
സിഗരറ്റു വലിക്കുന്ന ഒരു സ്ത്രീ. ഇന്നും കേരളത്തിൽ അത്രയ്ക്കങ്ങോട്ട് സ്വീകാര്യത പോര, ഈ ദൃശ്യത്തിന്. ഇന്നും കേരളത്തിൽ അത് അത്ര സാധാരണമായ ഒരു സംഭവമല്ല. സ്ത്രീകൾ സിഗരറ്റു വലിച്ചുകൂടാ എന്ന് തന്നെയാണ് നമ്മുടെ സമൂഹം ഇന്നും കരുതുന്നത്. ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷയോടെ, ആസ്വദിച്ച് സിഗരറ്റു വലിച്ച്, ആകാശത്തിലേക്ക് ആഞ്ഞു പുക വിടുന്ന സ്ത്രീകളുമുണ്ട് ഇവിടെ.. ഇല്ലെന്നല്ല..!
എന്നാൽ പാശ്ചാത്യൻ നാടുകളിൽ അങ്ങനെയല്ല. അവിടെ സമൂഹം, പുകവലിക്കുന്ന സ്ത്രീകളെ അന്യഗ്രഹ ജീവികളെപ്പോലെ തുറിച്ചു നോക്കുന്നില്ല. കാരണം അവിടെ 'സിഗരറ്റുവലി' എന്ന ശീലത്തിലെ സ്ത്രീപുരുഷ ഭേദം ലംഘിക്കപ്പെട്ടിട്ട് വർഷം തൊണ്ണൂറ് തികയുന്നു. എന്നാൽ നമ്മളെല്ലാം കരുതുന്നതുപോലെ, പുരുഷന്മാരിൽ നിന്നും വിവേചനങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന ഏതെങ്കിലും അമേരിക്കൻ സ്ത്രീകൾ വളരെ സ്വാഭാവികമായി നടത്തിയ ഒരു പ്രതികരണല്ലായിരുന്നു അത്. ഒരു സിഗററ്റുകമ്പനി നടത്തിയ പി ആർ പരീക്ഷണമായിരുന്നു. അതിന് ചുക്കാൻ പിടിച്ചതോ, സിഗ്മണ്ട് ഫ്രോയിഡ് എന്ന സുപ്രസിദ്ധ മനഃശാസ്ത്രജ്ഞന്റെ അനന്തരവനായ എഡ്വേർഡ് ബെർണായ്‌സും.
അക്കാലത്ത് സ്ത്രീകളെയും സിഗററ്റിനെയും ഒരു ഫ്രേമിൽ നിർത്തിക്കൊണ്ട് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു. സ്ത്രീസഹജമായ നന്മയുടെ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായിരുന്നു സിഗററ്റെന്ന ആ ഉത്പന്നം. സ്ത്രീത്വത്തിനും മാതൃത്വത്തിനും ഒക്കെ പിന്തിരിഞ്ഞു നിന്നുകൊണ്ട് മാത്രമേ അന്ന് ഒരു സ്ത്രീയ്ക്ക് സിഗരറ്റ് പുകയ്‌ക്കാൻ സാധിക്കുമായിരുന്നുള്ളൂ.
1929 -ൽ അമേരിക്കൻ ടുബാക്കോ അസോസിയേഷന്റെ പ്രസിഡണ്ടായിരുന്ന ജോർജ് ഹിൽ, സ്ത്രീകൾ എന്ന ഒരു പൊട്ടൻഷ്യൽ മാർക്കറ്റിനെ എങ്ങനെ സിഗരറ്റു വലിപ്പിക്കാം എന്ന ചിന്തയിലായിരുന്നു. ആ പ്രവൃത്തിയെ അസാധ്യമെന്നു തോന്നിപ്പിക്കുന്ന, സിഗരറ്റിന്റെ സ്ത്രീകളിൽ നിന്നും അകറ്റുന്ന ആ ഒരു മാനസികാവസ്ഥയെ മറികടക്കാൻ ഒരു വഴി കണ്ടുപിടിക്കാൻ ജോർജ് ഹിൽ ഏൽപ്പിച്ചത് എഡ്വേർഡ് ബെർണായ്‌സിനെയായിരുന്നു. അന്ന് അമേരിക്കൻ സർക്കാരിന്റെ പൊതുജന സമ്പർക്ക സമിതികളിൽ അംഗമായിരുന്ന ബെർണായ്‌സ് തന്റെ അമ്മാവനായ ഫ്രോയിഡിന്റെ തിയറികൾ പ്രയോഗിച്ചു കൊണ്ട് അമേരിക്കയുടെ യുദ്ധവെറിയ്ക്ക് ന്യായീകരണങ്ങൾ ചമച്ചുകൊണ്ടിരുന്ന കാലമാണ്. ബേക്കണും മുട്ടയും അമേരിക്കക്കാരുടെ സ്ഥിരം ബ്രേക്ക് ഫാസ്റ്റ് ആണെന്ന് സ്ഥാപിക്കുന്ന ഒരു സൈക്കോളജിക്കൽ കാമ്പെയ്ൻ ആരുമറിയാതെ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ബെർണായ്‌സ്. അങ്ങനെ അമേരിക്കയിലെ ജനങ്ങളുടെ മനസ്സിനുള്ളിലെ അബോധകാമനകളെ ഉണർത്തിക്കൊണ്ട് കോർപ്പറേഷനുകൾക്കും രാഷ്ട്രീയക്കാർക്കും വേണ്ട രീതിയിൽ അവരെ മാനിപ്പുലേറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സിഗററ്റുകളും സ്ത്രീകളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ബ്രിൽസ് തിയറി വളരെ രസകരമാണ്. സിഗരറ്റിന്റെ അവർ കാണുന്നത് സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമാണ്. എന്ന് മാത്രമല്ല സിഗരറ്റ് വായിലേക്ക് കൊണ്ടുപോവുന്നത് അധര രതിയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. സിഗരറ്റ് ചുണ്ടിൽ ഇറുക്കിപ്പിടിക്കുമ്പോൾ അത് വായ്ക്കുള്ളിൽ കോശങ്ങളെ ഉത്തേജിപ്പിക്കും. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് സിഗരറ്റിനോട് ഒരു കാമനയുണ്ടാവുക സ്വാഭാവികമാണ്. അധര രതിയുമായി ബന്ധപ്പെട്ട ബ്രില്ലിന്റെ നിരീക്ഷണങ്ങൾ ബെർണായ്‌സിനെ സ്വാധീനിച്ചിരുന്നില്ല. പുരുഷാധികാരത്തോടുള്ള പ്രതിഷേധത്തെ സിഗററ്റുമായി ബന്ധിപ്പിച്ചാൽ കാര്യം നടക്കും എന്ന് ബെർണായ്‌സ് ഉറപ്പിച്ചു.
അടുത്ത ദിവസങ്ങളിലൊന്നിൽ, ന്യൂ യോർക്കിലെ പുരോഗമന വാദികളായ എലീറ്റ് യുവതികളിൽ പലർക്കും മിസ്. ബെർത്താ ഹണ്ട് എന്ന ഒരു യുവതിയിൽ നിന്നും ടെലിഗ്രാം ചെല്ലുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു, " സ്ത്രീ സമത്വത്തിനായി പോരാടുന്നോരേ..! ഞാനും എന്റെ ചില കൂട്ടുകാരികളും ചേർന്ന് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തീപ്പന്തങ്ങളെന്നോണം സിഗററ്റുകളും കത്തിച്ചു പിടിച്ചുകൊണ്ട് ഈസ്റ്റർ ഞായറാഴ്ച ദിവസം വൈകുന്നേരം ഫിഫ്ത് അവന്യൂവിലൂടെ നെഞ്ചും വിരിച്ച് നടന്നു പോവും. കൂടാൻ താത്പര്യമുള്ളവർക്ക് കൂടാം.."
പരിപാടി നടക്കുന്നതിനു മുമ്പ് ഹണ്ട് സെക്രട്ടറിയായി ജോലിനോക്കിയിരുന്നിടത്തുവെച്ച് യുവതികൾ കണ്ടുമുട്ടി. പ്ലാൻ പറഞ്ഞുറപ്പിച്ചു. ബെർണായ്‌സ് ഒരു പബ്ലിക് എക്സ്പെരിമെന്റിനായി വിലയ്‌ക്കെടുത്ത ഏജന്റായിരുന്നു മിസ് ഹണ്ടെന്ന് അവിടെ കൂടിയ ഒരാൾക്ക് പോലും മനസ്സിലായില്ല.
ഈ പരിപാടി നടക്കുന്നതിന്റെ തലേന്ന് ബെർണായ്‌സ് സ്ഥലത്തെ എല്ലാ പത്രസ്ഥാപനങ്ങളിലും ചെന്ന് അടുത്ത ദിവസം തന്നെ സെന്റ് തോമാസ് ചർച്ചിന് മുന്നിൽ നടക്കാനിരുന്ന സിഗരറ്റു കത്തിച്ചുള്ള പ്രകടനത്തെപ്പറ്റി ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. അവർ അന്ന് തങ്ങളുടെ സിഗരറ്റുകൾ വിളിച്ച പേര് 'സ്വാതന്ത്ര്യത്തിന്റെ പന്തം ' എന്നായിരുന്നു.
