
ഒരേ ജോലി ചെയ്ത് ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടുമ്പോള്‍ ഇടയ്ക്ക് ഒരു യാത്ര നടത്തിയാല്‍, അതുവരെയുണ്ടായിരുന്ന അസ്വസ്ഥതകളും ആകുലതകളും മാറി ഒന്ന് 'ഫ്രഷാ'വാന്‍ സാധിക്കും. പുതിയ കാഴ്ചകളിലൂടെ അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ നിങ്ങളില്‍ ബാധിച്ചിരിക്കുന്ന മടുപ്പ് ഒഴിവാകുകയും നിങ്ങള്‍ക്ക് പുതിയൊരു ലോകം തുറന്ന് കിട്ടുകയും ചെയ്യും. എന്നാല്‍ യാത്ര ചെയ്യാനായി ഇന്ന് പലരും പല രീതികളാണ് അവലംബിക്കുന്നത്. ചിലര്‍ ഹിച്ച്ഹൈക്കിംഗ് വഴി, ലിഫ്റ്റ് കിട്ടുന്ന വണ്ടികളില്‍ കയറി തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. മറ്റ് ചിലര്‍ സൈക്കിളില്‍, വേറെ ചിലര്‍ കാറില്‍ ലോകം ചുറ്റുന്നു. എന്നാല്‍, ഇവിടെ യുഎസിലെ ന്യൂ ജേഴ്സി സ്വദേശിയായ ഒരു യാത്രക്കാരന്‍ 33 വര്‍ഷം കൊണ്ട് 3.7 കോടി കിലോ മീറ്റര്‍ സഞ്ചരിച്ചത് മൊത്തം വിമാനത്തില്‍. ചരിത്രത്തിലൊരിടത്തും ഇത്രയും കൂടിയ ദൂരം വിമാനത്തില്‍ യാത്ര ചെയ്ത മറ്റൊരു വ്യക്തിയെ കുറിച്ച് രേഖപ്പെട്ടുത്തിയിട്ടില്ല.
കാര്‍ ഡീലര്‍ഷിപ്പ് കണ്‍സെല്‍ട്ടന്‍റായ ടോം സ്റ്റക്കറാണ് ആ സഞ്ചാരി. തന്‍റെ ദീര്‍ഘദൂര യാത്രകള്‍ക്കായി 1990 ല്‍ തന്നെ അദ്ദേഹം 2,37,67,820 രൂപയ്ക്ക് യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ലൈഫ് ടൈം പാസ് കരസ്ഥമാക്കിയിരുന്നു. മാത്രമല്ല, അതുവഴി എയര്‍ലൈന്‍സില്‍ അദ്ദേഹത്തിന് തന്‍റെ ഇഷ്ടപ്പെട്ട സീറ്റും, 1B സ്വന്തമാക്കാന്‍ കഴിഞ്ഞു. എയര്‍ലൈന്‍സിന്‍റെ നിയമമനുസരിച്ച്, ലൈഫ് ടൈം മെമ്പര്‍ഷിപ്പ് എടുത്തയാള്‍ക്ക് ജീവിതകാലം മുഴുവനും എയര്‍ലൈന്‍സിന്‍റെ ഏത് വിമാനത്തില്‍ എവിടേയ്ക്ക് വേണമെങ്കിലും യാത്ര ചെയ്യാം. കഴിഞ്ഞ 33 വര്‍ഷമായി ലോകമെമ്പാടുമായി ടോം സ്റ്റക്കര്‍ നടത്തുന്ന, ലേലത്തിനും വ്യാപാരത്തിനും വില്പനയ്ക്കുമായുള്ള എല്ലാ യാത്രകളും ഇത്തരത്തില്‍ സൗജന്യമാണ്. എന്നാല്‍, അദ്ദേഹത്തിനുള്ള സൗജന്യങ്ങള്‍ ഇതുകൊണ്ടും തീരുന്നില്ല. എല്ലാ യാത്രകളിലും ആഡംബര ഹോട്ടലുകളിലെയും മുന്തിയ ഇനം റസ്റ്റോറന്‍റുകളിലെയും താമസവും പ്രത്യേക ഭക്ഷണവും ക്രിസ്റ്റല്‍ ക്രൂയിസറിലുള്ള യാത്രകളും അദ്ദേഹത്തിന് സൗജന്യമായി ലഭിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം; ഭയം വിതയ്ക്കാന്‍ ബ്രിട്ടീഷ് തീരത്തേക്ക് വിദേശ കടല്‍ ജീവികളെത്തുന്നു!
സൗജന്യ യാത്രയിലൂടെ അദ്ദേഹം 100 ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ ടോം സ്റ്റക്കര്‍ പറഞ്ഞത്. ഭാര്യയുമൊത്ത് 120 ഓളം ഹണിമൂണ്‍ യാത്രകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നെവാർക്കിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കും പിന്നീട് ബാങ്കോംഗിലേക്കും ദുബായിലേക്കും യാത്ര ചെയ്യുന്നതിനിടയിൽ തുടര്‍ച്ചയായ 12 ദിവസത്തോളം താന്‍ ആകാശത്താണ് ഉറങ്ങിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. എയർപോർട്ട് ലോഞ്ചുകളിൽ മാത്രം താമസിച്ച് ലോകമെമ്പാടുമായി നാലോളം തവണ യാത്രകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. “ഒരാഴ്‌ചയിൽ കൂടുതൽ ഒരിടത്ത് ചെലവഴിച്ചാൽ, എനിക്ക് വായുവിലേക്ക് തിരിച്ചെത്തണം. വായുവിലേക്കാൾ നിലത്തായിരിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു.' അദ്ദേഹം പറഞ്ഞു.
1984 ല്‍ ജോലി ആവശ്യത്തിനായി ഓസ്ട്രേലിയയിലേക്ക് നടത്തിയ ആദ്യ യാത്രയില്‍ തന്നെ സ്റ്റക്കറിന് വിമാനയാത്രയോടുള്ള കമ്പം തുടങ്ങി, ഒപ്പം ഓസ്ട്രേലിയയോടും. ഇതിനകം ഏതാണ്ട് 300 ഓളം തവണ താന്‍ ഓസ്ട്രേലിയയില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഈ യാത്രകളെല്ലാം ജോലിക്ക് വേണ്ടിയുള്ളതല്ലെന്നും അവധിക്കാല ആഘോഷത്തിനും യാത്രയ്ക്കും വേണ്ടി മാത്രമാണെന്നുമാണ് ടോം സ്റ്റക്കര്‍ അവകാശപ്പെടുന്നത്. നീണ്ട യാത്രയ്ക്കിടെയില്‍ അമേരിക്കന്‍ നടനായ ബില്‍ മുറെയും അമേരിക്കന്‍ പാട്ടുകാരായ സ്റ്റീവ് ടൈലറെയും ജാനറ്റ് ജാക്സണെയും താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.