Latest Videos

കള്ളിനോട് അരുചിയുണ്ടോ? കയ്യിലും കാലിലും തഴമ്പുള്ള ചെക്കന്മാരോടോ?

By Rini RaveendranFirst Published Jul 28, 2023, 6:32 PM IST
Highlights

കണ്ണൂരുകാര് മുത്തപ്പന്റെ നാട്ടുകാരാണ്. കള്ള് ചെത്തുകാരൻ കാണാതെ കള്ള് കട്ടുകുടിച്ചുവെന്ന് പറയപ്പെടുന്ന പറശ്ശിനിക്കടവ് മുത്തപ്പന്റെ തന്നെ. പാലും വെണ്ണയുമൊന്നുമല്ല, മുത്തപ്പന് ഞങ്ങൾ നൽകുന്നത് നല്ലസ്സല് കള്ളാണ്.

തെങ്ങുകയറുന്നവരുടെ കയ്യിലെയും കാലിലെയും തഴമ്പ് സൗന്ദര്യ ശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ഇപി ജയരാജൻ. ശരിക്കും അങ്ങനെ പറഞ്ഞ് നാട്ടിലെ കള്ളുചെത്തുകാരെയും അവരെ സ്നേഹിക്കുന്നവരെയും വേദനിപ്പിക്കരുത്.

ഞങ്ങൾ മലബാറുകാർക്ക് കള്ളെന്നാൽ അത്ര മാറ്റി നിർത്തപ്പെടേണ്ട ഒന്നൊന്നും ആയിരുന്നില്ല. കള്ളുകുടി എന്നത് 'വളരെ മോശം ശീല'മായിട്ടാണ് പൊതുവെ പറയുന്നത്. എന്നാൽ, കള്ളെന്നാൽ ഞങ്ങൾക്കത് തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന അതിമധുരമുള്ളൊരു പാനീയം കൂടിയായിരുന്നു. കള്ളുഷാപ്പിലെത്തി പലകള്ള് കൂടിച്ചേരുന്നതിന് മുമ്പുള്ള കള്ളാണെങ്കിൽ അതിന്റെ രുചിയൊന്ന് വേറെത്തന്നെ ആയിരുന്നു. തീയ്യന്മാർ കൂടുതലുള്ള പ്രദേശത്ത് താമസിക്കുന്ന ഞങ്ങൾക്ക് പ്രത്യേകിച്ചും. 

ഒരു പത്തിരുപത് കൊല്ലം മുമ്പ് ഒരു നാട്ടിൽ തന്നെ അനേകം ഏറ്റുകാരുണ്ടാവും. ഏറ്റുകാരെന്ന് വിളിക്കുന്നത് കള്ള് ചെത്തുന്നവരെയാണ്. അതിൽ നല്ല ചുള്ളന്മാരാണ് ഏറെയും. ഇന്ന് നമ്മുടെ ജിമ്മിലൊക്കെ പോയി സെറ്റായി നടക്കുന്ന ചെക്കന്മാരെ പോലെ അടിപൊളി. അന്നൊന്നും ഏറ്റുകാരായത് കൊണ്ട് അവർക്കൊന്നും കാമുകിമാരെ കിട്ടാതിരുന്നിട്ടില്ല. അപ്പുറത്തെ വീട്ടിൽ ഏറ്റുകാരനുണ്ട്. ബന്ധുവാണ്. 'ഓടിപ്പോയി ആട്ന്ന് കൊറച്ച് കള്ള് വാങ്ങീറ്റ് വാ, നാളത്തെ ദോശേല് ചേർക്കാ' എന്ന് അമ്മ പറയുമ്പോ മനസില് ലഡു പൊട്ടും. ആ കിട്ടുന്ന ഒരു ​ഗ്ലാസ് കള്ളില് കുറച്ച് വായിലിറ്റിക്കാം. ആഹാ എന്താപ്പൊരു രുചി! 

