
വിമാനത്തിൽ കൊണ്ടുപോകാവുന്ന ബാഗിന്റെ ഭാരത്തിന് ഒരു പരിധി ഉണ്ട് അല്ലേ? എന്നാൽ, അതിനെ മറികടക്കുന്നതിന് വേണ്ടി രണ്ട് സ്ത്രീകൾ ചെയ്തത് എന്താണ് എന്ന് അറിയാമോ? യാത്രയിൽ ഏകദേശം ആറ് കിലോഗ്രാം വസ്ത്രം ധരിച്ചു. അഡ്രിയാന ഒകാമ്പോ എന്ന യുവതിയാണ് തന്റെ ലഗേജ് പരമാവധി ഏഴ് കിലോ എന്ന പരിധി കഴിഞ്ഞു എന്ന് മനസിലാക്കി ആറ് കിലോ വസ്ത്രം ധരിച്ചത്. അതിൽ ടീഷർട്ടുകൾ, ട്രൗസർ, ജാക്കറ്റുകൾ ഒക്കെയും പെടുന്നു. ഇങ്ങനെ മൊത്തത്തിൽ 15 വസ്ത്രങ്ങളാണ് അവൾ യാത്രയിലുടനീളം ധരിച്ചത്.
സുഹൃത്ത് എമിലി അൽതമുറയ്‌ക്കൊപ്പം ഒരു ഗേൾസ് ട്രിപ്പ് കഴിഞ്ഞ് മെൽബണിൽ നിന്ന് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലെ സ്വന്തം വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു 19 കാരിയായ യുവതി. തന്റെ ബാഗ് 12 കിലോ ഉണ്ട് എന്നും അത് വിമാനത്തിലെ പരിധിക്ക് അപ്പുറമാണ് എന്നുമൊക്കെ അവൾക്ക് അറിയാമായിരുന്നു. എന്നാൽ, അവൾ പ്രതീക്ഷിച്ചത് തിരക്കിനിടയിൽ ക്യാബിൻ ക്രൂ തന്റെ ബാഗ് പരിശോധിക്കില്ല എന്നാണത്രെ.
എന്നാൽ, ജീവനക്കാർ ബാഗ് പരിശോധിക്കുന്നത് കണ്ടതോടെ അഡ്രിയാന ബാഗ് തുറന്ന് പരമാവധി ധരിക്കാനാവുന്ന വസ്ത്രങ്ങളെല്ലാം എടുത്ത് ധരിക്കുകയായിരുന്നു. പിന്നാലെ വന്ന സുഹൃത്ത് എമിലിയുടെ ബാഗിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അതിനാൽ, അവളും അത് തന്നെ ചെയ്തു. പരമാവധി ധരിക്കാൻ പറ്റുന്ന വസ്ത്രങ്ങളെല്ലാം ധരിച്ചു.
എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും അഡ്രിയാനയുടെ ബാഗിൽ ഒരു കിലോ അധികമുണ്ടായിരുന്നു. അതിനാൽ തന്നെ അവൾക്ക് അതിനുള്ള പണവും അടക്കേണ്ടി വന്നു. ഏതായാലും, നിറയെ വസ്ത്രം ധരിച്ച് നിൽക്കുന്ന അഡ്രിയാനയുടെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചു.