൂന്യമായ ഒരു ഇടം ഞാൻ വർണ്ണാഭമാക്കി മാറ്റുന്നു. സത്യസന്ധമായി പറഞ്ഞാൽ, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് കൃത്യമായി അറിയാൻ കഴിയുന്നില്ല. ലോകത്തെ മികച്ച ഒരു സ്ഥലമാക്കി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു” ഇൻ‌സാന ഇൻ‌സൈഡർ മാഗസിനോട് പറഞ്ഞു. ഒരു മുറിയിൽ ഇരുപത്തിനാലു മണിക്കൂറും ഒറ്റപ്പെട്ട് കഴിയുമ്പോൾ ഒരാൾ എങ്ങനെ സമയം കളയും? പകൽ സമയത്ത്, ലോസ് ഏഞ്ചൽസ് കേന്ദ്രീകരിച്ചുള്ള ഈ ആര്‍ട്ടിസ്റ്റ് തന്റെ കമ്പ്യൂട്ടറിനുമുന്നിൽ കാഴ്ചക്കാരുമായി ചോദ്യോത്തര സെഷനുകൾ നടത്തുന്നു. ചിലപ്പോൾ ഒരു സോളോ ഡാൻസ് പാർട്ടി നടത്തുന്നു. പിന്നെ ഭക്ഷണം കഴിക്കും, ധ്യാനിക്കും, വിവിധ കലാസൃഷ്ടികൾ നടത്തും. രാത്രിയിൽ, അയാൾ ഉറങ്ങുന്നതുൾപ്പെടെ എല്ലാം നിങ്ങൾക്ക് കാണാം.  

ടിം സി ഇൻസാന അവകാശപ്പെടുന്നത്, മാസങ്ങളുടെ തയ്യാറെടുപ്പിന് ഒടുവിലാണ് ഇത്തരമൊരു പദ്ധതിയുമായി അദ്ദേഹം മുന്നോട്ട് പോയത് എന്നാണ്. കൂടാതെ അസാധാരണമായ ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിന് മുമ്പ് കുടുംബവുമായും സുഹൃത്തുക്കളുമായും കൂടിയാലോചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  അദ്ദേഹത്തിന്റെ പ്രതിശ്രുതവധുവാണ് അദ്ദേഹത്തിന് ആവശ്യമുള്ള പലചരക്ക് സാധനങ്ങളും, മറ്റ് നിത്യോപയോഗ സാധങ്ങളും വാങ്ങി നൽകുന്നത്. അവൾ സാധനങ്ങൾ ഒരു ജനാലയിലൂടെ അദ്ദേഹത്തിന് കൈമാറുന്നു.  

ഇനി അഥവാ അഞ്ച് വർഷത്തേക്ക് ഒറ്റയ്ക്ക് കഴിയാൻ ആവശ്യമായ ഒരു മില്യൺ ഡോളർ നിക്ഷേപിക്കാൻ താല്പര്യമുള്ള ആളുകളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഇൻസാനയുടെ മുൻപിൽ മറ്റൊരു വഴിയുണ്ട്. ട്വിച്ചിൽ 7,000 വരിക്കാരെ ലഭിക്കുകയാണെങ്കിൽ, അഞ്ച് വർഷം വരെ സ്ട്രീം ചെയ്യാൻ അദ്ദേഹം സന്നദ്ധനാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ വരിക്കാരുടെ എണ്ണം 102 ആണ്. അതിനാൽ അദ്ദേഹത്തിന്റെ ലക്ഷ്യത്തിലെത്താൻ ഒരുപാട് ദൂരം ഇനിയും പോകേണ്ടതുണ്ട്.

click me!