അങ്ങനെ ഈസ്റ്റർ സൺഡേ ദിവസമെത്തി. രാവിലെ കത്തീഡ്രലിലെ പ്രഭാത കുർബാന കഴിഞ്ഞു പുറത്തിറങ്ങിയ വിശ്വാസികൾ കണ്ടത് പുറത്തെ റോഡിലൂടെ സിഗരറ്റും കത്തിച്ചു പുകച്ചുകൊണ്ട് തലങ്ങും വിലങ്ങും നടന്നുകൊണ്ടിരിക്കുന്ന സ്ത്രീകളെയാണ്. ആ ജനക്കൂട്ടത്തിലെ പലർക്കും ഏറെ അനുഭൂതികരവും, അതേസമയം മറ്റുപലർക്കും വളരെ അരോചകവുമായ ഒരു ദൃശ്യമായിരുന്നു അത്.
അടുത്ത ദിവസം അമേരിക്കയിൽ പുറത്തിറങ്ങിയ എല്ലാ പത്രങ്ങളുടെയും ഒന്നാമത്തെ പേജ് മിസ് ഹണ്ടിന്റെയും മറ്റു യുവതികളുടെയും സിഗരറ്റു പുകയ്ക്കുന്ന ചിത്രങ്ങളായിരുന്നു. ന്യൂ യോർക്ക് ടൈംസ് പത്രത്തിനോട് മിസ് ഹണ്ട് അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു, " നമ്മൾ ഇന്ന് ഒരു വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇതൊരു ചരിത്ര മുഹൂർത്തമാണ്. നാളെ മുതൽ, സ്ത്രീകൾക്ക് സിഗരറ്റുവലി നിഷിദ്ധമാണ് എന്നുള്ള തലത്തിലുള്ള അബദ്ധ ധാരണകൾ മാറും. എല്ലാത്തരത്തിലുള്ള വിവേചനങ്ങൾക്കും ഒരു അറുതി വരും.. "
അടുത്ത മൂന്നു ദിവസം ബെർണായ്‌സ് ഒന്നും പറയാതെ തന്നെ സ്ത്രീകളിൽ പലരും പരസ്യമായി സിഗരറ്റ് വലിച്ചുകൊണ്ട് നാട്ടിലങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആറാഴ്ചകൾക്കകം തന്നെ തിയറ്ററുകൾ സ്ത്രീകൾക്കു മാത്രമുള്ള സിഗരറ്റ് നിരോധനം പിൻവലിച്ചു.
സ്ത്രീകളുടെ പുരോഗാമിത്വത്തെ സിഗററ്റുമായി വളരെ എളുപ്പത്തിൽ ബന്ധിക്കാൻ അങ്ങനെ ബെർണായ്‌സ്നു കഴിഞ്ഞു. ലിംഗഭേദമെന്യേ ആർക്കും സിഗററ്റുവലിക്കാം എന്ന അവസ്ഥ വന്നു. അന്നുവരെ അത്രയ്ക്ക് പ്രാധാന്യമോ സ്വാധീനമോ ഇല്ലാതിരുന്ന സിഗരറ്റ് എന്ന ഒരു ലഹരിപദാർത്ഥത്തിന് അതോടെ വല്ലാത്തൊരു 'സ്വാതന്ത്ര്യ' സൂചകത്വം കൈവന്നു. പുകവലി എന്നത് സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഒരു ചിഹ്നമായി മാറി.അന്നവർ ഒരു കയ്യിൽ സിഗരറ്റും മറ്റേ കയ്യിൽ ഒരു പ്ലകാർഡും പിടിച്ചുകൊണ്ടാണ് നിന്നത്. ആ പ്ലക്കാർഡിൽ ഇങ്ങനെ കുറിച്ചിരുന്നു, " സ്ത്രീകൾ സുന്ദരികളാണ്, തലയിൽ നിലാവെളിച്ചമുള്ള സ്ത്രീകൾ അതിസുന്ദരികളാണ്. സ്വാതന്ത്ര്യമുള്ള സ്ത്രീകളാണ് ലോകത്തിൽ വെച്ചേറ്റവും സുന്ദരികൾ.."
അങ്ങനെ ഇന്നും സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ലോകം മുഴുവൻ ബന്ധപ്പെടുത്തുന്ന, സ്ത്രീകൾക്ക് വിലക്കപ്പെട്ട കനിയായിരുന്ന, പുകവലി എന്ന ശീലം അവരിലേക്ക് ഒരു ഫാഷൻ പോലെ, ഒരു ഭ്രമമെന്ന പോലെ ആവേശിച്ചത് ഒട്ടും സ്വാഭാവികമായിട്ടായിരുന്നില്ല എന്നതാണ് സത്യം. അത് വളരെ കൃത്യമായി പ്ലാൻ ചെയ്ത ഒരു മാനിപ്പുലേഷൻ ആയിരുന്നു. അന്നത്തെ സുന്ദരികളും, വരേണ്യകളുമായ ചില യുവതികൾ ചേർന്ന് അത് ആദ്യമായി ചെയ്തുകാണിച്ചതുകൊണ്ട് അതൊരു ട്രെൻഡ് ആയി. ഇന്നും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യം സ്വപ്നം കാണുന്ന പല യുവതികളും അനുകരിക്കാൻ ശ്രമിക്കുന്ന ഒന്ന്..!