പിന്നെ, കണ്ണൂരുകാര് മുത്തപ്പന്റെ നാട്ടുകാരാണ്. കള്ള് ചെത്തുകാരൻ കാണാതെ കള്ള് കട്ടുകുടിച്ചുവെന്ന് പറയപ്പെടുന്ന പറശ്ശിനിക്കടവ് മുത്തപ്പന്റെ തന്നെ. പാലും വെണ്ണയുമൊന്നുമല്ല, മുത്തപ്പന് ഞങ്ങൾ നൽകുന്നത് നല്ലസ്സല് കള്ളാണ്. തനിക്ക് കിട്ടിയ കള്ള് മുത്തപ്പൻ ചുറ്റുമുള്ളവർക്കും വച്ചുനീട്ടും. വീട്ടിൽ മുത്തപ്പൻ തെയ്യം കെട്ടിയാടുന്നുണ്ടെങ്കിൽ കള്ളുമുണ്ടാകും. അതിൽ 'മധുരക്കള്ള്' എന്നും പറഞ്ഞുള്ള ഇളംകള്ള് അന്ന് നമുക്ക് കുട്ടികൾക്കും കിട്ടിയിരുന്നു. ഒരുപാടടിച്ച് കിറുങ്ങി നടക്കാൻ പാകത്തിലല്ല. രുചിയറിയാൻ പാകത്തിൽ. 

അങ്ങനെ മൊത്തത്തിൽ 'കള്ളുകുടിച്ച്' അലമ്പായി വീട്ടിൽ വന്ന് ഭാര്യയേയും തല്ലി, നാട്ടുകാരേയും ചീത്തവിളിച്ച് നടക്കുന്ന ആ ആചാരത്തോടുള്ള കലിപ്പ് നമുക്ക് കള്ളിനോടില്ല. മാത്രല്ല, ബിയറടിച്ചാലും ഹോട്ടടിച്ചാലും സം​ഗതി 'കള്ളുകുടിച്ചലമ്പാക്കി' എന്നാണല്ലോ പേര്? അതുപോലെ, തഴമ്പിനോടും പെൺകുട്ടികൾക്കങ്ങനെ വലിയ ഇഷ്ടക്കേടൊന്നും ഉണ്ടാകാൻ ചാൻസില്ല. ഈ തഴമ്പെന്ന് പറയുന്നത് അധ്വാനിക്കുന്നതിന്റെ ലക്ഷണമല്ലേ? അതിപ്പോൾ ആണായാലും പെണ്ണായാലും ചില ജോലികൾ ചെയ്താൽ തഴമ്പ് കാണും. 

എല്ലാ പെൺകുട്ടികളും/സ്ത്രീകളും നല്ല പതുപതുത്ത റോസാപ്പൂക്കരങ്ങളെ ഇഷ്ടപ്പെടുന്നവരാണോ? ഹേയ് അങ്ങനെയാവാൻ വഴിയില്ല. നല്ല വഴക്കത്തോടെ തെങ്ങുകയറി കള്ളും ചെത്തി താഴെയിറങ്ങുന്ന യുവാവ്, അവന്റെ ദൃഢമായ കരങ്ങൾ. അത്യധ്വാനം കാല്പനികവൽക്കരിക്കാനുള്ള ഒന്നല്ലെങ്കിലും വേണമെങ്കിൽ ആ കയ്യിൽ സ്വന്തം കൈ ചേർത്തുപിടിക്കുന്നതിനെ കുറിച്ച് കവിതയെഴുതാൻ പാകത്തിൽ ഇന്നുമുണ്ടാവും ചിലപ്പോൾ ചില പെണ്ണുങ്ങൾ. 

അപ്പോ, നമുക്ക് കള്ള് ചെത്താൻ ആളെ കിട്ടാത്തതെന്തായിരിക്കും? കാലം മാറി, എല്ലാത്തിലെയും അഭിരുചികളും മാറി, ലോകവും മാറി. അപ്പോൾ, 'ശരിക്കും കാരണം' തേടിക്കണ്ടെത്തേണ്ടുകയല്ലേ വേണ്ടത്?
 

click me!